കുളത്തൂപ്പുഴ: അഞ്ചുപതിറ്റാണ്ടോടടുമ്പോഴും ദര്ഭക്കുളത്തെ ഭൂരഹിതരുടെ പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരമെന്ന അധികൃതരുടെ പ്രഖ്യാപനം ജലരേഖയായി തുടരുന്നു. 49 വര്‍ഷമായി ഭൂരഹിതരായി ഉഴലുന്ന പ്രദേശവാസികളുടെ പ്രതിനിധികളുമായി കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നടത്തിയ ചര്‍ച്ചകളില്‍ ഉടന്‍ ഭൂമി കണ്ടെത്തി വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനുശേഷമാണ് സമീപ പ്രദേശങ്ങളായ റോസുമല, സാംനഗര്‍ എന്നിവിടങ്ങളില്‍ കൈവശ ഭൂമിക്ക് പട്ടയം നല്‍കിയത്. ദര്‍ഭക്കുളം ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാൻ ഭൂമി കണ്ടെത്തി നല്‍കുന്നതിനായി വിവിധ വകുപ്പുകളോട് മന്ത്രിമാര്‍ ആവശ്യപ്പെട്ടെങ്കിലും തുടര്‍നടപടിയില്ലാതെ ഫയലുകള്‍ ഉറങ്ങുകയാണ്.
വര്‍ഷങ്ങള്‍ക്കുമുമ്പ് കല്ലാര്‍ വനമേഖലയില്‍ സ്വകാര്യവ്യക്തി സര്‍ക്കാറില്‍നിന്ന് പാട്ടത്തിനെടുത്ത് കൃഷി ചെയ്തുവന്ന ഭൂമി പാട്ടക്കാലാവധി കഴിഞ്ഞ് സര്‍ക്കാര്‍ ഏറ്റെടുത്ത് മിച്ചഭൂമിയായി പ്രഖ്യാപിച്ച് പ്രദേശത്തെ ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ 1975ല്‍ വിജ്ഞാപനം ചെയ്തു. സര്‍ക്കാര്‍ നിശ്ചയിച്ച ന്യായവില റവന്യൂ വകുപ്പിലേക്ക് അടച്ച 154 കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ വീതം ഭൂമി അനുവദിച്ച് അസൈന്മെന്റ് വിതരണം ചെയ്യുകയും ചെയ്തു. അനുവദിച്ചുകിട്ടിയ സ്ഥലം റവന്യൂ ഉദ്യോഗസ്ഥരുടെ നിര്‍ദേശാനുസരണം കണ്ടെത്തി അതിര് തിരിച്ച് വേലികെട്ടാൻ ശ്രമിച്ചപ്പോൾ തടസ്സവാദവുമായി വനംവകുപ്പ് എത്തി. പ്രദേശം നിക്ഷിപ്ത വനമേഖലയിലായതിനാല്‍ വിട്ടുനല്‍കാനാവില്ലെന്ന നിലപാടിലായിരുന്നു വനംവകുപ്പ്. പ്രദേശം വനംവകുപ്പ് കൈയേറിയതോടെ ഇവര്‍ വീണ്ടും ഭൂരഹിതരായി.
കാലങ്ങളായി മന്ത്രിമന്ദിരങ്ങളും സെക്രട്ടേറിയറ്റും കയറിയിറങ്ങിയെങ്കിലും ഫലമില്ലാതായി. അസൈന്മെന്റ് ലഭിച്ചവരില്‍ നല്ലൊരുപങ്കും മൺമറഞ്ഞു. ജീവിച്ചിരിക്കുന്നവരിൽ എഴുപതും എണ്‍പതും വയസ്സുള്ള പലരും മറ്റുപലരുടെയും വീടുകളിലാണ് അന്തിയുറങ്ങുന്നത്. മുന്‍ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഇടമുളയ്ക്കല്‍ പഞ്ചായത്തില്‍ ഭൂമി കണ്ടെത്തിയെങ്കിലും അവസാനം മുഖ്യമന്ത്രിയുടെ ഭവനപദ്ധതിക്കായി വിട്ടുനല്‍കി. ശേഷം അധികാരത്തിലെത്തിയ ഇടതുസര്‍ക്കാര്‍ റവന്യൂ-വനം മന്ത്രിമാരും ബന്ധപ്പെട്ട വകുപ്പ് ഉന്നതരും ചേര്‍ന്ന് യോഗം വിളിച്ചു. റവന്യൂ വകുപ്പിന്റെ കൈവശമുള്ള ഭൂമി വനംവകുപ്പിന് നല്കിയാല് പകരം ദര്‍ഭക്കുളം ഭൂരഹിതര്‍ക്ക് ഭൂമി വിട്ടുനല്‍കാൻ തയാറാണെന്ന് അറിയിച്ചു. ഇതിന്‍പ്രകാരം കുളത്തൂപ്പൂഴ മരുതിമൂടിനുസമീപത്തെ പ്ലാന്റേഷന് പ്രദേശം വനംവകുപ്പിലെയും റവന്യൂവകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു.
ഇതും വകുപ്പുകളുടെ നടപടിക്രമങ്ങളില്‍ കുരുങ്ങി അവസാനിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് സെക്രട്ടേറിയറ്റില്‍ നടന്ന വകുപ്പുതല ഉന്നതയോഗത്തില്‍ മറ്റ് ജില്ലകളിലടക്കം റവന്യൂവകുപ്പിന്റെ കൈവശമുള്ള ഭൂമി കണ്ടെത്തുന്നതിന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതും എങ്ങുമെത്തിയില്ല. തെരഞ്ഞെടുപ്പും ആരവങ്ങളും അവസാനിച്ചപ്പോഴേക്കും ദര്‍ഭക്കുളം ഭൂരഹിതരെ എല്ലാവരും മറന്നു. സര്‍ക്കാര്‍ രണ്ടരവര്‍ഷം പിന്നിട്ടിട്ടും ഭൂപ്രശ്നം ചര്ച്ചക്കെത്താതെ വന്നതോടെ ജനപ്രതിനിധികളോട് വിവരം തേടിയപ്പോള്‍ നവകേരളയാത്ര അവസാനിച്ചാലുടന്‍ വനം-റവന്യൂ മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിക്കുമെന്ന അറിയിപ്പ് ലഭിച്ചു. എന്നാല്‍, പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് എത്തിയിട്ടും നടപടിയില്ല.
ഇതിനിടെ കിഴക്കൻ വനമേഖലക്കുള്ളിലുള്ള ജനവാസകേന്ദ്രങ്ങളെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി റീബില്‍ഡ് കേരള പദ്ധതിയിലുള്‍പ്പെടുത്തി പ്രദേശത്തെ താമസക്കാര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്ന നടപടി വനംവകുപ്പില്‍ പുരോഗമിക്കുകയാണ്. ഡാലിക്കരിക്കം, റോസുമല, കട്ടിളപ്പാറ, വട്ടക്കരിക്കം തുടങ്ങിയ പ്രദേശങ്ങളിലെ താമസക്കാരില്‍ ഭൂരിഭാഗവും വനംവകുപ്പിന്റെ സഹായം സ്വീകരിച്ച് പാർപ്പിടങ്ങൾ കണ്ടെത്തി. ഇത്തരം പദ്ധതിയിൽ ദര്‍ഭക്കുളം ഭൂരഹിതരെക്കൂടി ഉള്‍പ്പെടുത്താൻ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും വലിയ താൽപര്യമെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.