കുളത്തൂപ്പുഴ: കണക്ഷൻ ലഭിച്ചു മാസങ്ങള്‍ കഴിഞ്ഞിട്ടും കുടിവെള്ളം ലഭിക്കാതെ വന്നതോടെ കണക്ഷനുകള്‍ ഉപേക്ഷിച്ച് ഗുണഭോക്താക്കള്‍. കുളത്തൂപ്പുഴ പഞ്ചായത്തില്‍ ജല്‍ജീവന്‍ മിഷന് പദ്ധതി പ്രകാരം ഭൂരിഭാഗം കുടുംബങ്ങള്‍ക്കും സൗജന്യമായി പഞ്ചായത്ത് കുടിവെള്ള കണക്ഷനുകള്‍ അനുവദിച്ചിരുന്നു.
പല പ്രദേശങ്ങളിലും പൈപ്പിലൂടെ കുടിവെള്ളം ലഭിക്കുന്നില്ല. ആഴ്ചകളോ മാസങ്ങളോ കൂടുമ്പോള്‍ മാത്രമാണ് ഒന്നോ രണ്ടോ ദിവസം പൈപ്പില്‍ വെള്ളമെത്തുന്നത്. ഉയര്‍ന്ന പ്രദേശങ്ങളില്‍ പലയിടത്തും വെള്ളമേ എത്തുന്നില്ലെന്നതാണ് വസ്തുത.
ചില പ്രദേശങ്ങളില്‍ രാത്രിയില്‍ പൈപ്പില്‍ വെള്ളമെത്തുന്നതായി നാട്ടുകാരില്‍ ചിലര്‍ പറയുന്നുണ്ടെങ്കിലും നേരം പുലരുംമുമ്പ് അവസാനിക്കുമെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. കുടിവെള്ളമെത്തിയില്ലെങ്കിലും പൈപ്പ് തുറന്നാലുടന്‍ മീറ്റര്‍ കറങ്ങാന്‍ തുടങ്ങുമെന്നതാണ് പ്രത്യേകത. ഇത്തരത്തില്‍ കുടിവെള്ളമെത്താതെ മീറ്റര്‍ കറങ്ങി ഉയര്‍ന്ന തുക ബില്ലായി ലഭിച്ചവരും നിരവധിയാണ്.
ഏതാനും നാള് മുമ്പ്വരെ മിനിമം ചാർജ് വന്നിരുന്നിടത്ത് ഇരട്ടി തുകയാണ് കഴിഞ്ഞ മാസം മുതല്‍ രേഖപ്പെടുത്തി വരുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. കുടിവെള്ളം ലഭിക്കാതെ ബില്ലു മാത്രം അടക്കണ്ടെന്ന നിലപാടില്‍ നിരവധി പേരാണ് കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ കണക്ഷനുകള്‍ ഉപേക്ഷിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് അപേക്ഷ നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.