കൊട്ടിയം: വർഷങ്ങളായി തകർന്നുകിടക്കുന്ന പേരയം റോഡ് പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയുടെ അടുത്ത സ്കീമിൽ ഉൾപ്പെടുത്തി ബി.എം & ബി.സി മാതൃകയിൽ പുനർ നിർമിക്കുമെന്നും കൊട്ടിയം ഇ.എസ്.ഐ ആശുപത്രി നവീകരിക്കുമെന്നും കൊട്ടിയം ജങ്ഷൻ മുതൽ പോളിടെക്നിക് വരെ എൽ.ഇ.ഡി ലൈറ്റ് എന്ന ആവശ്യം പരിഗണിക്കുമെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി.
‘കൊട്ടിയം നാളെ’ വിഷയത്തിൽ കൊട്ടിയം പൗരവേദി സംഘടിപ്പിച്ച ജനകീയ വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെമിനാറിൽ ഉയർന്നുവന്ന ആവശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് എം.പി ഉറപ്പ് നൽകിയത്. കൊട്ടിയത്തിന്റെ വികസനത്തിന് നഗരസഭ രൂപവത്കരിക്കേണ്ടത് അനിവാര്യമാണെന്നും അതിലൂടെ മാത്രമേ അടിസ്ഥാന വികസന പ്രശ്നങ്ങൾക്ക് പരിഹാരമാകുവെന്നും എം.പി കൂട്ടിച്ചേർത്തു. പ്രധാനപ്രശ്നങ്ങളായ ബസ് സ്റ്റാൻഡ്, ശുചിമുറി, ഓട്ടോ-ടാക്സി പാർക്കിങ്ങിനുള്ള സ്ഥലം എന്നീ പ്രശ്നങ്ങൾക്ക് സെമിനാർ മുന്നോട്ടു വെച്ച മൊബിലിറ്റി ഹബ് എന്ന ആശയം അർഥവത്താണെന്ന് മുൻ എം. എൽ.എ എ.എ. അസീസ് അഭിപ്രായപ്പെട്ടു. കൊട്ടിയം ജങ്ഷനിൽ ടേക്ക് എ ബ്രേക്ക് സംവിധാനം സ്ഥാപിക്കുമെന്നും തഴുത്തല-വടക്കേ മൈലക്കാട് ഫാത്തിമ റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണാൻ ശ്രമിക്കുമെന്നും ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് പറഞ്ഞു.
മൊബിലിറ്റി ഹബ് സ്ഥാപിക്കുക, ആദിച്ചനല്ലൂർ, തൃക്കോവിൽവട്ടം, മയ്യനാട് പഞ്ചായത്തുകൾചേർത്ത് കൊട്ടിയം കേന്ദ്രമാക്കി നഗരസഭ രൂപവത്കരിക്കുക, ഒറ്റപ്ലാംമൂട്, ചിറക്കര, പരവൂർ കായൽ എന്നിവ ചേർത്ത് ടൂറിസം സർക്യൂട്ട് രൂപവത്കരിക്കുക, ഓട്ടോ, ടാക്സി, ബസ് പാർക്കിങ് സൗകര്യം ഏർപ്പെടുത്തുക, കൊട്ടിയത്ത് അവസാനിക്കുന്ന ബസുകൾ പോളിടെക്നിക് വരെ നീട്ടുക, ഫയർ സ്റ്റേഷൻ സ്ഥാപിക്കുക, ഇ.എസ്.ഐ ജങ്ക്ഷനിൽ അടിപ്പാത സ്ഥാപിക്കുക, ബൈപാസ് നിർമിക്കുക, ഗുരുമന്ദിരം ജങ്ഷൻ-പോസ്റ്റ് ഓഫിസ് റോഡ്, കവിത പ്രിന്റ്റേഴ്സ് - ഫ്രണ്ട്സ് നഗർ - ഹോളിക്രോസ്സ് റോഡ് നവീകരിക്കുക എന്നീ ആവശ്യങ്ങൾ സെമിനാർ മുന്നോട്ട് വെച്ചു.
പൗരവേദി പ്രസിഡന്റ് കൊട്ടിയം അജിത്കുമാർ വിഷയാവതരണം നടത്തി. ആദിച്ചനല്ലൂർ പഞ്ചായത്തംഗം നദീറ കൊച്ചസ്സൻ, ഡി.സി.സി ജനറൽ സെക്രട്ടറി സിസിലി സ്റ്റീഫൻ, അജീഷ് പാറവിള, സാജൻ കവറാട്ടിൽ, എൽ. ഷാജി, ബിജു സൂര്യ, സുകുമാരൻ, ഷിബു മനോഹർ, പ്രതാപസേനൻ പിള്ള, മനു, അനിൽകുമാർ, നജീം കെ. സുൽത്താൻ, മുജീബ് പള്ളിമുറ്റം, സജീവ് പുല്ലാംകുഴി, താഹ, നൗഷാദ്, രാജേഷ്, തോമസ് കളരിയ്ക്കൽ, വിശ്വനാഥൻ, നിസാർ, ക്ലമന്റ് ലോറൻസ്, സജേഷ്, രെഹിന എന്നിവർ നിർദേശങ്ങൾ പങ്കുവെച്ചു.
ടി.എം. സുമേഷ്, ആർ. അനൂപ്, ഏലിയാസ് എം. ജോൺ, സജീബ് ഖാൻ, ഓട്ടോ, ടാക്സി തൊഴിലാളി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. പൗരവേദി ഭാരവാഹികളായ ജോൺ മോത്ത, ബിജുഖാൻ, സി.പി. സുരേഷ്കുമാർ, പ്രശാന്ത്, രാജിൽ കൃഷ്ണ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.