കൊട്ടിയം: ദേശീയപാത നവീകരണത്തിൽ അയത്തിലിൽ ജങ്ഷനെ രണ്ടായി വെട്ടിമുറിക്കത്തക്ക രീതിയിലുള്ള മൺമതിലിന് പകരം കൂടുതൽ നീളത്തിൽ തൂണുകളിലുള്ള മേൽപാലം നിർമിക്കണമെന്ന ആവശ്യവുമായി ജനകീയസമിതി നടത്തിവരുന്ന സമരം 150 ദിവസം പിന്നിട്ടു. ഇതുവരെയും ദേശീയപാത അതോറിറ്റിയുടെ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടാകാത്തതിനെതിരെ വരും ദിവസങ്ങളിൽ കൂടുതൽ സമരവുമായി രംഗത്തിറങ്ങാനാണ് ജനകീയസമിതി തീരുമാനം.
നീളത്തിൽ തൂണുകളിൽ മേൽപാലം നിർമിക്കണമെന്ന ആവശ്യവുമായി ജനകീയസമിതി ഹൈവേ അതോറിറ്റിക്ക് നൽകിയ നിവേദനത്തിൽ ജനകീയസമിതിക്ക് പറയാനുള്ളത് കേൾക്കണമെന്ന് ഹൈകോടതി ഉത്തരവിട്ട് മാസങ്ങൾ പിന്നിട്ടു. എന്നാൽ, ജനകീയസമിതിയുടെ ആവശ്യങ്ങൾ കേൾക്കാൻ ഹൈവേ അതോറിറ്റി തയാറായിട്ടില്ല. ഇതിനെതുടർന്ന് വീണ്ടും ജനകീയസമിതി ഹൈകോടതിയെ സമീപിക്കാൻ സാധ്യതയുണ്ട്.
വളരെ തിരക്കുള്ള ജങ്ഷനുകളിലൊന്നാണ് അയത്തിൽ. വടക്കേവിള വലിയ കൂനമ്പായിക്കുളം ക്ഷേത്രം, എൻ.എസ് സഹകരണ ആശുപത്രി, ട്രാവൻകൂർ മെഡിക്കൽ കോളജ്, മെഡിട്രീന ആശുപത്രി, യൂനുസ് കോളജ് ഓഫ് എൻജിനീയറിങ്, അയത്തിൽ വി.വി.വി.എച്ച്.എസ്.എസ്, പാൽകുളങ്ങര ക്ഷേത്രം, മുഹിയുദ്ദീൻ പള്ളി, മാലിക്കര പള്ളി, ഭാരതരാജ്ഞി ചർച്ച്, കാഷ്യു കോർപറേഷൻ ഫാക്ടറി തുടങ്ങിയ ഇടങ്ങളിലേക്കെല്ലാം പോകുന്നവർ ഇറങ്ങുന്നത് അയത്തിൽ ജങ്ഷനിലാണ്. അയത്തിൽ ജങ്ഷന്റെ പ്രാധാന്യം മനസ്സിലാക്കി ഇവിടെ ഏറെ നീളത്തിൽ തൂണുകളിൽ മേൽപാലം പണിയണമെന്ന ആവശ്യവുമായി ജനകീയസമിതി നിരവധി സമരങ്ങളും സാംസ്കാരിക നായകരെ ഉൾപ്പെടുത്തി സാംസ്കാരിക സമ്മേളനവും നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.