കൊട്ടിയം: അർധരാത്രിയിൽ കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന ഭിന്നശേഷിക്കാരിയായ വയോധികയെ കടത്തിക്കൊണ്ടുപോയി ഉപദ്രവിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ചു. കൈക്കും തലക്കും പരിക്കേറ്റ് അർധനഗ്നയായ നിലയിൽ കണ്ടെത്തിയ വയോധികയെ കൊട്ടിയം പൊലീസ് സ്റ്റേഷനിലെത്തിച്ച് പരാതി നൽകിയിട്ടും വയോധികയുടെ മൊഴി രേഖപ്പെടുത്തുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ലെന്ന് ആരോപണം.
ദേശീയപാതയിൽ രാത്രിയിലും പകൽപോലെ വെളിച്ചമുള്ള, പൊലീസിന്റെ സാന്നിധ്യമുള്ള കൊട്ടിയം ജങ്ഷന്റെ ഹൃദയഭാഗത്തായുള്ള കടയുടെ തിണ്ണയിൽ അന്തിയുറങ്ങുന്ന വയോധികക്ക് നേരെയാണ് ക്രൂരത നടന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഇവരുടെ മകളെത്തി വയോധികയെ ആശുപത്രിയിൽ എത്തിച്ചശേഷം കൊട്ടിയം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. സമീപത്തെ സി.സി.ടി.വി കാമറയിൽ ആക്രമണത്തിന്റെ വ്യക്തമായ ദൃശ്യം ഉണ്ടെങ്കിലും കുറ്റവാളികളെ കണ്ടെത്തി നിയമ നടപടികളെടുക്കാൻ പൊലീസ് മുതിരുന്നില്ലെന്നാണ് ആക്ഷേപമുയരുന്നത്.
വ്യാഴാഴ്ച അർധരാത്രിയിലായിരുന്നു കടത്തിണ്ണയിൽനിന്നും വയോധികയെ കടത്തിക്കൊണ്ടുപോയത്. പുലർച്ചെ ഒരു കിലോമീറ്റർ അകലെയുള്ള സിത്താര ജങ്ഷനിൽ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അർദ്ധനഗ്നയായി കിടന്ന ഇവരെ സമീപത്തെ ക്ഷേത്ര പൂജാരിയും ഓട്ടോ ഡ്രൈവറുമാണ് കണ്ടത്. സംഭവമറിഞ്ഞ് മകളെത്തി സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
തലയിലേറ്റ ഗുരുതര മുറിവിൽ നിരവധി തുന്നലിട്ടു. തുടർന്ന് രാവിലെ മകൾ കൊട്ടിയം പൊലീസിന് പരാതി നൽകി. ഓട്ടോയിൽ വയോധികയെ സ്റ്റേഷനിലെത്തിച്ച് പൊലീസ് ഉദ്യോഗസ്ഥർ വയോധികയെ നേരിൽ കണ്ട് സംഭവം ബോധ്യപ്പെട്ടതായി മകൾ പറയുന്നു. എന്നിട്ടും പൊലീസ് കുറ്റവാളികളെ പിടികൂടാൻ നടപടികളെടുക്കുന്നില്ലെന്നാണ് ആക്ഷേപം. പ്രശ്നം ഒത്തുതിർപ്പാക്കാനും കുറ്റവാളികളെ രക്ഷപ്പെടുത്താനും നീക്കം നടക്കുന്നതായി പരാതിയുണ്ട്. സംഭവത്തെ കുറിച്ച് പ്രതികരിക്കുന്നതിന് കൊട്ടിയം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.