കുളത്തൂപ്പുഴ: വിമാന കമ്പനി ഉദ്യോഗസ്ഥരുടെ അനാസ്ഥയെ തുടർന്ന് തിരുവനന്തപുരത്തേക്ക് അയച്ച കുളത്തൂപ്പുഴ സ്വദേശിയുടെ മൃതദേഹം മുംബെയിലിറക്കി. കഴിഞ്ഞദിവസം സൗദി റിയാദിൽ ജോലി സ്ഥലത്തുവെച്ച് ഹൃദയാഘാതം മൂലം മരിച്ച കുളത്തൂപ്പുഴ സ്വദേശി ചോഴിയക്കോട് ദാറുസ്സലാമിൽ സുധീർ അബൂബക്കറിന്റെ (44) മൃതദേഹമാണ് തിങ്കളാഴ്ച രാത്രി എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക് അയച്ചത്.
മുംബൈ വഴി കണക്ഷനുള്ള വിമാനത്തിലെത്തിച്ച മൃതദേഹം കാർഗോ സെക്ഷനിലുള്ള ഉദ്യോഗസ്ഥർ തിരുവനന്തപുരത്തേക്ക് കയറ്റിയയച്ചില്ല. മൃതദേഹത്തെ അനുഗമിച്ചെത്തിയ സുഹൃത്തുക്കൾ തിരുവനന്തപുരത്തെത്തി കാർഗോ വിഭാഗത്തിൽ മണിക്കൂറുകൾ കാത്തുനിന്ന ശേഷം അന്വേഷിച്ചപ്പോഴാണ് മൃതദേഹം എത്തിയിട്ടില്ലെന്നറിയുന്നത്.
തുടർന്ന് എയർലൈൻ അധികൃതരുമായി ബന്ധപ്പെട്ട് ബഹളമുണ്ടാക്കിയപ്പോൾ മുംബൈയിലുള്ള മൃതദേഹം വൈകീട്ട് അഞ്ചിന് പുറപ്പെടുന്ന വിമാനത്തിൽ തിരുവനന്തപുരത്തേക്ക് അയക്കുമെന്നും രാത്രി എട്ടോടെ എത്തുമെന്നും മറുപടി ലഭിച്ചതായി ബന്ധുക്കൾ പറഞ്ഞു. എയർലൈൻ അധികൃതരുടെ അനാസ്ഥ സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.