ലഹരിവലയിൽ കുടുങ്ങി മയ്യനാട്

കൊട്ടിയം: എക്സൈസോ, പൊലീസോ ആവശ്യമായ നടപടികൾ സ്വീകരിക്കാത്തതുമൂലം മയ്യനാട് വീണ്ടും ലഹരി മാഫിയാ സംഘങ്ങളുടെ വലയിൽ കുടുങ്ങുന്നു. കഞ്ചാവ് വിൽപന സംഘങ്ങളും എം.ഡി.എം.എ പോലുള്ള മയക്കുമരുന്നു വിൽപന സംഘങ്ങളും ഇപ്പോൾ തമ്പടിച്ചിട്ടുള്ളത് മയ്യനാട്ടാണ്.

വിദ്യാർഥികളെ വലയിൽ വീഴ്ത്തുന്നതിനായി സ്കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്നുവിൽപന സംഘത്തിൽപെട്ടവർ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മയ്യനാട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ ലഹരി മാഫിയ പെപ്പർ സ്പ്രേ ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു.

ഇക്കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് സ്കൂൾ വിട്ടിറങ്ങിയ വിദ്യാർഥിനികളെ ബൈക്കിലെത്തിയ മൂന്നംഗ ലഹരി മാഫിയ സംഘം അസഭ്യം പറഞ്ഞതിനെ വിദ്യാർഥികൾ ചോദ്യം ചെയ്തതിനെ തുടർന്ന് സംഘത്തിന്‍റെ കൈവശമുണ്ടായിരുന്ന പെപ്പർ സ്പ്രേ എടുത്തു വിദ്യാർഥികളുടെ കണ്ണിൽ അടിക്കുകയും കത്തിയെടുത്ത് കുത്താൻ ശ്രമിക്കുകയുമായിരുന്നു.

നാട്ടുകാർ ഓടിയെത്തിയതിനെ തുടർന്ന് സംഘം രക്ഷപ്പെട്ടു. മയ്യനാട് ഹയർ സെക്കൻഡറി സ്‌കൂൾ, ഗവ. വെള്ളമണൽ ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥിനികളാണ് ലഹരി മാഫിയയുടെ ശല്യം കാരണം പൊറുതിമുട്ടിയത്.

വൈകീട്ട് സ്‌കൂള്‍ വിടുന്ന സമയത്ത് ബൈക്കിലും കാറുകളിലുമായി എത്തുന്ന സംഘം മയ്യനാട് പണയിൽമുക്ക്, ചന്തമുക്ക് റോഡുകളിൽ വിദ്യാർഥിനികള്‍ക്ക് ഏറെ ശല്യമാകുന്നതായാണ് പരാതി. പെണ്‍കുട്ടികള്‍ക്ക് പിന്നാലെ, വാഹനമോടിച്ചെത്തുന്ന ഇവർ ലെറ്ററുകളും, ഫോണ്‍ നമ്പറുകളും വലിച്ചെറിയുന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

ചില കുട്ടികളെ തടഞ്ഞു നിര്‍ത്തുന്നതായും പരാതിയുണ്ട്. ഇത്തരം സംഘങ്ങളെ തുരത്താന്‍ പൊലീസ് മുന്നിട്ടിറങ്ങണമെന്നും വിദ്യാർഥിനികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

വൈകീട്ട് സ്‌കൂള്‍ വിടുന്ന സമയങ്ങളിൽ പൊലീസ് പട്രോളിങ് നടത്തണമെന്നും വിദ്യാർഥികൾക്കുനേരെ പെപ്പർ സ്പ്രേ ആക്രമണം നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് എസ്.എഫ്.ഐ പ്രതിഷേധ പ്രകടനം നടത്തി.

എസ്.എഫ്.ഐ ജില്ല സെക്രട്ടേറിയറ്റ് അംഗം സച്ചിൻ ദാസ്, കൊട്ടിയം ഏരിയ സെക്രട്ടറി നജീബ് നവാബ് പ്രസിഡന്‍റ് എ.ബി. ആനന്ദ്, റിയ സുരേഷ്, മയ്യനാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി അമൽ കൃഷ്ണ, അഭിജിത്ത്, ആകാശ്, സുബിത് സുനിൽ എന്നിവർ സംസാരിച്ചു.

ഇരവിപുരം പൊലീസ് സ്റ്റേഷന്‍റെ പരിധിയിൽപെടുന്ന ഇവിടേക്ക് പൊലീസിന് എളുപ്പത്തിലെത്താൻ കഴിയാത്തതിനാലാണ് ഇവിടെ മയക്കുമരുന്ന് സംഘങ്ങൾ വിളയാട്ടം നടത്തുന്നത്. മയ്യനാട് കേന്ദ്രമാക്കി പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

Tags:    
News Summary - Mayanad is in the web of drugs addiction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.