കൊട്ടിയം: ദേശീയപാത നിർമാണം ആറുവരിപ്പാതയിൽ പുരോഗമിക്കുമ്പോൾ ജനങ്ങൾക്കാവശ്യമായ അടിസ്ഥാനസൗകര്യം ഒരുക്കുന്നതിൽ സംസ്ഥാന സർക്കാറിന്റെയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ ഇടപെടലില്ലെന്ന പരാതി വ്യാപകം. സർവിസ് റോഡുകളുടെ നിർമാണം പൂർത്തിയായ സ്ഥലങ്ങളിൽ വാഹനങ്ങൾ അതുവഴി തിരിച്ചുവിടുമ്പോൾ റോഡിന്റെ വശങ്ങളിൽ വാഹന പാർക്കിങ്ങിനുള്ള സ്ഥലമോ ബസ് ബേയോ ഉണ്ടാക്കിയിട്ടില്ല. അതിനായി വീണ്ടും സ്ഥലം ഏറ്റെടുക്കുമെന്നാണ് പറയുന്നത്. ഇത് നിലവിൽ സ്ഥലം വിട്ടുകൊടുത്തവരെ പ്രതിസന്ധിയിലാക്കുന്നു. എവിടെയാണ് ഇവ വരുകയെന്ന് ആർക്കും അറിയാത്ത അവസ്ഥ.
ദേശീയപാതക്കായി സ്ഥലം വിട്ടുകൊടുത്തവർ അവശേഷിച്ച സ്ഥലത്ത് കെട്ടിടങ്ങളും കടകളും നിർമിച്ചപ്പോഴാണ് ഇടിത്തീപോലെ വീണ്ടും ഏറ്റെടുക്കൽ. പ്രധാന റോഡിൽ നിന്ന് സർവിസ് റോഡിലേക്ക് കയറുന്നതിന് സംവിധാനം എവിടെയൊക്കെയുണ്ടെന്ന് അറിയാത്ത അവസ്ഥ. ദേശീയപാതയിൽനിന്ന് പ്രധാന സ്ഥലങ്ങളിലേക്കുള്ള റോഡുകളിലേക്കുള്ള വഴികൾ എവിടെനിന്നെന്ന് സമീപത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും അറിയില്ല. വേണ്ട സ്ഥലങ്ങളിൽ അടിപ്പാത നിർമിച്ചിട്ടുമില്ല. റോഡിന്റെ സ്ഥിതി നിർമാണം പൂർത്തിയാകുമ്പോൾ അറിയാമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപന അധികാരികൾ പറയുന്നു. വിരലിലെണ്ണാവുന്ന ഭാഗങ്ങളിൽ മാത്രമാണ് എക്സിറ്റ്, എൻട്രി സൗകര്യമിട്ടിട്ടുള്ളത്. ഇവയ്ക്കായി ഒരു സമ്മർദവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
ആറുവരിപ്പാതയുടെ അനുബന്ധ സൗകര്യങ്ങളായി ഒട്ടേറെ പദ്ധതികൾ ദേശീയപാത അതോറിറ്റി വിഭാവനം ചെയ്യുന്നുണ്ട്. വിശാലമായ വിശ്രമകേന്ദ്രം, വാഹനങ്ങൾ ഒതുക്കി ഉറങ്ങുന്നതിനുള്ള കേന്ദ്രങ്ങൾ, മെഡിക്കൽ സൗകര്യം, ഇൻഫർമേഷൻ സെന്റർ, പൊലീസ് എയ്ഡ് പോസ്റ്റ് അങ്ങനെ ഒട്ടേറെ പദ്ധതികളുണ്ട്. ഇതിലൊന്നുംതന്നെ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ ജില്ലയിലെ ജനപ്രതിനിധികളോ അഭിപ്രായം പറഞ്ഞിട്ടില്ല. ആറുവരിപ്പാതപദ്ധതിയുടെ വിശദാംശം ആവശ്യപ്പെട്ട് ജനപ്രതിനിധിൾ ദേശീയപാത അതോറിറ്റിയെ സമീപിച്ചിട്ടില്ല. റോഡിന്റെ പുനർനിർമാണം ചിലയിടങ്ങളിൽ ഇഴഞ്ഞുനീങ്ങുകയുമാണ്.
ഓട നിർമാണത്തിനെടുത്ത കുഴികൾ വ്യാപാരസ്ഥാപനങ്ങൾ, ആശുപത്രി എന്നിവക്ക് മുന്നിൽ മൂടാതെ കിടപ്പുണ്ട്. സർവിസ് റോഡ് വഴി വാഹനങ്ങൾ കടത്തിവിടുന്ന സ്ഥലങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. സർവിസ് റോഡിൽ ബസുകൾ നിർത്തി യാത്രക്കാരെ കയറ്റിയിറക്കാൻ സൗകര്യമില്ലാത്തതിനാൽ ബസുകൾ നിർത്തുമ്പോൾ പിന്നിൽവാഹനങ്ങളുടെ നീണ്ട നിരയാണ്. ഓട്ടോ, ടാക്സി സ്റ്റാൻഡുകൾക്കും സ്ഥലമില്ലാത്ത അവസ്ഥയാണ്. റോഡ് നിർമാണത്തോടൊപ്പം അടിസ്ഥാനസൗകര്യം ഒരുക്കുന്നതിന് ജനപ്രതിനിധികളുടെ അടിയന്തര ഇടപെടൽ എന്ന ആവശ്യമാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.