പുല്ലിച്ചിറ, കാക്കോട്ടുമൂല ഭാഗങ്ങളിൽ കുടിവെള്ളം കിട്ടാക്കനി

കൊട്ടിയം: മയ്യനാട് പഞ്ചായത്തിൽപെട്ട പുല്ലിച്ചിറ, കാക്കോട്ടുമൂല, ധവളക്കുഴി, നടുവിലക്കര ഭാഗങ്ങളിൽ ആവശ്യത്തിന് കുടിവെള്ളം ലഭ്യമാകാത്തതിനാൽ ജനം ദുരിതത്തിൽ. വാട്ടർ അതോറിറ്റിയുമായി പൊതുപ്രവർത്തകരും നാട്ടുകാരും പലതവണ ബന്ധപ്പെട്ടെങ്കിലും മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

പഞ്ചായത്തിൽ പുതുതായി നിരവധി കണക്ഷനുകൾ നൽകേണ്ടി വന്നതിനാലാണ് ഈ പ്രദേശങ്ങളിൽ ആവശ്യത്തിന് കുടിവെള്ളം ലഭ്യമാകാത്തതെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. ജപ്പാൻ കുടിവെള്ള പദ്ധതിയിൽനിന്നാണ് ഇവിടെ കുടിവെള്ളം ലഭിക്കുന്നത്. പദ്ധതി വരുന്നതിന് മുന്നോടിയായി പ്രദേശത്തെ വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസുകളെല്ലാം അടച്ചുപൂട്ടിയിരുന്നു. ഈ പമ്പ് ഹൗസുകൾ ഇപ്പോൾ അനാഥമായി കിടക്കുകയാണ്.

ഇവിടെ പമ്പിങ് ഉണ്ടായിരുന്നപ്പോൾ പ്രദേശവാസികൾക്ക് ആവശ്യത്തിന് കുടിവെള്ളം ലഭിച്ചിരുന്നു. വാട്ടർ അതോറിറ്റിയിൽനിന്ന് കുടിവെള്ളം കിട്ടാതായതോടെ വെള്ളം വിലക്കുവാങ്ങേണ്ട സ്ഥിതിയാണ്. പല വീടുകളിലും കിണറില്ലാത്ത അവസ്ഥയുമുണ്ട്.

വാട്ടർ അതോറിറ്റിയിൽനിന്ന് ലഭിക്കുന്ന വെള്ളമാണ് ഇവർക്ക് ആശ്രയം. പ്രദേശത്ത് കുടിവെള്ളം ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ കൊട്ടിയം വാട്ടർ അതോറിറ്റി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ക്രിസ്റ്റി വിൽഫ്രഡ് ആവശ്യപ്പെട്ടു.

Tags:    
News Summary - Drinking water is scarce in Pullichira and Kakkotumula areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.