കുളത്തൂപ്പുഴ: ഏപ്രില്‍ മാസം അവസാനിക്കാറായിട്ടും വേനല്‍മഴ ഇല്ലാത്തതോടെ കിഴക്കന്‍ മലയോര മേഖല കത്തുന്ന നിലയില്‍. പകലും രാത്രിയും ഒരുപോലെ ശക്തമായ ചൂടും വരണ്ട കാലാവസ്ഥയുമാണ്. വന മേഖലയിലെ അരുവികളും നീര്ചാലുകളുമെല്ലാം നീരൊഴുക്ക് നിലച്ച് വരണ്ടുണങ്ങിയ നിലയിലാണ്.
വനത്തിനുള്ളിലെ നീര്‍ച്ചാലുകളെല്ലാം വരണ്ടതോടെ കുടിവെള്ളം തേടിയെത്തുന്ന കാട്ടുമൃഗങ്ങൾ ജനവാസ മേഖലയിലേക്കെത്തുന്നതും പതിവാകുന്നു. കിഴക്കന്‍ മലയോര മേഖലയിലെ പ്രധാന ജലസ്ത്രോതസ്സായ കുളത്തൂപ്പുഴയാറിലേക്ക് ജലമെത്തിക്കുന്ന കൈവഴികളായിരുന്ന തോടുകളും അരുവികളും നീരൊഴുക്ക് നിലച്ചു. പലയിടത്തും അരുവികൾ ഒഴുകിയിരുന്നത് പോലും തിരിച്ചറിയാനാവാത്ത വിധം ഉണങ്ങിയ നിലയിലാണ്.
താഴ്ന്ന പ്രദേശങ്ങളിലെ കുഴികളിൽ കെട്ടിക്കിടക്കുന്ന വെള്ളമാണ് മുമ്പ് ഇതു വഴി തോട് ഒഴുകിയിരുന്നു എന്നുള്ളതിന് തെളിവായി അവശേഷിക്കുന്നത്. ഇക്കുറി കുളത്തൂപ്പുഴയുടെ സമീപ പ്രദേശങ്ങിലെല്ലാം കുറഞ്ഞ തോതിലെങ്കിലും വേനല്‍ മഴ ലഭിച്ചെങ്കിലും കുളത്തൂപ്പുഴയിലും വൃഷ്ടി പ്രദേശങ്ങളിലൊന്നും ഇനിയും പെയ്തിട്ടില്ല.
മുന്‍ വര്‍ഷങ്ങളില്‍ വിഷുവിനോടനുബന്ധിച്ച് കുളത്തൂപ്പുഴ മേഖലയില്‍ ശക്തമായ വേനല്‍ മഴ ലഭിക്കുമായിരുന്നു. വേനൽമഴ ലഭിച്ചില്ലെങ്കിൽ വരൾച്ച കൂടുതൽ കഠിനമാകുമെന്ന സൂചനയാണ് പ്രകൃതി നൽകുന്നതെന്ന് കർഷകർ പറയുന്നു.
വേനല്‍ ആരംഭിച്ചപ്പോള്‍ കൃഷിയിടങ്ങളിലെ ചാലുകളില്‍ നിന്ന് ഓരത്ത് കുത്തിയ കുളങ്ങളിൽ നിന്നും വെള്ളം കോരി വന്നാണ് പച്ചക്കറി കൃഷികള്‍ നനച്ചിരുന്നത്. വേനൽ കടുത്ത് ഉറവകളും കുളങ്ങളും വറ്റിവരണ്ടതോടെ കത്തുന്ന ചൂടിൽ കൃഷിയെല്ലാം കരിഞ്ഞുണങ്ങുന്നത് കർഷകരെ ഏറെ പ്രതിസന്ധിയിലാക്കിയിണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.