കൊട്ടിയം: ദേശീയപാത വികസനത്തിന്റെ ഭാഗമായി കരാറുകാർ നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ പ്രദേശവാസികളുടെ ബുദ്ധിമുട്ടുകൾ പരിഗണിക്കാതെയെന്ന് ആക്ഷേപം. ജനങ്ങളുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കിയും കച്ചവട സ്ഥാപനങ്ങളുടെ പ്രവർത്തനം തടസ്സപ്പെടാതെയും നിർമാണം നടത്തണമെന്ന ആവശ്യം അവഗണിക്കപ്പെടുന്നു.
ഇപ്പോൾ നടക്കുന്ന ഓട നിർമാണത്തിനെതിരെയും ഓണക്കാലത്ത് കടകൾക്ക് മുന്നിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾക്കുമെതിരെ വലിയ പ്രതിഷേധമാണുയരുന്നത്. റോഡിന്റെ രണ്ട് വശങ്ങളിലും രണ്ട് രീതിയിലാണ് ഓട നിർമാണം.
ഉമയനല്ലൂർ കടമ്പാട്ട് മുക്ക് ഭാഗത്ത് റോഡിന്റെ തെക്കുഭാഗത്ത് ഏറ്റെടുത്ത സ്ഥലത്ത് ഒരു മീറ്റർ അകത്തായി ഓട കെട്ടിയപ്പോൾ വടക്കുഭാഗത്ത് ഏറ്റെടുത്ത സ്ഥലത്തിന്റെ അതിർത്തിയിലാണ് ഓട നിർമിക്കുന്നത്. ഇവിടെ പാർക്ക് മുക്ക് റോഡ് ആരംഭിക്കുന്ന ഭാഗത്ത് ഓട വളച്ചാണ് നിർമിക്കുന്നത്. നിർമാണത്തിനായി കുഴി എടുത്തപ്പോൾ മതിലുകൾ തകർന്നുവീണവർ ഇത് ചോദ്യം ചെയ്തിരുന്നു. എന്നാൽ വീണ്ടും സ്ഥലം ഏറ്റെടുക്കേണ്ടിവരുമെന്ന മറുപടിയാണ് ലഭിച്ചത്. ഇത് ഭൂഉടമകളെ ആശങ്കയിലാക്കിയിട്ടുണ്ട്. വ്യാപാരസ്ഥാപനങ്ങൾക്കു മുന്നിൽ ഓണക്കാലത്തു നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ കച്ചവടത്തെ ബാധിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ നിർമാണ പ്രവർത്തനങ്ങൾ തിരുവോണം കഴിഞ്ഞ് നടത്തണമെന്ന അവശ്യവുമായി വ്യാപാരികളും രംഗത്തെത്തിയിട്ടുണ്ട്. റോഡിന്റെ പുനർനിർമാണത്തിനായെടുത്ത കുഴികൾ ആവശ്യത്തിന് മണ്ണിട്ട് മൂടാത്തതിനെ തുടർന്ന് ദേശീയപാതയ്ക്കരികിൽ വാഹനങ്ങൾ കുഴിയിൽ താഴ്ന്നുതുടങ്ങിയിട്ടുണ്ട്.
ചൊവ്വാഴ്ച ഉച്ചക്ക് വാഴപ്പള്ളിക്കും മേവറത്തിനും ഇടയിൽ കൊറിയറുമായി വരികയായിരുന്ന ലോറിയുടെ ചക്രങ്ങൾ കുഴിയിൽ താഴ്ന്നു. റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ അടുക്കുംചിട്ടയുമില്ലാതെ മുന്നോട്ടുപോകുന്നുവെന്നാണ് പരാതി. വാഹനങ്ങൾ വഴി തിരിച്ചുവിടുന്നതിനും കൃത്യമായ മുന്നൊരുക്കമില്ല.
കൊല്ലം: മങ്ങാട് കൂടുതല്‍ സൗകര്യപ്രദമായ തരത്തില്‍ അടിപ്പാത നിര്‍മിക്കുന്നതിന് നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് എന്‍.കെ. പ്രേമചന്ദ്രന് എം.പി മങ്ങാട് ജനകീയ സമിതി അംഗങ്ങളുടെ സാന്നിധ്യത്തില്‍ ദേശീയപാത അതോറിറ്റി റീജനല്‍ ഓഫിസര്‍ ബി.എല്‍. മീണയും ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.
മങ്ങാട് അടിപ്പാത നിര്‍മാണത്തിനായി എന്‍.കെ. പ്രേമചന്ദ്രന് എം.പി, എം.എല്‍.എമാരായ എം. മുകേഷ്, എം. നൗഷാദ്, മേയര്‍ പ്രസന്ന ഏണസ്റ്റ്, കൊല്ലം ഡെപ്യൂട്ടി മേയര്‍ മധു എന്നിവര്‍ ഒപ്പിട്ട സംയുക്ത നിവേദനം റീജനല്‍ ഓഫിസര്‍ക്ക് കൈമാറി.
രണ്ടാം അടിപ്പാത നിര്‍മിക്കാന്‍ ജനകീയ കൂട്ടായ്മയുമായി ചര്‍ച്ചചെയ്ത് തിരുമാനിച്ച മൂന്ന് സ്ഥലങ്ങള്‍ നിശ്ചയിച്ച് അവ ഉള്‍പ്പെടുത്തിയ നിവേദനമാണ് അധികാരികള്‍ക്ക് കൈമാറിയത്. ജനപ്രതിനിധികള്‍ ഈ വിഷയത്തില്‍ ഏകാഭിപ്രായമാണെന്ന് എം.പി അധികാരികളെ ധരിപ്പിച്ചു. നിവേദനത്തിലെ നിർദേശം വിശദമായി വീണ്ടും പരിശോധിക്കാമെന്ന് അധികാരികള്‍ ഉറപ്പുനല്‍കി. ആഗസ്റ്റ് 24 ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ മെംബര്‍ വെങ്കിട്ടരമണ മങ്ങാട് സന്ദര്‍ശിക്കും. മെംബറുടെ സന്ദര്‍ശനത്തിനുശേഷം വിഷയത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളും.
ഡല്‍ഹിയില്‍ ദേശീയപാത അതോറിറ്റി ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നേരത്തേ നടന്ന ചര്‍ച്ചയിലെ നിർദേശത്തെ തുടര്‍ന്നാണ് യോഗം ചേര്‍ന്നത്. അയത്തില്‍ പില്ലറിന്മേലുള്ള തുറന്ന മേല്‍പ്പാലമോ കൂടുതലായി സ്പാനുകളോ നിര്‍മിക്കണമെന്ന് ദേശീയപാത അതോറിറ്റിയോട് എം.പി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് അനുവദിച്ച 8.77 കോടി രൂപയുടെ നിര്‍മാണങ്ങളുടെ നിർദേശം അയത്തില്‍ ജംഗ്ഷനില്‍ നിന്നും മാറിയാണെന്നും അയത്തില്‍ കൂടുതല്‍ സ്പാനുകള്‍ അനുവദിക്കുകയാണ് വേണ്ടതെന്നും എം.പി ആവശ്യപ്പെട്ടു.
നിലവിലെ പാലത്തിന് വീതി കൂട്ടി ഇരുവശവും തോടില്‍ സര്‍വിസ് റോഡ് നിര്‍മിച്ചാല്‍ ഇരുവശങ്ങളിലേയും യാത്രാസൗകര്യം കൂടുതല്‍ സുഗമമാകും എന്നതിനാലാണ് പുതിയ പ്രവൃത്തിയെന്ന് അധികൃതർ വിശദീകരിച്ചു. തോടിന് മുകളിലൂടെ സര്‍വിസ് റോഡും മേല്‍പ്പാലം വീതി കൂട്ടലും പഠനങ്ങളില്‍ കൂടുതല്‍ ഗുണപ്രദമായതിനാലാണ് നിർദേശം ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.
കൊട്ടിയം: കൊട്ടിയം ജങ്ഷനിൽ റോഡ് അടച്ച് പൊലീസ് നടത്തിയ ട്രാഫിക് പരിഷ്കരണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഓണക്കാലത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനെന്ന പേരിലാണ് പരിഷ്കാരം.
കൊട്ടിയം ജങ്ഷനിൽ ദേശീയപാതയിൽനിന്ന് ഹോളിക്രോസ് ആശുപത്രിയിലേക്ക് ഡിവൈഡർ മുറിച്ചുകടക്കുന്ന റോഡ് പൊലീസ് ബാരിക്കേഡും റിബണും കെട്ടിയടച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. റോഡ് അടച്ചതോടെ കൊല്ലം, കണ്ണനല്ലൂർ ഭാഗങ്ങളിൽനിന്ന് രോഗികളുമായി വരുന്ന ആംബുലൻസുകൾ കൊട്ടിയം ജങ്ഷന് കിഴക്കുവശം ഡിവൈഡർ തീരുന്ന ഭാഗത്തു പോയി തിരിഞ്ഞു വരേണ്ട സ്ഥിതിയാണുള്ളത്. ഹോളിക്രോസ് ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളജിലക്കും തിരുവനന്തപുരം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾക്കും റോഡ് മുറിച്ചുപോകാൻ കഴിയുന്നില്ല. രോഗികളുമായി വരുന്ന വാഹനങ്ങൾക്ക് ഗതാഗതക്കുരുക്ക് കാരണം ജങ്ഷന് കിഴക്കുവശം പോയി എളുപ്പത്തിൽ തിരിഞ്ഞുവരാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.
നിലവിലുള്ള ഗതാഗത പരിഷ്കരണ കമ്മിറ്റി വിളിച്ചുകൂട്ടാതെയാണ് പൊലീസ് തലതിരിഞ്ഞ രീതി നടപ്പാക്കിയതെന്ന് കൊട്ടിയം പൗരവേദിയും റൈസിങ് കൊട്ടിയം ഭാരവാഹികളും പറഞ്ഞു. പുതിയ ട്രാഫിക് പരിഷ്കാരം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊട്ടിയം പൗരവേദി സിറ്റി പൊലീസ് കമീഷണർക്കും ജി.എസ്. ജയലാൽ എം.എൽ.എക്കും നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.