കൊട്ടിയം: തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ അഞ്ചുമാസക്കാലമായി ഹരിത കർമ സേനയുടെ നേതൃത്വത്തിൽ ശേഖരിക്കുന്ന മാലിന്യങ്ങൾ സംസ്കരിക്കാതെ പഞ്ചായത്തിന്റെ മുക്കിലും മൂലയിലും കൂട്ടിയിടുന്നതിൽ പ്രതിഷേധം ശക്തമായി.
പ്രതിപക്ഷ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ശേഖരിച്ചുവെച്ചിരുന്ന മാലിന്യങ്ങൾ വണ്ടികളിൽ കൊണ്ടുവന്ന്, പഞ്ചായത്തിന്റെ കോമ്പൗണ്ടിന് ഉള്ളിലും പഞ്ചായത്തിന്റെ മുന്നിലും നിക്ഷേപിച്ചാണ് പ്രതിഷേധിച്ചത്.
ഇടത് ഭരിക്കുന്ന തൃക്കോവിൽവട്ടം പഞ്ചായത്തിൽ ഹരിത കർമ്മ സേനയിൽ നടത്തിയ അനധികൃത നിയമനം പ്രതിപക്ഷ കക്ഷികൾ ചോദ്യം ചെയ്തിരുന്നു. ഈ നിയമനത്തിൽ ഘടകകക്ഷിയായ സി.പി.ഐയും വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. പ്രതിപക്ഷ അംഗങ്ങൾ കലക്ടർക്കും പഞ്ചായത്ത് ജോയിന്റ് ഡയറക്ടർക്കും ഇതുമായി ബന്ധപ്പെട്ട് പരാതി നൽകുകയും, അടിയന്തരമായി മാലിന്യങ്ങൾ സംഭരിക്കുവാൻ തയ്യാറാവണമെന്ന് കാണിച്ച് പഞ്ചായത്തിന് കത്ത് നൽകിയിട്ടും നടപടിയും ഉണ്ടായില്ലായെന്ന് സമരക്കാർ പറഞ്ഞു. ഇതേത്തുടർന്ന് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ലോഡ് കണക്കിന് മാലിന്യം പഞ്ചായത്തിന്റെ മുന്നിലേക്ക് കൊണ്ടുവരികയായിരുന്നു.
പ്രതിഷേധം ഡി.സി.സി ജനറൽ സെക്രട്ടറിയും മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഫൈസൽ കുളപ്പാടം ഉദ്ഘാടനം ചെയ്തു. തൃക്കോവിൽവട്ടം ബ്ലോക്ക് പ്രസിഡന്റ് എ. എൽ നിസാമുദ്ദീൻ അധ്യക്ഷത വഹിച്ചു.
അടിയന്തരമായി മാലിന്യങ്ങൾ മാറ്റുവാൻ തയ്യാറായില്ല എങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും എന്നും ഫൈസൽ കുളപ്പാടം പറഞ്ഞു. ബൈജു, അലിയാരു കുട്ടി,കെ. ആർ സുരേന്ദ്രൻ, പി. അബ്ദുൽ ഗഫൂർ ലബ്ബ, ഷാജഹാൻ, ബിനി തോമസ്, സുനിത, മോനിഷ, സീത ഗോപാൽ,ഷെഫീഖ് ചെന്താപ്പൂര്, ആഷിക് ബൈജു,
ഫസലുദ്ദീൻ, ഗോപിനാഥപിള്ള മുഖത്തല റഹീം, ഫിറോസ സമദ്,യഹിയ കുന്നുവിള, പേരയം വിനോദ്,അതുൽ പള്ളിമൺ, ഷറഫ്,ജയൻ,സുനിൽദാസ്,സജീവ്,നൗഷാദ്,ഷിഹാബുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.