കൊട്ടിയം: മയ്യനാട് പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകളിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് അടിയന്തര പരിഹാരമെന്ന ആവശ്യവുമായി പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ കൊട്ടിയം വാട്ടർ അതോറിറ്റി ഓഫിസിൽ ഉപരോധസമരം നടത്തി. കടമ്പാട്ടുമുക്ക്, പാർക്ക് മുക്ക്, പന്നിമൺ, പീടികമുക്ക് ഭാഗങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായിട്ടുള്ളത്. ഇവിടങ്ങളിലെ കിണറില്ലാത്ത മുന്നൂറോളം കുടുംബങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് വാട്ടർ അതോറിറ്റിയുടെ പൈപ്പ് വെള്ളത്തെയാണ്.
ഒന്നാം വാർഡിലുള്ള കോട്ടമുറി പമ്പ് ഹൗസിൽ നിന്നുള്ള വെള്ളമാണ് ഇവിടെ ലഭിച്ചുകൊണ്ടിരുന്നത്. ഈ പമ്പ് ഹൗസിൽ നിന്ന് അടുത്ത പഞ്ചായത്ത് പ്രദേശത്തേക്ക് വെള്ളം വിതരണം ചെയ്തതിനെ തുടർന്നാണ് ഒന്നും, രണ്ടും വാർഡുകളിലുള്ളവർക്ക് കുടിവെള്ളം മുടങ്ങിയത്. വാർഡിൽ പല സ്ഥലത്തുമുള്ള ജപ്പാൻ കുടിവെള്ള പദ്ധതിയുടെ വാൽവ് അടച്ച് വെള്ളം പലവഴിക്ക് വിടാൻ തുടങ്ങിയതും വാർഡുകളിൽ കുടിവെള്ള ക്ഷാമത്തിന് കാരണമായി.
ഉപരോധവിവരമറിഞ്ഞ് വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടിവ് എൻജിനീയർ പഞ്ചായത്ത് അംഗങ്ങളുമായി ചർച്ച നടത്തി. പ്രശ്നത്തിന് ഉടൻ പരിഹാരം ഉണ്ടാക്കാമെന്ന് ഉറപ്പുനൽകിയതിനെ തുടർന്നാണ് സമരം അവസാനിച്ചത്.മയ്യനാട് പഞ്ചായത്ത് അംഗങ്ങളായ നാസർ, ഉമയനല്ലൂർ റാഫി, കോൺഗ്രസ് നേതാക്കളായ സജീവ് ഖാൻ, ഇനാബ്, ആനന്ദൻ, സന്തോഷ്, സജീവ്, നൗഷാദ്, സമദ്, ലൈല, ഉഷ, രാഗിണി, വൽസല എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.