കുളത്തൂപ്പുഴ: കുളത്തൂപ്പുഴയിലും പരിസരപ്രദേശങ്ങളിലും ദൈനംദിനം വർധിച്ചുവരുന്ന കാട്ടുകുരങ്ങുകളുടെ ശല്യത്തില്‍ പൊറുതി മുട്ടി പൊതുജനം.
പുലര്‍ച്ച മുതല്‍ കാടിറങ്ങി ജനവാസമേഖലയിലെത്തുന്ന കുരങ്ങുകൾ കാര്‍ഷികവിളകൾ കടിച്ചും തിന്നും നശിപ്പിക്കുകയാണ്. വീടുകള്‍ക്കുള്ളില്‍ കടന്നുകയറി പാകം ചെയ്ത ഭക്ഷണമടക്കം നശിപ്പിക്കുന്നതും പതിവാണ്. ആരെങ്കിലും വീടിനുപുറത്തേക്കിറങ്ങിയാല് സമീപത്തുള്ള മരങ്ങള്‍ക്ക് മുകളിലേക്ക് പാഞ്ഞുകയറുന്ന ഇവ സ്ത്രീകളാണെന്ന് കണ്ടാല്‍ സംഘം ചേര്‍ന്ന് ആക്രമിക്കും.
ചെറിയ കുഞ്ഞുങ്ങളടക്കം ഇരുപതും മുപ്പതും പേരടങ്ങുന്ന സംഘങ്ങളായാണ് ഇവയെത്തുന്നത്. തെങ്ങുകളിലെ കരിക്കുകളും തേങ്ങയും മുഴുവന്‍ കടിച്ചുപൊട്ടിച്ചു നശിപ്പിക്കുകയാണ്. ദിവസേനെയെത്തുന്ന ഇവ തെങ്ങുകളിലെ മച്ചിങ്ങ അടക്കം പറിച്ചുകളയുന്നതിനാല് നാട്ടുകാര്‍ തേങ്ങക്ക് മറ്റു പ്രദേശങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. ഗ്രാമപ്രദേശങ്ങളിലെ സ്കൂളുകള്‍ക്കും അംഗൻവാടികള്‍ക്കും പരിസരങ്ങളിലുമെത്തി വിദ്യാര്‍ഥികളെ ആക്രമിച്ച് ഭക്ഷണം തട്ടിയെടുക്കുന്നതും നിത്യസംഭവമാണ്.
കുടിവെള്ള ടാങ്കുകളുടെ മൂടികള്‍ തകര്‍ത്തശേഷം ഇതിനുള്ളിലിറങ്ങിയാണ് നീരാട്ട്. കോഴിക്കൂടുകളിലും മറ്റും കടന്നുകയറി കോഴികളെ പൊക്കിമാറ്റിയിട്ട് മുട്ട കട്ടെടുത്ത് പോകുന്ന വീരന്മാരും നിരവധിയാണ്. വ്യാപാരശാലകളുടെ മേല്‍ക്കൂരയിലൂടെ കടന്നെത്തുന്ന ഇവ ജീവനക്കാരെ കബളിപ്പിച്ച് ഭക്ഷണ സാധനങ്ങളും പഴങ്ങളുമെല്ലാം കവരുന്നത് വ്യാപാരികളെയും വലക്കുന്നു.
മാസങ്ങൾക്ക്മുമ്പ് വാനര ശല്യം ശക്തമായപ്പോൾ പൊതുജനം പ്രതിഷേധമുയര്‍ത്തുകയും കുളത്തൂപ്പുഴ വനം റേഞ്ച് ഓഫിസ് ഉപരോധിക്കുകയും ചെയ്ത അവസരത്തില്‍ നടന്ന ഒത്തുതീര്‍പ്പുചര്‍ച്ചയില്‍ ശല്യക്കാരായ കുരങ്ങുകളെ പിടികൂടി ഉള്‍വനത്തില്‍ വിട്ടയക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചത് നടപ്പിലായിട്ടില്ലെന്നുമാത്രമല്ല ദൈനംദിനം ഇവയുടെ ശല്യം കൂടി വരികയും ചെയ്യുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.
കുരങ്ങുകളുടെ കൃഷിനാശത്തിനു വനംവകുപ്പ് നഷ്ടപരിഹാരം നല്‍കുന്നുണ്ടെന്ന വാദമാണ് അധികൃതര്‍ക്ക് ഉള്ളത്. എന്നാല്‍ കര്‍ഷകര്‍ക്കുണ്ടാകുന്ന നാശനഷ്ടത്തിന്റെ കണക്ക് അക്ഷയ കേന്ദ്രം വഴി ഓണ്‍ലൈന്‍ അപേക്ഷ നല്കിയാല് തന്നെ ഉണ്ടായ നഷ്ടത്തിന്റെ പകുതി പോലും നഷ്ടപരിഹാരമായി ലഭിക്കാത്തതും സാലതാമസവും കാരണം ഭൂരിഭാഗം പേരും നഷ്ടപരിഹാരം തേടി പോകുന്നില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.