കുളത്തൂപ്പുഴ: തിങ്കള്‍ക്കരിക്കം വില്ലേജ് ഓഫിസ് സ്മാര്‍ട്ടാകാന്‍ ഇനിയും ഏറെ നാള് കാത്തിരിക്കേണ്ടി വരും. വില്ലേജ് ഓഫിസ് നിര്‍മിക്കുന്നതിനായി റവന്യൂ വകുപ്പ് കണ്ടെത്തിയ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം പരിഹരിക്കാതെ അനന്തമായി നീളുന്നതാണ് കാരണം. കഴിഞ്ഞ 2021 മേയില്‍ കിലോമീറ്ററുകള്‍ അകലെ താൽക്കാലിക കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ച വില്ലേജ് ഓഫിസില്‍ സ്ഥലപരിമിതി മൂലം പൊതുജനം വീര്‍പ്പു മുട്ടുകയുമാണ്.
വര്‍ഷങ്ങള്‍ക്കു മുമ്പ് തിങ്കള്‍ക്കരിക്കം ജങ്ഷനു സമീപത്തായി വനം വകുപ്പിന്റെ കൈവശത്തിലിരുന്ന ഭൂമി പഞ്ചായത്തിനു വിട്ടു നല്കാന് വകുപ്പ് സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, വനഭൂമി ഏറ്റെടുക്കുന്നതിലെ നൂലാമാലകള്‍ കാരണം നടപടികള്‍ക്ക് മുതിരാതെ ഉദ്യോഗസ്ഥര്‍ ഉപേക്ഷിക്കുകയായിരുന്നു. കാലങ്ങള്‍ കഴിഞ്ഞതോടെ ജനവാസ മേഖലയോട് ചേര്‍ന്നുള്ള ഭൂമി പ്രദേശവാസികളിലൊരാള്‍ കൈയേറാന്‍ ശ്രമം നടത്തുകയും റവന്യൂ വനം വകുപ്പുകള്‍ ഇടപെട്ട് ഒഴിപ്പിക്കുകയും ചെയ്തിരുന്നു.
2021ല്‍ തിങ്കള്‍ക്കരിക്കം വില്ലേജ് ഓഫിസ് ആധുനിക സൗകര്യങ്ങളൊരുക്കി സ്മാര്‍ട്ടാക്കുന്നതിന്റെ ഭാഗമായി പുതിയ കെട്ടിടം നിർമിക്കുന്നതിനായി ഇൗ സ്ഥലം റവന്യൂ വകുപ്പ് കണ്ടെത്തി മരങ്ങള്‍ മുറിച്ചു മാറ്റി. കെട്ടിടത്തിന്റ് അടിത്തറ കെട്ടുന്നതിനായി സ്ഥലമൊരുക്കി വാനം കുഴിച്ച് കരിങ്കല്ലും മെറ്റലും മറ്റു നിർമാണ സാമഗ്രികളും വൈദ്യുതി കണക്ഷന് അടക്കം എത്തിച്ചു പ്രവര്‍ത്തികള്‍ ആരംഭിക്കവേ തടസ്സവാദവുമായി വനം വകുപ്പ് രംഗത്തെത്തി. ഭൂമിയുടെ ഉടമസ്ഥാവകാശം വനം വകുപ്പിനാണെന്നും റവന്യൂ വകുപ്പ് അനധികൃതമായി ഭൂമി കൈയേറുകയായിരുന്നെന്നാണ് വനം വകുപ്പിന്റെ വാദം. നിർമാണം അനന്തമായി നീണ്ടതോടെ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും പരാതികളുയരുകയും പി. എസ്. സുപാല്‍ എം.എല്‍.എ സംഭവത്തില്‍ ഇടപെട്ടു.
ഇരു വകുപ്പുകളുമായി ചര്‍ച്ചകള്‍ നടത്തി പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് ഗ്രാമപഞ്ചായത്തംഗം സി. സുഭിലാഷ് കുമാര്‍ പറഞ്ഞു. ഉടമസ്ഥത സംബന്ധിച്ച് വ്യക്തത വന്നതിനു ശേഷമേ നിർമാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ കഴിയുകയുള്ളൂ. അതിനാല്‍തന്നെ തിങ്കള്‍ക്കരിക്കം വില്ലേജ് ഓഫിസ് സ്മാര്‍ട്ടാകാന്‍ ഇനിയും ഏറെനാള്‍ കാത്തിരിക്കേണ്ടി വരുമെന്നുതന്നെയാണ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.