കൊട്ടിയം: പണം കടംകൊടുക്കാത്തതിന്‍റെ പേരിൽ വീട്ടമ്മയെ കഴുത്തിൽ കയർ കുരുക്കി കൊലപ്പെടുത്താൻ ശ്രമം. കഴുത്തിൽ കയർ കുരുക്കുന്നതിനിടെ അബോധാവസ്ഥയിലായ വീട്ടമ്മയുടെ മൂന്നര പവൻ വരുന്ന സ്വർണമാലയുമായി മോഷ്ടാവ് കടന്നു.
ഗുരുതരാവസ്ഥയിലായ വീട്ടമ്മയെ അയത്തിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിനു ശേഷം കടന്ന പ്രതിയെ മണിക്കൂറുകൾക്കകം കൊട്ടിയം പൊലീസ് പിടികൂടി. ഹരിപ്പാട് സ്വദേശിയും നിരവധി കേസുകളിൽ പ്രതിയുമായ വേണുവാണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചേകാലോടെ മുഖത്തലയിലായിരുന്നു സംഭവം. തൃക്കോവിൽവട്ടം വില്ലേജ് ഓഫിസിന് സമീപം മുഖത്തല സജി ഭവനിൽ സാവിത്രിയമ്മയെയാണ് (67) കൊലപ്പെടുത്തി കൊള്ളയടിക്കാൻ ശ്രമം നടന്നത്.
കോവിഡ് ആരംഭകാലത്തെ ലോക് ഡൗൺ സമയത്ത് മത്സ്യവിൽപനക്കായി ഇവിടെ എത്തിയ പ്രതി വെള്ളിയാഴ്ച രാവിലെ 10ന് സാവിത്രിയമ്മയുടെ വീട്ടിലെത്തി മകൻ സജിയോട് 500 രൂപ കടമായി ആവശ്യപ്പെട്ടു. കൈയിൽ പണമില്ലെന്ന് സജി പറഞ്ഞതിനെ തുടർന്ന് അവിടെ നിന്നും പോയ വേണു വൈകിട്ട് വീണ്ടുമെത്തുകയായിരുന്നു. വീട്ടിൽ വെറെ ആരുമില്ലെന്ന് ഉറപ്പാക്കിയശേഷം ചൂടുവെള്ളം ആവശ്യപ്പെടുകയും വെള്ളമെടുക്കാൻ അടുക്കളയിലേക്ക് പോകുകയായിരുന്ന സാവിത്രിയമ്മയുടെ കഴുത്തിൽ കയർ മുറുക്കുകയായിരുന്നു. തന്നെ കൊല്ലരുതെന്നും മാല ഊരി നൽകാമെന്നും പറഞ്ഞിട്ടും കൊലപാതകശ്രമം തുടരുകയായിരുന്നു.
കഴുത്തിൽ കയർ കുരുക്കുന്നതിനിടെ ഇവർ ബോധരഹിതയായി വീണതോടെ പ്രതി രക്ഷപെടുകയായിരുന്നു.
സംഭവം കണ്ട പരിസരവാസി ഇവരെ ഉടൻതന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇയാളുടെ വിവരണത്തിൽനിന്ന് മോഷ്ടാവിനെ സംബന്ധിച്ച് വ്യക്തത വരുത്തിയ പൊലീസ് ഇയാളെ കണ്ണനല്ലൂർ പഴങ്ങാലത്തുനിന്ന് പിടികൂടുകയായിരുന്നു. വീട്ടമ്മയിൽനിന്ന് അപഹരിച്ച സ്വർണമാല വിറ്റതായി പൊലീസിന് വിവരം ലഭിച്ചു.
ഹരിപ്പാട് ഒരു സ്ത്രീയെ കൊലപ്പെടുത്തിയ കേസിലും ചിറയിൻകീഴ് രണ്ടു മോഷണക്കേസുകളിലും പ്രതിയാണ് ഇയാൾ. ചാത്തന്നൂർ എ.സി.പി ബി. ഗോപകുമാറിന്റെ മേൽനോട്ടത്തിൽ കണ്ണനല്ലൂർ ഇൻസ്പെക്ടർ യു.പി. വിപിൻകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുജിത് ജി. നായർ, ഷിഹാസ്, അബ്ദുൽ റഹീം, അഷ്ടമൻ, എ.എസ്.ഐ സുനിൽകുമാർ, സി.പി.ഒമാരായ സാംജി ജോൺ, അനൂപ്, മുഹമ്മദ് നജീബ്, ചന്ദു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.