കൊട്ടാരക്കര: നിർമാണം പാതിവഴിയിലായ പുല്ലമ്പിള്ളി-കാരയ്ക്കാട്-പനമൂട്ടിൽ-മലപ്പാറ റോഡ് നന്നാക്കാൻ നടപടിയില്ല. കുളക്കട ഗ്രാമപഞ്ചായത്തിലെ മലപ്പാറ വാർഡിലെ ഉൾനാടൻ ഗ്രാമങ്ങൾ ഉൾപ്പെടുന്ന പ്രദേശമാണിത്. രണ്ട് അംഗൻവാടി ഒഴികെ മറ്റ് പൊതുസ്ഥാപനം വാർഡിലില്ല. ഇവിടെ ഒരു സാംസ്കാരിക കേന്ദ്രം വേണമെന്ന ആവശ്യം വർഷങ്ങളായുണ്ട്.
പലപ്പോഴും ഇത് ചർച്ചകളിൽ സജീവമായെങ്കിലും പച്ചക്കൊടി കാട്ടാൻ അധികൃതർ ഇനിയും തയാറായിട്ടില്ല. മലപ്പാറ ജങ്ഷനിൽ കാത്തിരിപ്പുകേന്ദ്രം വേണമെന്ന ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. മലപ്പാറ പള്ളി ഭാഗത്തുനിന്ന് കുളക്കടയിലെത്തുന്ന പാതയിലൂടെ മുമ്പുണ്ടായിരുന്ന ബസ് സർവിസുകൾ നിലച്ചു. ഈ ഭാഗത്തുള്ളവർക്ക് ബസിൽ കയറണമെങ്കിൽ കുളക്കടയിലോ മലപ്പാറ ജങ്ഷനിലോ എത്തണം.
ഇവിടെ പാതയോരത്ത് മണ്ണ് കൂന കൂട്ടിയിട്ടിരിക്കുന്നത് വലിയ പരാതിക്കിടയാക്കിയിരുന്നു. കഴിഞ്ഞദിവസം മൺകൂനകൾ വശത്തേക്ക് അടുപ്പിച്ചെങ്കിലും യാത്രാബുദ്ധിമുട്ട് പൂർണമായും മാറിയിട്ടില്ല. മലപ്പാറയിലെ പല പാതകളുടെയും കാര്യം പരിതാപകരമാണ്. മലപ്പാറ-കാരയ്ക്കാട് പാത പലയിടത്തും തകർന്നു. ഇതിന്റെ ചില ഭാഗങ്ങളിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. മലപ്പാറ-താഷ്കൻറ് ഭാഗം പാതയുടെ അവസ്ഥയും ഭിന്നമല്ല. നാല് വർഷം മുമ്പ് എം.എൽ.എ ഫണ്ട് ചെലവഴിച്ച് പുല്ലമ്പിള്ളി- കാരയ്ക്കാട്-പനമൂട്ടിൽ-മലപ്പാറ പാത നിർമിച്ചിരുന്നു.
ഏറെ പ്രതീക്ഷയോടെ നിർമിച്ച പാത ഇതുവരെ നാട്ടുകാർക്ക് പ്രയോജനപ്പെട്ടിട്ടില്ല. മണ്ണ് നിരപ്പാക്കിയ പാതയിൽ കുറച്ചുഭാഗത്തുമാത്രമാണ് കോൺക്രീറ്റ് നടന്നത്. ബാക്കിഭാഗത്ത് ചളികയറി കാടുമൂടി കാൽനടപോലും അസാധ്യമാണ്. പാതയുടെ നവീകരണം ഉടൻ നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.