കൊട്ടിയം: ഏഴുപതിറ്റാണ്ട് ചെണ്ടമേള രംഗത്ത് തിളങ്ങിനിന്ന കൊട്ടിയം കമറുദ്ദീൻ ഓർമയായി. ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും കൊട്ടിക്കയറാൻ ഇനി കമറുദ്ദീൻ ഉണ്ടാകില്ല. പന്ത്രണ്ടാം വയസ്സിൽ പിതാവും ചെണ്ടമേളക്കാരനുമായിരുന്ന പൊടികുഞ്ഞ് ആശാനൊടൊപ്പം പേരയം ശ്രീഭൂതനാഥക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം. അതിനുശേഷം ഇദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇടക്ക് കശുവണ്ടി വികസന കോർപറേഷനിൽ ടിങ്കറായി ജോലി ലഭിച്ചിട്ടും മേളം ഉപേക്ഷിക്കാൻ ഇദ്ദേഹം തയാറായില്ല.
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം ഇദ്ദേഹം മേളം നടത്തിയിട്ടുണ്ട്. ദുബൈയിലും ഷാർജയിലും മേളത്തിന് അവസരം ലഭിച്ചു. പല ക്ഷേത്രങ്ങളിലും ഉത്സവ ആലോചന നടക്കുമ്പോൾതന്നെ മേളക്കാര്യത്തിൽ കമറുദ്ദീന്റെ പേരാകും ഉയരുക. ആയിരക്കണക്കിന് ശിഷ്യരാണ് ഇദ്ദേഹത്തിനുള്ളത്.
ശിങ്കാരിമേളത്തിലും തേന്റതായ കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട്. ക്ഷേത്ര കലാരത്നം, റോട്ടറി പുരസ്കാരം ഉൾെപ്പടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കിഴക്കേ പേരൂർ മുസ്ലിം ജമാഅത്ത് പള്ളിക്ക് സമീപത്തെ ഇദ്ദേഹത്തിന്റെ വീട് മുഴുവൻ ചെണ്ടയും ചെണ്ടക്കോലുകളുമാണ്.
തന്റെ കാലശേഷവും മേളവും മേളകുടുംബവും അഞ്ചാംതലമുറയായി നിലനിൽക്കണമെന്ന ആഗ്രഹത്തോടെ മക്കളായ ഷഹാലിനെയും നവാസിനെയും ഈ രംഗത്തേക്ക് കൊണ്ടുവന്നശേഷമാണ് തെക്കൻകേരളത്തിലെ പേരുകേട്ട ഈ ചെണ്ടമേളക്കാരൻ യാത്രയായത്.
മരണവിവരമറിഞ്ഞ് വിവിധ ക്ഷേത്ര കമ്മിറ്റിക്കാരുൾെപ്പടെ ജീവിതത്തിന്റെ നാനാതുറകളിൽപ്പെട്ട നൂറുകണക്കിനാളുകളും പി.സി. വിഷ്ണുനാഥ് എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീവ് ഉൾെപ്പടെ നിരവധി ജനപ്രതിനിധികളും ആദരാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.