കൊട്ടിയം: കൊല്ലത്തിന്റെ ഉപഗ്രഹനഗരമെന്നറിയപ്പെടുന്ന ദേശീയപാതയിലെ പ്രധാന ജങ്ഷനുകളിൽ ഒന്നായ കൊട്ടിയത്ത് ഇന്ന് ഒരു പുരോഗതിയും ഇല്ലാത്ത അവസ്ഥ. ദേശീയപാത പുനർനിർമാണം ആരംഭിച്ചതോടെ ജനത്തിന് റോഡുകൾ ഏതെന്നുപോലും അറിയാൻ വയ്യാത്ത സ്ഥിതിയാണ്. ഒരു പൊതുശുചിമുറിപോലും ഇല്ലാത്തത് ജങ്ഷനിൽ എത്തുന്നവരെ വലയ്ക്കുന്നു. നൂറുകണക്കിന് സ്വകാര്യ ബസുകൾ വന്നുപോകുന്ന ഇവിടെ ഒരു കാത്തിരിപ്പ് കേന്ദ്രം ഇല്ലാത്തതിനാൽ ബസ് കാത്ത് റോഡരികിൽ നിൽക്കേണ്ട ഗതികേടിലാണ് യാത്രികർ. കൊട്ടിയത്ത് ഒരു ബസ് സ്റ്റാൻഡ് വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഈ ആവശ്യം നിലനിൽക്കെയാണ് ദേശീയപാത പുനർനിർമാണത്തിൽ ജങ്ഷൻ പോലും ഇല്ലാത്ത അവസ്ഥ. നിലവിൽ ഓട്ടോ സ്റ്റാൻഡുകൾ പോലും ഇല്ല.
നിർമാണം പൂർത്തിയാകുമ്പോൾ ബസുകൾ എവിടെ നിർത്തുമെന്നോ ഓട്ടോകൾ എവിടെ കിടന്നോടുമെന്നോ അറിയാത്ത അവസ്ഥയാണ്. തൃക്കോവിൽവട്ടം, ആദിച്ചനല്ലൂർ, മയ്യനാട് പഞ്ചായത്തുകളുടെ സംഗമസ്ഥാനമായ കൊട്ടിയം കേന്ദ്രമാക്കി ഒരു പഞ്ചായത്ത് രൂപവത്കരിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
റോഡ് നിർമാണം പൂർത്തിയാകുമ്പോൾ കൊട്ടിയത്തിനു വേണ്ടി ഒരു മാസ്റ്റർ പ്ലാനിന് ജില്ല ഭരണകൂടം തയാറാകണമെന്ന ആവശ്യം ശക്തമാണ്. റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം ഇല്ലാതായത് ഇത് കച്ചവടക്കാരെ സാരമായി ബാധിച്ചിട്ടുണ്ട്. കൊട്ടിയം ജങ്ഷനിലും പരിസരത്തും സർവിസ് റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലം കണ്ടെത്താൻ പഞ്ചായത്തുകൾ തയാറാകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.