കൊട്ടിയം: നെടുമ്പന ഗ്രാമപഞ്ചായത്തിലെ അംഗൻവാടി ഹെൽപ്പർ, വർക്കർ നിയമനവുമായി ബന്ധപ്പെട്ട് സാമൂഹിക പ്രവർത്തകരെ ഉൾപ്പെടുത്തിയുള്ള സമിതിയിൽ ഇടതുപക്ഷത്തെ അഞ്ചുപേരെ ഇന്റർവ്യൂ നടത്തിയതിൽ പ്രതിഷേധം. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കോൺഗ്രസിന്റെ പഞ്ചായത്ത് അംഗങ്ങളും ബ്ലോക്ക് പഞ്ചായത്ത് അംഗവും ഉൾപ്പെടെ ഇന്റർവ്യൂ തടസ്സപ്പെടുത്തി.
പട്ടികയിൽ ഇടതുപക്ഷക്കാർ മാത്രമാണുള്ളതെന്നും അതിനാൽ ഇന്റർവ്യൂ നടപടികൾ നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ മുറിയിലേക്ക് തള്ളിക്കയറി. കണ്ണനല്ലൂർ എസ്.എച്ച്.ഒ വി. ജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അനുനയ നീക്കം നടത്തിയെങ്കിലും സമരം തുടർന്നു. ഈ സമയം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സി.പി.എമ്മുകാരും സംഘടിച്ചെത്തിയത് സംഘർഷാവസ്ഥക്ക് കാരണമായി. അറസ്റ്റിനിടയിൽ ഗ്രാമപഞ്ചായത്ത് അംഗവും കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവുമായ ശോഭനകുമാരി കുഴഞ്ഞുവീണു.
ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിഷേധിച്ച 10 പേരെ കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ബ്ലോക്ക് പഞ്ചായത്ത് മെംബർ ഫൈസൽ കുളപ്പാടം, പഞ്ചായത്ത് മെംബർമാരായ ശോഭനകുമാരി, ഹാഷിം, സുജ ബിജു, ഷീല മനോഹരൻ, കോൺഗ്രസ് കണ്ണനല്ലൂർ സൗത്ത് മണ്ഡലം പ്രസിഡന്റ് കണ്ണനല്ലൂർ സമദ്, റാഷിദ് മുട്ടയ്ക്കാവ്, സജാദ്, ആഷിക്ക് ബൈജു, ഷെരീഫ് കുളപ്പാടം, ഷെമീർ, സുൽഫി ചാലക്കര, നിസാം പുന്നൂർ, ജേക്കബ്, കോൺഗ്രസ് നോർത്ത് മണ്ഡലം പ്രസിഡന്റ് റോബിൻ, അതുൽ, ഷാൻ, ഷാരിയാർ, സെയിദലി, ഹരികുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.