കുളത്തൂപ്പുഴ: വൃക്ക രോഗബാധിതയായി ആഴ്ചതോറും മൂന്നു വീതം ഡയാലിസിസ് ചെയ്തു വരുന്ന ആദിവാസി യുവതിയുടെ വീട്ടിലേക്കുള്ള വഴി അയല്‍വാസി തടസ്സപ്പെടുത്തിയതായി പരാതി. കുളത്തൂപ്പുഴ വില്ലുമല ആദിവാസി കോളനിയില്‍ മാടന്പോക്കില് പ്രിജി ഭവനില്‍ പ്രിജിയിടെ (42)വീട്ടിലേക്കുള്ള വഴിയാണ് ബന്ധുവായ അയല്‍വാസി വേലികെട്ടി തടസ്സപ്പെടുത്തിയത്.
ആദിവാസി കോളനിയില്‍ വയലേലക്ക് അക്കരെ കുന്നിന്മുകളില് താമസിക്കുന്ന പ്രിജിയുടെ വീട്ടിലേക്ക് നടവഴി മാത്രമാണ് ഉണ്ടായിരുന്നത്. വീട്ടുമുറ്റത്ത് വാഹനമെത്താത്തതിനാല്‍ കസേരയിലിരുത്തി ചുമന്നുകൊണ്ടാണ് പ്രിജിയെ ആശുപത്രിയിലേക്ക് പോകാനായി വാഹനത്തിലേക്കെത്തിച്ചിരുന്നത്.
ഈ ദുരിതം മനസ്സിലാക്കി പ്രദേശവാസികള്‍ ചേര്‍ന്ന് പ്രിജിയുടെ വീട്ടുമുറ്റത്തേക്ക് വാഹനമെത്തുന്ന രീതിയില്‍ പാത നിർമിച്ചുനല്‍കി. പ്രദേശവാസികള്‍ക്ക് പട്ടയം അനുവദിക്കുന്നതിനു മുമ്പായി താലൂക്ക് സർവേ വിഭാഗം വഴിക്കായി അളന്നിട്ട സ്ഥലത്തുകൂടിയായിരുന്നു നാട്ടുകാര്‍ ചേര്‍ന്ന് വഴി നിർമിച്ചത്. പാത നിർമാണത്തിനിടെ തന്റെ പുരയിടത്തിലുണ്ടായിരുന്ന കവുങ്ങുകള്‍ അനുവാദമില്ലാതെ നാട്ടുകാരുടെ നേതൃത്വത്തില്‍ മുറിച്ചു നീക്കിയത് ചോദ്യം ചെയ്ത് സ്ഥലമുടമ രംഗത്തെത്തുകയും പൊലീസിലും മറ്റും പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം പ്രജിയുമായി താലൂക്ക് ആശുപത്രിയിലേക്ക് പോയ ഓട്ടോറിക്ഷ പാതക്കു കുറുകെ ചാടിയ തെരുവുനായയെ ഇടിച്ചു മറിഞ്ഞു.
ശരീരമാസകലം പരിക്കുകളോടെ ഡയാലിസിസ് കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്കും അയല്‍വാസി പാതയുടെ നടുക്ക് കൂടി വേലി കെട്ടി വാഹനം പോകാനാവാത്ത വിധത്തിലാക്കി. ഇതേ തുടര്‍ന്ന് കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും സ്ട്രെച്ചര്‍ എത്തിച്ചാണ് പ്രിജിയെ വീട്ടിലേക്കെത്തിച്ചത്. രോഗിയായ യുവതിക്ക് ആശുപത്രിയില്‍ പോകാനാവാത്ത വിധം വഴി തടസ്സപ്പെടുത്തിയതിനെതിരെ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.