കൊട്ടിയം: തൃക്കോവിൽവട്ടം പഞ്ചായത്തിലെ ചെറിയേല വാർഡിൽ പഴഞ്ഞിയിൽ ഭാഗത്ത് കഴിഞ്ഞ രാത്രിയിലെ മഴയിൽ അഞ്ച് വീടുകൾ വെള്ളത്തിലായി. ചെറിയേല പഴഞ്ഞിയിൽ കാവിൽ സരസ്വതിയുടെ വീട്, ലക്ഷ്മി ഭവനിൽ അർജുനൻ, നെസ്മി മൻസിലിൽ നജീബ്, ബാബു വിലാസത്തിൽ ചിന്നു, വിനോദ് ഭവനിൽ വിനോദ് എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്.
തുടർന്ന് മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. സജീവിന്റെയും സി.പി.ഐ തൃക്കോവിൽവട്ടം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. മനോജ് കുമാർ, ബ്രാഞ്ച് സെക്രട്ടറി വിശ്വനാഥൻ, മധുസൂദനപിള്ള, സുനി എന്നിവരുടെ നേതൃത്വത്തിൽ മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ വെള്ളം ഒഴുക്കിവിടാനുള്ള ശ്രമം ആരംഭിച്ചു.
രാവിലെ തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലജകുമാരിയും തൃക്കോവിൽവട്ടം വില്ലേജ് ഓഫിസറും സ്ഥലത്തെത്തിയിരുന്നു. രണ്ടുവർഷമായി ഈ പ്രദേശത്ത് വെള്ളം കയറുന്ന സ്ഥിതിയാണ്.
ഇതിന് ശാശ്വതപരിഹാരം ഓട നിർമിച്ച് പെരിങ്കുളം ഏല ഭാഗത്തേക്ക് വെള്ളം ഒഴുക്കിവിടുക എന്നുള്ളതാണെന്ന് പ്രദേശവാസികൾ പറയുന്നു. 30 ലക്ഷം രൂപയെങ്കിലും ചെലവാകുന്ന ഈ നിർമാണത്തിന് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിന് എം.എൽ.എയെ സമീപിക്കുമെന്ന് എം. സജീവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.