കുളത്തൂപ്പുഴ: പുലര്‍ച്ചെ വീട്ടമുറ്റത്തും പരിസരത്തും പ്രധാനപാതയിലും തളംകെട്ടിയ നിലയില്‍ രക്തക്കറ കണ്ടെത്തിയത് വീട്ടുകാരെയും നാട്ടുകാരെയും ഏറെനേരം പരിഭ്രാന്തിയിലാഴ്ത്തി.
കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് കുളത്തൂപ്പുഴ കവിത ട്രെഡേഴ്സ് ഉടമ ഗണപതിവിളാകം വീട്ടില്‍ രവീന്ദ്രന്റെ വീട്ടുമുറ്റത്തും പരിസരത്തും മുന്നിലൂടെ കടന്നുപോകുന്ന മലയോര ഹൈവേയിലുമായി പലയിടത്തും തളംകെട്ടിയ നിലയില്‍ രക്തക്കറ കണ്ടെത്തിയത്. ഉടന്‍ തന്നെ വിവരം കുളത്തൂപ്പുഴ പൊലീസിലറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി പരിസരത്ത് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഇതിനിടെ സ്ഥലത്ത് പൊലീസ് അന്വേഷണം നടത്തുന്നതുകണ്ട് അതുവഴി കടന്നുപോയ ഓട്ടോ തൊഴിലാളികളില്‍ ചിലര്‍ തങ്ങള്‍ പുലര്‍ച്ചെ സവാരി പോകവേ മുഖമാകെ മുറിഞ്ഞ നിലയില്‍ ഒരു പോത്ത് റോഡിലൂടെ തലങ്ങും വിലങ്ങും ഓടുന്നത് കണ്ടതായി പറഞ്ഞു.
വാഹനമോ മറ്റോ ഇടിച്ചതാകാമെന്ന സൂചനയാണ് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ സമീപ പ്രദേശങ്ങളിലാകെ തെരച്ചില്‍ നടത്തിയെങ്കിലും പരിക്കേറ്റ പോത്തിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ തന്നെ സംഭവം സംബന്ധിച്ച് സ്ഥിരീകരണത്തിനും പൊലീസിനു കഴിഞ്ഞിട്ടില്ല. പോത്തിനെ വാഹനമിടിച്ചതാണോ അതോ മറ്റെന്തെങ്കിലും സംഭവമാണോ എന്നു കണ്ടെത്തുന്നതിനായി സമീപ പ്രദേശങ്ങളിലെ നിരീക്ഷണ കാമറാ ദൃശ്യങ്ങള്‍ വിശകലനം ചെയ്യാനുള്ള ശ്രമത്തിലാണ് കുളത്തൂപ്പുഴ പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.