കൊട്ടിയം: കടബാധ്യതയും രോഗങ്ങളും മൂലം ദുരിതത്തിലായ ഭിന്നശേഷിക്കാരിയും ഭർത്താവും ചികിത്സക്കും ബാങ്കിലടക്കുന്നതിനുമായി പണം കണ്ടെത്താനാകാതെ വലയുന്നു. ഉമയനല്ലൂർ ഏലാക്ക് സമീപം ആമ്പൽ തൊടി റമീസ മൻസിലിൽ അറുപതുകാരനായ സിദ്ദീഖും ഭാര്യ ഭിന്നശേഷിക്കാരിയായ റമീസയുമാണ് സഹായം തേടുന്നത്. ഇവരുടെ പേരിലുള്ള അഞ്ചു സെന്റ് സ്ഥലം ഒരു സുഹൃത്തിന്റെ മകളുടെ വിവാഹത്തിനായി സഹകരണ ബാങ്കിൽ പണയം വെച്ച് മൂന്നര ലക്ഷം രൂപ എടുത്തു നൽകി. വിവാഹം കഴിഞ്ഞ് പണം തിരികെ നൽകാത്തതിനാൽ ബാങ്കിൽ പണം തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല. കിടപ്പാടം ജപ്തി ചെയ്യുമെന്ന് കാട്ടി ബാങ്കിന്റെ നോട്ടീസ് ലഭിച്ചു.
ധനകാര്യ മന്ത്രിയെ നേരിൽകണ്ട് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ ജപ്തി നടപടി താൽക്കാലികമായി നിർത്തിവെച്ചു. കിഡ്നിക്കും നട്ടെല്ലിനും അസുഖം ബാധിച്ചതിനെതുടർന്ന് നാട്ടുകാരുടെയും ജമാഅത്ത് അധികൃതരുടെയും സഹായത്തോടെ മൂന്ന് ശസ്ത്രക്രിയക്ക് വിധേയനായ സിദ്ദീഖിന് ഇനി ഒരു ശസ്ത്രക്രിയ കൂടി നടത്താനുണ്ട്. നട്ടെല്ലിൽ പഴുപ്പ് ബാധിച്ചതിനാൽ മീയണ്ണൂർ അസീസിയ മെഡിക്കൽ കോളജിലാണ് ചികിത്സ നടത്തുന്നത്.
പഞ്ചായത്തിന്റെ ഭവന പദ്ധതി പ്രകാരം ലഭിച്ച വീടിന്റെ നിർമാണ പ്രവർത്തനങ്ങൾപോലും പൂർത്തിയായിട്ടില്ല. സുമനസ്സുകൾ സഹായവുമായെത്തുമെന്ന പ്രതീക്ഷയിൽ കൂട്ടിക്കട ഫെഡറൽ ബാങ്കിന്റെ മയ്യനാട് ബ്രാഞ്ചിൽ റമീസയുടെ പേരിൽ 20340 1000 86582 എന്ന പേരിൽ ഒരു അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഐ.എഫ്.എസ്.സി കോഡ് എഫ്.ഡി.ആർ.എൽ.000 2034. ഫോൺ: 8606797036, 8606015390.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.