കു​മ്മ​ല്ലൂ​ർ പാ​ലം. ക​രി​ങ്ക​ൽ കെ​ട്ട് ഇ​ടി​ഞ്ഞ​തി​നാ​ൽ വാ​ഹ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​ക്ക്​ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ബോ​ർ​ഡും കാ​ണാം

കുമ്മല്ലൂർ പാലം കുലുങ്ങുന്നു; ജനം ഭീതിയിൽ

കൊട്ടിയം: ജില്ലയിലെ പ്രധാന റോഡുകളിൽ ഒന്നായ ചാത്തന്നൂർ-കൊട്ടാരക്കര റോഡിൽ ചാത്തന്നൂർ-ആദിച്ചനല്ലൂർ പഞ്ചായത്തുകളെ വേർതിരിക്കുന്ന കുമ്മല്ലൂർ പാലം അധികൃതരുടെ അനാസ്ഥമൂലം തകർച്ചയുടെ വക്കിൽ. തിരക്കേറിയ പാലത്തിലൂടെ വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ പാലം കുലുങ്ങുന്നതായാണ് നാട്ടുകാർ പറയുന്നത്.

അഞ്ചുപതിറ്റാണ്ടിലേറെ പഴക്കമുള്ള പാലത്തിന്‍റെ കൈവരികൾ പൂർണമായും തകർന്ന നിലയിലാണ്. പാലത്തിന്റെ ബലക്ഷയത്തിന് കാരണം വർഷങ്ങളായുള്ള അനധികൃത മണൽ ഖനനമാണ്. അടിഭാഗത്തെ കെട്ടുകൾ ഇളകി മാറി തകർന്ന നിലയിലാണ്. സിമന്റ് പാളികളും ഇളകിവീഴുകയാണ്.

ബീമുകൾ പലതും തകർന്ന് ഇരുമ്പ് കമ്പികൾ പുറത്തുകാണാവുന്ന സ്ഥിതിയാണ്. പടിഞ്ഞാറ് ഭാഗത്ത് കൈവരിയും പാറക്കെട്ടുമായും ബന്ധവും വിച്ഛേദിക്കപ്പെട്ട് വലിയ വിള്ളൽ രൂപപ്പെട്ടുകഴിഞ്ഞു. ഈ ഭാഗത്ത് പാറ കൊണ്ട് കെട്ടിയ സൈഡ് ഭിത്തി പൂർണമായും തകർന്ന് ആറിലേക്ക് ഇടിഞ്ഞുതാഴ്ന്നിരിക്കുകയാണ്.

1973ൽ ടി.കെ. ദിവാകരൻ മന്ത്രിയായിരുന്നപ്പോഴാണ് കുമ്മല്ലൂർ പാലം കമീഷൻ ചെയ്തത്. ചാത്തന്നൂരിനെ ആദിച്ചനല്ലൂർ പഞ്ചായത്തുമായും അതുവഴി കൊട്ടാരക്കരയുമായും കിഴക്കൻമേഖലയുമായും ബന്ധിപ്പിക്കുന്ന പ്രധാന പാലമാണിത്.

ഒരുബസ് മാത്രം കടന്നുപോകാൻ മാത്രമുള്ള വീതിയാണ് പാലത്തിലുള്ളത്. ഒരുവശത്തെ വാഹനം കടന്നുപോകുന്നതുവരെ മറുവശത്ത് വാഹനം കാത്തുകിടക്കണം. കാൽനടയാത്രികരും ദുരിതത്തിലാണ്. റോഡ് നിരവധിതവണ വീതികൂട്ടി ടാർ ചെയ്തെങ്കിലും പാലം പഴയപടി തുടരുകയാണ്. വാഹനങ്ങൾക്ക് സുരക്ഷയൊരുക്കുന്നതിനായി മെറ്റൽ ബോർഡുകൾ സ്ഥാപിച്ചിരിക്കുകയാണ്.

2020ലെ ബജറ്റിൽ കുമ്മല്ലൂർ പാലത്തിനും പള്ളിക്കമണ്ണടി പാലത്തിനും 13കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചിട്ടും നടപടി ഉണ്ടായിട്ടില്ല. പാലം കുലുങ്ങുമ്പോഴും വേണ്ടത്ര സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കാൻ ചാത്തന്നൂർ -ആദിച്ചനല്ലൂർ പഞ്ചായത്ത്‌ അധികാരികൾ ശ്രദ്ധിക്കുന്നില്ല.

പാലം പുനർനിർമിക്കുമെന്ന പ്രഖ്യാപനങ്ങൾ നിരവധിയുണ്ടെങ്കിലും നടപടിയുണ്ടായില്ല. പാലം വീതികൂട്ടി അടിയന്തരമായി പുനർനിർമാണം നടത്തണമെന്നും അനധികൃത മണൽ ഖനനത്തിന് അറുതിവരുത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Tags:    
News Summary - Kummallur Bridge Shaking-People are in fear

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.