കൊട്ടിയം: വെട്ടിലത്താഴത്ത് റോഡ് റോളറിനടിയിൽപ്പെട്ട ജയദേവിന്റെ (15) ജീവൻ രക്ഷപ്പെടുത്താനായത് ഒരു മെയ്യോടെയുള്ള നാട്ടുകാരുടെ രക്ഷാപ്രവർത്തനം. കുട്ടി കുടുങ്ങിക്കിടക്കുന്നത് കണ്ട് തൃക്കോവിൽവട്ടം പഞ്ചായത്ത് മുൻ പ്രസിഡന്റ് സുകുവിന്റെ നേതൃത്വത്തിൽ നാട്ടുകാർ റോഡ് റോളർ ഉയർത്തി മാറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഇതോടെ അടിയന്തിരമായി ക്രെയിനും എസ്കവേറ്ററും വരുത്തുകയും അഗ്നിനരക്ഷാസേനക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തു. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ഇടപെടലും വലിയദുരന്തം ഒഴിവാകാൻ കാരണമായി.
അപകടം നടന്നയുടൻ ലൈൻ ഓഫാക്കി വൈദ്യുതി പ്രവാഹം ഒഴിവാക്കുകയായിരുന്നു. അതേസമയം, പൊലീസിന്റെ അനുവാദമില്ലാതെ റോഡ് റോളർ എടുത്തു കൊണ്ടു പോകാനുള്ള ഡ്രൈവറുടെ ശ്രമം നാട്ടുകാർ വഴിയിൽ തടഞ്ഞു. ഗതാഗത തടസ്സമില്ലാത്ത സ്ഥലത്തേക്ക് റോളർ മാറ്റിയിടാനാണ് ശ്രമിച്ചതെന്നാണ് ഡ്രൈവർ പറയുന്നത്.
അപകടത്തിന്റെ നടുക്കത്തിലാണ് വെട്ടിലത്താഴം രാധാലയത്തിൽ രാഘവൻപിള്ളയെന്ന എൺപതുകാരനും മരുമകൾ ലേഖയും. എന്തോ തകർന്നു വീഴുന്നതു പോലെയുള്ള വലിയ ശബ്ദം കേട്ട് കതക് തുറന്നു നോക്കുമ്പോൾ വീടിന്റെ മുൻവശത്തെ ചുറ്റുമതിലും ഗേറ്റും തകർത്ത് റോഡ് റോളർ നിൽക്കുന്നതാണ് കണ്ടത്.
റോളറിന് അടുത്തു നിന്ന് കരച്ചിൽ കേൾക്കുന്നതു കേട്ട് നോക്കിയപ്പോഴാണ് സൈക്കിളുമായി ഒരു കുട്ടി റോഡ് റോളറിന്റെ മുൻവശത്തെ വീലിനടിയിൽ കുടുങ്ങി കിടക്കുന്നത് കണ്ടത്. എന്തു ചെയ്യണമെന്നറിയാതെ ബഹളം വെച്ച് ആളെ കൂട്ടുകയായിരുന്നു. വൈദ്യുതി പോസ്റ്റിൽ ഇടിച്ചില്ലായിരുന്നെങ്കിൽ വലിയ ദുരന്തം ഉണ്ടാകുമായിരുന്നുവെന്നാണ് ഇവർ പറയുന്നത്.
പുതുച്ചിറയിൽ നിന്ന് ഡീസന്റുമുക്കിലേക്ക് വരവെ വെട്ടിലത്താഴം ഇറക്കത്ത് എത്തിയപ്പോഴാണ് റോഡ് റോളറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതെന്ന് ഡ്രൈവറായ മൈലക്കാട് സ്വദേശി സന്തോഷ് പറയുന്നു. കൊല്ലം ഡി.ആർ.ഡി.എയിൽ മുപ്പതു വർഷത്തോളം റോളർ ഡ്രൈവറായിരുന്നയാളാണ് സന്തോഷ്. റോഡ് റോളറിന് ബ്രേക്ക് സംവിധാനം ഇല്ല, ക്ലച്ച് അഡ്ജസ്റ്റ് ചെയ്താണ് നിർത്തുന്നത്.
ന്യൂട്രലായതാണ് നിയന്ത്രണം വിടാൻ കാരണമായതെന്നാണ് അദ്ദേഹം പറയുന്നത്. റോളറിന് മുന്നിലേക്ക് കുട്ടി സൈക്കിളുമായി വരുന്നതു കണ്ട് താൻ ബഹളം വെച്ചെങ്കിലും റോളർ പോയ ദിശയിലേക്ക് തന്നെ കുട്ടി വന്നതാണ് കുട്ടി അപകടത്തിൽപ്പെടാൻ ഇടയാക്കിയതെന്നാണ് ഡ്രൈവർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.