കൊട്ടിയം: തൃക്കോവിൽവട്ടം പഞ്ചായത്തിലെ മൈലാപ്പൂർ വാർഡിലെ പുതുച്ചിറയിൽ കനത്ത മഴയിൽ നിരവധി വീടുകളിൽ വെള്ളം കയറി. പലരും വീടുകളിൽ നിന്ന് ഒഴിഞ്ഞുപോയി, ചിലർ കുടുങ്ങുകയും ചെയ്തു. പെരുംകുളം ഏലായുടെ കരയിലുള്ള വീടുകളിലാണ് വെള്ളം കയറിയത്.
വീട്ടുപകരണങ്ങൾ നശിക്കുകയും വാഹനങ്ങൾ പുറത്തേക്കിറക്കാൻ പറ്റാത്ത അവസ്ഥയിലുമാണ്. ഒട്ടുമിക്ക ഇടങ്ങളിലും വീടുകളിലേക്കുള്ള വഴി മുഴുവൻ വെള്ളം നിറഞ്ഞുകിടക്കുകയാണ്. നൂറോളം വീടുകളിലാണ് വെള്ളം കയറിയത്. പലരും ബന്ധുവീടുകളിലാണ് അഭയം തേടിയത്.
പുതുച്ചിറ പെരുങ്കുളം ശിവക്ഷേത്രത്തിന് അടുത്ത് രാജസദനത്തിൽ രാജുവിന്റെ വീട്ടിൽ മുഴുവനായും വെള്ളം കയറി വീട്ടുസാധനങ്ങൾ എല്ലാം മുങ്ങി. ചൂരാങ്ങൽ ആറിന്റെ പുനർനിർമാണവും ബൈപാസ് റോഡിലെ പാലങ്ങളുടെ നിർമാണവുമാണ് വെള്ളം കയറാൻ കാരണമായത്. ആറ് വൃത്തിയാക്കുന്നതിനായി വശങ്ങളിൽ വലിയ രീതിയിൽ വഴി ഉണ്ടാക്കി ആറ്റുതീരം വെട്ടി പൊളിച്ചതാണ് വെള്ളം കയറിയതിന്റെ ഒരു കാരണം.
ബൈപാസ് റോഡ് പുനർനിർമാണത്തിന്റെ ഭാഗമായി അയത്തിൽ ഭാഗത്ത് മൂന്ന് പാലങ്ങൾ നിർമിക്കുന്നതിന് വേണ്ടി ആറ്റിൽ തടയണകെട്ടി വെള്ളം തടഞ്ഞു വെച്ചത് പുതുച്ചിറ മേഖലയിൽ വെള്ളം കയറുവാൻ ഇടയാക്കി. പല വീടുകളിലും വെള്ളത്തോടൊപ്പം ഇഴജന്തുക്കളും കുളയട്ടയും കയറിയിട്ടുണ്ട്.
രക്തം കുടിക്കുന്ന രീതിയിലുള്ള കുളയട്ട വീട്ടുകാർക്ക് ഭീഷണിയായി. ഗ്രാമപഞ്ചായത്ത് അംഗം ഷാജഹാന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. വെള്ളത്തിന്റെ കുത്തൊഴുക്കിൽപ്പെട്ട് ചെറിയ റോഡുകൾ പലതും നശിച്ച നിലയിലാണ്.
ഇത്രയധികം വീടുകളിൽ വെള്ളം കയറിയിട്ടും റവന്യൂ അധികൃതർ ഇവിടേക്ക് തിരിഞ്ഞുനോക്കിയില്ലെന്ന് ആക്ഷേപവും ഉയരുന്നുണ്ട്. ബൈപാസിൽ പാലം നിർമിക്കുന്ന സ്ഥലങ്ങളിൽ സുഗമമായിവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം ഉണ്ടാക്കുവാൻ അടിയന്തര നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.