കുളത്തൂപ്പുഴ: എസ്.എസ്.എല്‍.സി പരീക്ഷ വിജയിച്ച മുഴുവന്‍ കുട്ടികള്‍ക്കും ഉപരിപഠനത്തിനു കുളത്തൂപ്പുഴയില്‍ സൗകര്യമൊരുക്കാന്‍ അധികൃതര്‍ക്ക് കഴിയാത്തത് രക്ഷിതാക്കളെയും വിദ്യാര്‍ഥികളെയും വലക്കുന്നു. അഡ്മിഷനുവേണ്ടി ദൂരസ്ഥലങ്ങള്‍ തേടേണ്ടി വരുമെന്നതാണ് വിദ്യാര്‍ഥികളെ ദുരിതത്തിലാക്കുന്നത്.
പ്ലസ് വണ്‍ തുടര്‍പഠനത്തിന് നിലവില്‍ കുളത്തൂപ്പുഴയിലുള്ള സര്‍ക്കാര്‍ ഹയര്‍സെക്കൻഡറി സ്കൂളില്‍ സയന്‍സ്, ആര്‍ട്സ്, കോമേഴ്സ് വിഭാഗങ്ങളിലായി ആകെ 180 സീറ്റുകളാണുള്ളത്. അതേസമയം, കുളത്തൂപ്പുഴയില്‍ പരീക്ഷയെഴുതി വിജയിച്ച 357പേരും തുടര്‍ പഠനത്തിനായി പ്രവേശനത്തിനായി കാത്തിരിക്കുകയാണ്.
നിലവിലെ സ്ഥിതിയില്‍ 50 ശതമാനം വിദ്യാര്‍ഥികള്‍ക്കു പോലും പ്രവേശനം നല്കാന് കഴിയാത്ത അവസ്ഥയാണുള്ളത്. പോളിടെക്നിക്കിനായി സൗകര്യങ്ങളൊരുക്കി കാത്തിരിക്കുന്ന സാം ഉമ്മന്‍ മെമ്മോറിയല്‍ ടെക്നിക്കല്‍ ഹൈസ്കൂളും പുതിയ ബാച്ചുകളില്ലാതെ ഗവ. ഹയര്‍ സെക്കൻഡറി സ്കൂളും നിലനില്‍ക്കെയാണ് വിജയികളായ പകുതിയിലേറെ കുട്ടികള്‍ക്ക് ഉപരിപഠനത്തിനായി കുളത്തൂപ്പുഴവിട്ട് പോകേണ്ടിവരുന്നത്.
കിഴക്കന്‍ മലയോര മേഖല കേന്ദ്രീകരിച്ച് കൂടുതല്‍ ബാച്ചുകളും സൗകര്യങ്ങളും അനുവദിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.