കുളത്തൂപ്പുഴ : വനം വകുപ്പിന്റെ കീഴിലുള്ള പ്ലാന്റേഷനുകളിലേക്കും വിവിധ മേഖലയിലേക്കും വനവത്കരണത്തിനാവശ്യമായ തൈകളൊരുക്കി കുളത്തൂപ്പുഴയിലെ സെന്‍ട്രല്‍ നഴ്സറി. ഡീസെന്റുമുക്കില് ഏക്കറുകളോളം വരുന്ന പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന നഴ്സറിയില്‍ നിലവില്‍ നിലമ്പൂര്‍ തേക്ക് തൈകളാണ് ഉല്പാദിപ്പിക്കുന്നത്.
മുമ്പ് വനം വകുപ്പിനു പുറമെ സാമൂഹിക വനവത്കരണത്തിനായി സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിനു വേണ്ടിയും വിവിധ തരം വൃക്ഷ തൈകള്‍ ഇവിടെ തയാറാക്കിയിരുന്നു. ഇപ്പോള്‍ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം സ്വന്തമായി തൈകള്‍ തയാറാക്കുന്ന നിലപാടിലേക്ക് മാറിയതോടെ ഓരോ വര്‍ഷവും വനംവകുപ്പിന്റെ തോട്ടങ്ങളിലേക്കും മറ്റും ആവശ്യത്തിനുള്ള തേക്ക് തൈകള്‍ മാത്രമാണ് ഉല്പാദിപ്പിക്കുന്നത്.
ഇക്കുറി 312000 തൈകളാണ് തയാറായികൊണ്ടിരിക്കുന്നത്. പീച്ചിയിലെ വനം വകുപ്പ് റിസെര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നെത്തിക്കുന്ന ഉന്നത ഗുണനിലവാരത്തിലുളള നിലമ്പൂര്‍ തേക്കുകളുടെ വിത്തുകള്‍ മുളപ്പിച്ചാണ് തൈകള്‍ ഒരുക്കുന്നത്. ഓരോ വര്‍ഷവും ഒക്ടോബര്‍, നവംബര്‍ മാസത്തോടെ പ്രദേശത്തെ വനത്തില്‍ നിന്ന് ഇലകള്‍ ശേഖരിച്ച് പച്ചില കമ്പോസ്റ്റ് തയാറാക്കുന്നതോടെയാണ് നഴ്സറിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
മണ്ണും പച്ചിലവളവും ചേര്‍ത്ത് നിറച്ച ബെഡുകളില്‍ വിത്തുകളിട്ട് മുളപ്പിച്ച് കൃത്യമായ ശ്രദ്ധയോടെ പരിപാലിച്ച് തയാറാക്കുന്ന തൈകള്‍ ജൂണ്‍ മാസത്തോടെ വിതരണം ചെയ്യുന്നതാണ് പതിവ്. നഴ്സറിയുടെ തുടക്കത്തില്‍ അകേഷ്യ, മാഞ്ചിയം, യൂക്കാലിപ്റ്റ്സ് തുടങ്ങിയവയുടെ തൈകള്‍ ഉല്‍പാദിപ്പിച്ചിരുന്നുവെങ്കിലും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വനം വകുപ്പ് ഇവയുടെ ഉല്പാദനവും വിതരണവും നിര്‍ത്തലാക്കുകയായിരുന്നു.
ഇതിനിടെ സാമൂഹിക വനവത്കരണത്തിനായുള്ള തൈകള്‍ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം സ്വന്തമായി ഉല്പാദിപ്പിക്കാന് തുടങ്ങിയതോടെ പരിസ്ഥിതി ദിനത്തില്‍ വിതരണത്തിനായി തൈകള്‍ തയാറാക്കുന്നതും നിര്‍ത്തലാക്കുകയുമായിരുന്നു.
ഇതോടെ നൂറിലധികം പ്രദേശവാസികള്‍ക്ക് സ്ഥിരമായി ജോലി ലഭിച്ചിരുന്ന ഇവിടെ ഇപ്പോള്‍ പത്തില്‍ താഴെ തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. നിലവില്‍ ഇവിടെ ഉല്പാദിപ്പിക്കുന്ന നിലമ്പൂര്‍ തേക്ക് തൈകളില്‍ വനം വകുപ്പിന്റെ ആവശ്യം കഴിഞ്ഞുളളവ പ്ലാസ്റ്റിക് കവറുകളിലാക്കി പൊതുജനങ്ങള്‍ക്ക് വില്പന നടത്തുന്നുമുണ്ട്.
മഴക്കാലമെത്തുന്നതോടെ ഗുണ നിലവാരത്തില്‍ ഏറെ മുന്നിലുള്ള തേക്ക് തൈകള്‍ വാങ്ങാനായി നിരവധി പേരാണ് കുളത്തൂപ്പുഴ സെന്‍ട്രല്‍ നഴ്സറിയിലേക്കെത്തുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. പൊതുജനങ്ങള്‍ക്കിടയില്‍ ഏറെ ആവശ്യക്കാരുള്ള മറ്റ് ഇനത്തില്‍ പെട്ട ഫല വൃക്ഷ തൈകള്‍ കൂടി ഇവിടെ നിന്നും ഉല്പാദിപ്പിക്കുകയും പരിസ്ഥിതി ദിനത്തിലടക്കം ഇവ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയും ചെയ്താല്‍ സെന്‍ട്രല്‍ നഴ്സറിയുടെ പ്രസക്തി ഏറെ ഉയരുന്നതിനിടയാക്കുമെന്നും ജീവനക്കാര്‍ പ്രത്യാശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.