കൊട്ടിയം: കൊട്ടിയത്ത് അന്തർ സംസ്ഥാന തൊഴിലാളി ക്യാമ്പിൽ ഞായറാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തിൽ ഒഴിവായത് വൻ ദുരന്തം. നാലുനില കെട്ടിടത്തിന്റെ മുകളിലാണ് സുരക്ഷാ മാനദണ്ഡങ്ങളില്ലാതെ തൊഴിലാളികളെ പാർപ്പിച്ചിരുന്നത്. തീപിടിത്തം നടന്നപ്പോഴാണ് അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുണ്ടെന്ന വിവരം പുറത്തുള്ളവർ അറിയുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്നാണ് നിഗമനം. കെട്ടിടത്തിൽ പാചകത്തിന് ഉപയോഗിക്കുന്ന നിരവധി ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ചിരുന്നു. ഇത് എന്തിനാണെന്നതടക്കം അന്വേഷിക്കുന്നുണ്ട്. കൊട്ടിയം, ഉമയനല്ലൂർ, പറക്കുളം ഭാഗങ്ങളിലായി നിരവധിയിടങ്ങളിൽ അന്തർ സംസ്ഥാന തൊഴിലാളി ക്യാമ്പുകളുണ്ട്. ഇവയിൽ പലതും കെട്ടിടങ്ങളുടെ ടെറസിന് മുകളിൽ താൽക്കാലികമായി ഷീറ്റിട്ട് നിർമിച്ച നിലയിലുള്ളവയാണ്. പഞ്ചായത്തുകൾക്കോ, ആരോഗ്യ വകുപ്പിനോ അന്തർ സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളെക്കുറിച്ച് വിവരമില്ല. കൊട്ടിയത്ത് തീപിടിത്തം നടക്കുമ്പോൾ ഇരുപതിലധികം പേരുണ്ടായിരുന്നതായാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.