കൊട്ടിയം: സ്വയം നിർമിച്ച മൾട്ടി പർപ്പസ് ഡ്രോണിന്റെ വിജയപ്പറക്കൽ പൂർത്തിയാക്കിയ സന്തോഷത്തിലാണ് കൊട്ടിയം ശ്രീനാരായണ പൊളി ടെക്നിക്കിലെ മെക്കാനിക്കൽ വിഭാഗം മൂന്നാം വർഷ വിദ്യാർഥിയായ വൈഷ്ണവ് വിനോദ്.
ഉന്നത നിയന്ത്രണവും നാവിഗേഷനും കരുത്തുറ്റ ഫ്ലൈറ്റ് കോൺട്രോളുമാണ് ഡ്രോണിന്റെ സവിശേഷതകൾ. 1.2 കിലോയാണ് കെ ഭാരമെങ്കിലും മൂന്ന് കിലോ വരെ ഭാരമുള്ള സാധനങ്ങൾ വഹിക്കാൻ ഡ്രോണിന് സാധിക്കും. ഇതേ മാതൃകയിലുള്ള മറ്റ് ഡ്രോണുകൾക്ക് 5-12 മിനിറ്റ് വരെ മാത്രം പറക്കൽ സമയം ലഭിക്കുമ്പോൾ ഒന്നര മണിക്കൂർ ചാർജ് ചെയ്താൽ 17-20 മിനിട്ടുവരെ പറക്കാനുള്ള ശേഷി ഇതിനുണ്ട്.
നാന്നൂറില്പരം തവണ ചാർജ് ചെയ്യാൻ സാധിക്കുന്ന ലിഥിയം പോളിമർ, ലിഥിയം അയോൺ ബാറ്ററികളാണ് ഉപയോഗിച്ചിരിക്കുന്നത്. ഓട്ടോ പൈലറ്റ് സംവിധാനം ഒരുക്കിയിരിക്കുന്നതിനാൽ മുൻകൂട്ടി തയാറാക്കിയ പ്രോഗ്രാം പ്രകാരം പറക്കാനും തിരികെയിറങ്ങാനും ഡ്രോണിന് കഴിയും. പറക്കേണ്ട സമയം, വഴി, വേഗത ഉൾപ്പടെയുള്ളവ ഇതിന്റെ ഭാഗമായി നിയന്ത്രിക്കാനും പറ്റും തോട്ടങ്ങളിൽ കീടനാശിനി തളിക്കാനുൾപ്പെടെയുള്ള ഉപയോഗങ്ങൾ ഇതിലൂടെ സാധ്യമാകും
സാങ്കേതിക വിദ്യഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ കോളജിൽ പ്രവർത്തിക്കുന്ന ഇൻഡസ്ട്രി ഓൺ കാമ്പസിന്റെ ഭാഗമായി, ഇന്നവേഷൻ ആൻഡ് എന്റർപ്രണർഷിപ് ഡെവലപ്മെന്റ് സെൻററിന്റെയും എന്റർപ്രണർഷിപ് ഡെവലപ്മെൻറ് ക്ലബിന്റെയും നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.
കുണ്ടറ കാഞ്ഞിരകോട് മംഗലശ്ശേരി വീട്ടിൽ വി വിനോദ്-സിനി വിനോദ് ദമ്പതികളുടെ മകനാണ് വൈഷ്ണവ്. ഗൈഡായ സനിൽ കുമാറും വകുപ്പ് മേധാവി വിനോദ് കുമാറും കോളജ് പ്രിൻസിപ്പൽ വി. സന്ദീപും അധ്യാപകനായ എസ്. അനീഷും പിന്തുണയും നിർദേശങ്ങളുമായി ഒപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.