കൊട്ടിയം: നാട്ടുകാർ പലപ്രാവശ്യമായി നൽകിയ അപകട മുന്നറിയിപ്പ് അവഗണിച്ചതാണ് മുട്ടയ്ക്കാവ് മുളവറ കുന്നിൽ ദമ്പതികൾ ഉൾപ്പെടെ മൂന്നു പേർ മുങ്ങിമരിക്കാൻ കാരണമായത്. ഒരാഴ്ച മുമ്പ് പാകിസ്ഥാൻമുക്ക് തൈക്കാവിന് സമീപം വാടകക്ക് താമസിക്കാനെത്തിയ ഇവർ ചളിയെടുത്ത നിലത്തിൽ കുളിക്കാൻ വന്നപ്പോഴെല്ലാം നാട്ടുകാർ മുന്നറിയിപ്പ് നൽകിയിരുന്നു.
വ്യാഴാഴ്ചയും ഇവർ ഇവിടെ കുളിക്കാൻ വന്നിരുന്നതായി നാട്ടുകാർ പറഞ്ഞു. നെടുമ്പന പഞ്ചായത്തിലെ കുണ്ടുമൺ, പള്ളിമൺ, മുട്ടയ്ക്കാവ് ഭാഗങ്ങളിൽ ചളിയെടുത്ത ശേഷം വെള്ളം കയറി കിടക്കുന്ന നിരവധിയിടങ്ങളുണ്ട്. ഇവിടെയെല്ലാം വലിയ ആഴവുമുണ്ട്. അപകട മുന്നറിയിപ്പു ബോർഡുകൾ ഇവിടെ പഞ്ചായത്ത് അധികൃതർ സ്ഥാപിച്ചിട്ടില്ല. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി ജീവനുകളാണ് കുളിക്കാനിറങ്ങി പൊലിഞ്ഞത്.
ചളിയെടുത്തതിനെ തുടർന്ന് വെള്ളംകയറി കിടക്കുന്ന കുഴികളിൽ വളരെ ശ്രദ്ധിച്ച് ഇറങ്ങിയില്ലെങ്കിൽ അപകടം ഉറപ്പാണ്. പ്രദേശവാസികൾക്ക് വെള്ളക്കെട്ടിലെ കുഴികളെക്കുറിച്ച് ബോധ്യമുണ്ടെങ്കിലും പുതുതായി എത്തുന്നവർക്ക് അപകടം പതിയിരിക്കുന്ന സ്ഥലങ്ങളെക്കുറിച്ച് യാതൊരു ബോധ്യവും ഉണ്ടാകാറില്ല.
ഇതാണ് കഴിഞ്ഞ ദിവസവും മൂന്നു പേരുടെ മരണത്തിനിടയാക്കിയത്. തിരുവനന്തപുരം കഠിനംകുളം പോസ്റ്റ് ഓഫിസ് പരിധിയിൽ ചിറ്റാറ്റുമുക്ക് പടിഞ്ഞാറ്റുമുക്ക് തെക്കതിൽ വീട്ടിൽ ഷബീർ, ഭാര്യ വെമ്പായം നന്നാത്ത്കാവ് നിഹാസ് മൻസിലിൽ സുമയ്യ, ഇവരൊടൊപ്പം താമസിച്ചിരുന്ന കൊല്ലം പള്ളിത്തോട്ടം ഡിപ്പോ പുരയിടത്തിൽ അർഷാദിന്റെ ഭാര്യ സജീന എന്നിവരാണ് വെള്ളിയാഴ്ച വൈകിട്ട് ആറരയോടെ മുളവറകുന്ന് ഭാഗത്ത് വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങി മുങ്ങിമരിച്ചത്.
മൃതദേഹം ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംഭവത്തിൽ ബന്ധുക്കൾക്ക് പരാതിയില്ലെങ്കിലും കണ്ണനല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മത്സ്യ കച്ചവടക്കാരനായിരുന്ന ഷബീർ എന്തിനാണ് താമസത്തിനായി ഇവിടെ വീട് എടുത്തതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
മൂന്നുപേരുടെ മരണം നടന്നതോടെ ചതുപ്പുനിലങ്ങളിൽ കുളിക്കാനിറങ്ങുന്നത് പൊലീസ് സഹായത്തോടെ തടയാനാണ് നാട്ടുകാരുടെ നീക്കം. ഭർത്താവും രണ്ടു മക്കളുമുള്ള സജീന ഇവരൊടൊപ്പം കൂടിയത് എങ്ങനെയാണെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.