കൊട്ടിയം: റോഡ് കൈയേറിയുള്ള കച്ചവടം കൊണ്ട് കാൽനടയാത്ര പോലും തടസ്സമായിട്ടും അധികൃതർ കണ്ട മട്ടില്ല. ദേശീയപാതയിൽ പള്ളിമുക്ക് പെട്രോൾ പമ്പ് മുതൽ തട്ടാമല വരെയാണ് റോഡ് കൈയേറി കച്ചവടം തകൃതിയായി നടക്കുന്നത്.
ഇറച്ചിക്കടയും, മത്സ്യക്കച്ചവടവും ചായക്കടയും വരെ ഇക്കൂട്ടത്തിലുണ്ട്. വലിയ കടകൾ അലങ്കരിച്ച് കച്ചവടം നടത്തുന്നതുപോലെ രാത്രികാലങ്ങളിൽ വലിയ ലൈറ്റുകളിട്ടും, അന്തർ സംസ്ഥാന തൊഴിലാളികൾ ഉൾപ്പടെയുള്ളവരെ വെച്ച് ജോലിയെടുപ്പിക്കുന്ന ചായക്കടകൾ വരെ ഇക്കൂട്ടത്തിലുണ്ട്.
പഴയാറ്റിൻകുഴിക്കടുത്ത് വിമലഹൃദയ സ്കൂളിലേക്ക് തിരിയുന്ന ഭാഗം മുതൽ പഴയാറ്റിൻകുഴി ജങ്ഷൻ വരെ റോഡരികിലൂടെ നടന്നുപോകാൻ പോലും കഴിയാത്ത വിധം റോഡ് കൈയേറിയിരിക്കുകയാണ്. രാത്രികാലങ്ങളിൽ റോഡിലുടെ നടന്നുപോയാൽ അപകടത്തിൽപെടുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
റോഡിലിരുന്ന് മത്സ്യക്കച്ചവടം നടത്തുന്നതിനാൽ വാഹനങ്ങൾക്ക് സൈഡിലേക്ക് ഒതുക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് ഡ്രൈവർമാർ പറയുന്നു. അവധി ദിവസങ്ങളിലെ ഇറച്ചി വിൽപന റോഡിൽ ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. ഇത്രയധികം റോഡ് കൈയേറ്റം നടന്നിട്ടും പൊതുമരാമത്ത് വകുപ്പ് അധികൃതരും, കോർപറേഷൻ അധികൃതരും കണ്ടില്ലെന്ന് നടിക്കുകയാണെന്ന ആരോപണമാണ് ഉയരുന്നത്. റോഡ് കൈയേറി ഷെഡുകൾ കെട്ടി കച്ചവടം നടത്തുന്നവരെ അടിയന്തരമായി ഒഴിപ്പിക്കാനാവശ്യമായ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.