കുളത്തൂപ്പുഴ: രാത്രിയെന്നോ പകലെന്നോയില്ലാതെ ജനവാസ മേഖലയിലേക്കെത്തുന്ന കാട്ടുപോത്തുകളെ ഭയന്ന് വഴിനടക്കാനാവാതെ ഗ്രാമവാസികള്‍. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിന്റെ കിഴക്കന്‍ മേഖലയിലെ ആദിവാസി കോളനികളിലെ താമസക്കാരാണ് ജീവല്ഭയവുമായി കഴിയുന്നത്. വില്ലുമല, രണ്ടാംമൈല്‍, പെരുവഴിക്കാല, കുളമ്പി തുടങ്ങിയ കോളനി പ്രദേശങ്ങളിലേക്ക് പോകുന്ന പ്രദേശത്തെ വനത്തിലും പുല്‍മേടുകളിലും ദിനേനെയാണ് കാട്ടുപോത്തുകളുടെ കൂട്ടത്തെ കാണുന്നത്.
ഏതാനും ദിവസം മുമ്പ് ഉച്ചയോടെ വില്ലുമല ആദിവാസി കോളനി പ്രദേശത്തെത്തിയ പന്ത്രണ്ടോളം വരുന്ന കാട്ടുപോത്തുകള്‍ കോളനിയിലെ വീട്ടുമുറ്റത്തേക്കെത്തിയിരുന്നു. ഈ സമയം വീട്ടുകാര്‍ സ്ഥലത്തില്ലായിരുന്നു.
പറമ്പിലെ റബ്ബര്‍ മരങ്ങള്‍ക്കിടയിലൂടെ ഏറെനേരം മേഞ്ഞുനടന്ന സംഘം വൈകീട്ടോടെയാണ് പ്രദേശത്തുനിന്ന് മടങ്ങിയത്. സമീപ കോളനി പ്രദേശത്തേക്കുള്ളവര്‍ കാല്‍നടയായും മറ്റും കടന്നുപോകുന്ന പാതയോരത്താണ് മിക്ക ദിവസങ്ങളിലും ഇവയെ കാണാറുള്ളതെന്നും പലപ്പോഴും ശ്വാസംവിടുന്ന ശബ്ദം പോലും കേള്‍പ്പിക്കാതെയാണ് കോളനി പ്രദേശത്തേക്ക് നടന്നുപോകുന്നതെന്നും ഇവര്‍ പറയുന്നു.
വിദ്യാലയങ്ങള്‍ തുറക്കുന്നതോടെ കുട്ടികളും വീട്ടമ്മമാരും ഇതുവഴിയാണ് പോകേണ്ടതെന്നത് നാട്ടുകാരുടെ ഭീതി വര്‍ധിപ്പിക്കുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് കുളത്തൂപ്പുഴ ഇ.എസ്.എം കോളനിക്ക് സമീപം വനം വകുപ്പിന്റെ സഞ്ജീവനി വനത്തിനോട് ചേര്‍ന്നുള്ള കൃഷിയിടത്തിലും കാട്ടുപോത്തുകളെത്തിയിരുന്നു. അടിയന്തരമായി കാട്ടുപോത്തുകളെ പ്രദേശത്തുനിന്ന് തുരത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.