കൊട്ടിയം: കുട്ടി പൊലീസ് (സ്റ്റുഡന്റ് പൊലീസ് കേഡറ്റ്) ആകാൻ സ്കൂളുകളിൽ വിദ്യാർഥികളുടെ തിരക്ക്. അനുമതി നേടിയ 36 സ്കൂളുകളിലായി 1584 പേർക്കാണ് അവസരം. സംസ്ഥാന ആഭ്യന്തരവകുപ്പിന് കീഴിലാണ് എസ്.പി.സിയുടെ പ്രവർത്തനം. ഇത്തവണ ഇരട്ടിയിലേറെ വിദ്യാർഥികൾ സ്കൂളുകളിൽ താൽപര്യമായി എത്തുന്നതിനാൽ തെരഞ്ഞെടുപ്പ് പ്രക്രിയ കഠിനമാണ്.
എട്ടാം ക്ലാസിലെ കുട്ടികളെയാണ് തെരഞ്ഞെടുക്കുന്നത്. ഇവരിൽ പകുതി പെൺകുട്ടികളാണ്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി എഴുത്തുപരീക്ഷ കഴിഞ്ഞ 12ന് വിവിധ കേന്ദ്രങ്ങളിലായി നടത്തിയിരുന്നു. എസ്.പി.സി സംസ്ഥാന ഡയറക്ടറേറ്റ് തയാറാക്കിയ ചോദ്യപേപ്പർ ഉപയോഗിച്ചായിരുന്നു ഒരേസമയം പരീക്ഷ.
ഇതിന്റെ തുടർച്ചയായി ശാരീരികക്ഷമത പരിശോധന സ്കൂളുകളിൽ നടക്കുകയാണ്. അതത് പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ശാരീരികക്ഷമത പരിശോധന. 22 ആൺകുട്ടികളും 22 പെൺകുട്ടികളും ഉൾപ്പെടെ 44 പേർ അടങ്ങുന്നതാണ് ഒരു എസ്.പി.സി. സ്കൂളിന് ഒരു വർഷത്തേക്ക് 60000 രൂപ റിഫ്രഷ്മെന്റ് അലവൻസായി ലഭിക്കും.
വിദ്യാർഥികൾക്ക് യൂനിഫോം സൗജന്യമാണ്. കമ്യൂണിറ്റി പൊലീസ് ഓഫിസർമാരായി സ്കൂളുകളിൽ ഒരു അധ്യാപകനും വനിത അധ്യാപികയുമാണ് ചുമതലക്കാർ. ഇതിനു പുറമെ സമീപത്തെ പൊലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥരും ഉണ്ടാകും. ഇവരുടെ നേതൃത്വത്തിലാണ് എല്ലാ ബുധൻ, ശനി ദിവസങ്ങളിൽ പരേഡും പരിശീലനവും നടക്കുക.
സിറ്റി പൊലീസ് കമീഷണർ മെറിൻ ജോസഫ്, ജില്ല ക്രൈംബ്രാഞ്ച് അസി. കമീഷണർ സക്കറിയ മാത്യു, എ.ഡി.എന്.ഒ ബി. രാജേഷ്, എ.എൻ.ഒ സാബു. വൈ, ഷാജിമോൻ, അനിലാൽ, ഷഹിർ എന്നിവരുടെ നേതൃത്വത്തിലാണ് എസ്.പി.സിയുടെ പ്രവർത്തനം സിറ്റിയിൽ നടന്നുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.