കൊട്ടിയം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശൗചാലയ മാലിന്യം ടാങ്കറുകളിൽ കൊണ്ടുവന്ന് ഒഴുക്കിവിടുന്ന സംഘങ്ങൾ സജീവമായിട്ടും നടപടിയെടുക്കാതെ അധികൃതർ. ജനവാസ മേഖലകളിലും ജലാശയങ്ങളിലും തീരദേശത്തും ആളൊഴിഞ്ഞ ഭാഗങ്ങളിലും ദിവസവും നൂറു കണക്കിന് ലോറികളിലാണ് ശൗചാലയ മാലിന്യം ഒഴുക്കിവിടുന്നത്.
രാത്രിയുടെ മറവിലും മഴയത്തുമാണ് മാലിന്യം തള്ളുന്നത്. ഇതുമൂലം പലയിടത്തും ജനം ബുദ്ധിമുട്ടിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി ആദിച്ചനല്ലൂർ പഞ്ചായത്തിലെ കൈതക്കുഴിയിൽ മാലിന്യം ഒഴുക്കിയതിനെതിരെ ജനങ്ങൾ ശക്തമായ പ്രതിഷേധമുയർത്തിയിരുന്നു.
സ്ഥിരമായി മാലിന്യമൊഴുക്കുന്നതു മൂലം വീടുകളിലെ കിണറ്റിലും കക്കൂസ് മാലിന്യം കലര്‍ന്നത് മൂലം കിണറുകൾ നാട്ടുകാർ ശുചീകരിക്കുകയായിരുന്നു. പുറത്തുനിന്നുള്ള എന്നാൽ, സ്ഥലത്തെക്കുറിച്ച് നല്ല വ്യക്തമായി അറിയുന്ന ആളുകളാണ് ഇതിനു പിന്നിലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. കൃത്യമായ പ്ലാനിങ്ങോടെയാണ് സാമൂഹിക വിരുദ്ധർ കക്കൂസ് മാലിന്യം തള്ളുന്നത്.
ആദ്യം ഇവരുടെ പൈലറ്റ് വാഹനം എത്തി സ്ഥലത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയിട്ടാണ് കൃത്യം നടത്തുന്നത്. ഇവർ വിളിച്ച് അറിയിക്കുന്നതനുസരിച്ച് പിന്നാലെ മാലിന്യവുമായി ടാങ്കര്‍ ലോറി എത്തിച്ചേരും. തുടർന്ന് ഇതിന്റെ വലിയ വാല്‍വ് തുറന്നാണ് മാലിന്യം തള്ളുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട് ഇവരെ മറ്റേതെങ്കിലും വാഹനത്തില്‍ പിന്തുടരാൻ ശ്രമിച്ചാൽ അവരെ മറ്റൊരു വാഹനം വെച്ച് തടഞ്ഞ് രക്ഷപ്പെടാനുള്ള അവസരം ഒരുക്കി കൊടുക്കുകയും ചെയ്യും. ഇത്തരക്കാർക്കെതിരെ പൊലീസിൽ പലപ്പോഴായി പരാതി നൽകിയെങ്കിലും വേണ്ട പരിഗണന അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.
കക്കൂസ് മാലിന്യം ഒഴുക്കുന്ന നൂറു കണക്കിന് ടാങ്കർ ലോറികൾ കൊല്ലം ജില്ലയിലുണ്ട്. ഇവയുടെ പൂർണവിവരങ്ങൾ പൊലീസിന്റെ കൈവശവും ഉണ്ട്. പക്ഷേ, ഒരുവിധ നിയമനടപടികളും ഇവരുടെ നേരെ പൊലീസ് പ്രയോഗിക്കില്ല എന്നത് ഈ മാഫിയ സംഘങ്ങൾ തഴച്ചു വളരുന്നതിന് കാരണമാകുന്നു. തിരുവനന്തപുരം ജില്ലയിലെ വിലാസത്തിൽ വരുന്ന പരസ്യം നോക്കി ബന്ധപ്പെട്ടാൽ 10 മിനിറ്റിനുള്ളിൽ ടാങ്കർ ലോറി വീട്ടു മുറ്റത്ത് നിൽക്കുമെന്ന് നാട്ടുകാർ പറയുന്നു. ഒരു വീട്ടിൽനിന്നും മലിനജലം എടുത്താൽ ഒരു കിലോമീറ്റർ ചുറ്റളവിൽ ഒഴുക്കിക്കളഞ്ഞ് അടുത്ത സ്ഥലത്തേക്ക് പോകുകയാണ് ഇവർ ചെയ്യുന്നത്.
കൊല്ലം, തിരുവനന്തപുരം ദേശീയപാതയിൽ ഇത്തിക്കരയാറ്റിലേക്ക് ദിവസവും അഞ്ചു മുതൽ 10 ലോഡ് വരെ കക്കൂസ് മാലിന്യം തള്ളുന്നുണ്ട് എന്ന് പൊലീസ് തന്നെ സമ്മതിക്കുന്നു. കൊല്ലം കോർപറേഷൻ പരിധിയിൽനിന്നുള്ളതാണ് ഭൂരിഭാഗം ലോഡും. ദേശീയപാതയിൽ ഇത്തിക്കരയിൽനിന്നും റോഡിന്റെ തെക്ക് ഭാഗത്ത് കൂടി പാലമുക്ക് റോഡിൽ അകത്തോട്ട് മാറിയാണ് കൂടുതലും മാലിന്യം തള്ളുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.