കുളത്തൂപ്പുഴ: ആദിവാസി കോളനിയിലേക്കുള്ള വനപാതയില്‍ കാട്ടാന ഓട്ടോ കുത്തി മറിച്ചു. യാത്രികര്‍ പരിക്കുകളേല്‍ക്കാതെ ഓടി രക്ഷപ്പെട്ടു. കുളത്തൂപ്പുഴ പഞ്ചായത്തിലെ പെരുവഴിക്കാല ആദിവാസി കോളനിയില്‍നിന്ന് കുളത്തൂപ്പുഴയിലേക്കുള്ള യാത്രാമധ്യേ തേക്ക് പ്ലാന്‍റേഷനിലൂടെയുള്ള വനപാതയില്‍ വളവു തിരിഞ്ഞെത്തവേ വശത്തുനിന്ന് ഓടിയെത്തിയ കാട്ടാന ഓട്ടോക്കു നേരെ പാഞ്ഞടുത്ത് കുത്തിമറിക്കുകയായിരുന്നു.
മറിഞ്ഞ ഓട്ടോയില്‍നിന്ന് ഡ്രൈവർ ആമക്കുളം സ്വദേശി രാജ് കുമാര്‍, പെരുവഴിക്കാല സ്വദേശികളായ രത്നാകരന്‍ കാണി, ഗോപി, രാമചന്ദ്രന്‍, സുദേവന്‍ എന്നിവര്‍ ദൂരേക്ക് ഓടിമാറി. ഇതിനിടെ ആന രണ്ടാമതും ഓട്ടോക്ക് നേരെ അടുത്തെങ്കിലും ഒച്ചയിട്ടതിനാല്‍ ശ്രദ്ധമാറി.
ആന ഏറെ നേരം പാതയില്‍ നിലയുറപ്പിച്ച ശേഷം കാട്ടിലേക്ക് മാറി. ഇതിനിടെ വിവരമറിഞ്ഞ് വനപാലകരും നാട്ടുകാരുമെത്തി ആനയെ തുരത്തിയ ശേഷമാണ് മുന്‍ഭാഗം പൂർണമായി തകര്‍ന്ന ഓട്ടോ വനത്തിനു പുറത്തെത്തിച്ചത്. കഴിഞ്ഞ കുറെ നാളുകളായി പ്രദേശത്ത് കാട്ടാനകളുടെ സാന്നിധ്യമുണ്ടെന്നും പലതവണ ഓട്ടോകളുടെയും ബൈക്കുകളുടെയും പിന്നാലെ ഓടിയെത്തിയ സംഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും നേരിട്ട് ആക്രമിക്കുന്ന സംഭവം ആദ്യമാണെന്നും നാട്ടുകാര്‍ പറയുന്നു.
നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന കോളനി പ്രദേശത്തുനിന്നും വിദ്യാര്‍ഥികളും തൊഴിലാളികളും വനപാതയിലൂടെയാണ് വിദ്യാലയങ്ങളിലേക്കും തൊഴിലിടങ്ങളിലേക്കും പോകേണ്ടത്.
കാടിറങ്ങി ജനവാസ മേഖലക്കടുത്തുള്ള വനങ്ങളിലേക്കെത്തുന്ന കാട്ടാനകളെ തിരികെ അയക്കാനായി വനം വകുപ്പ് ഒന്നും ചെയ്യുന്നില്ലെന്നും പ്രദേശവാസികളുടെയും വഴിയാത്രികരുടെയും സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
കൊട്ടാരക്കര: കുളക്കടയിൽ കാട്ടുപന്നികളുടെ വിളയാട്ടം മൂലം കൃഷികൾ നശിച്ചു. ഏറത്തു കുളക്കട കൃഷ്ണവിലാസത്തിൽ ശ്രീകുമാറിന്‍റെ കൃഷിയിടത്തിൽ ഒരു വർഷം മുമ്പ് നട്ട 50 തെങ്ങിൻതൈകളിൽ 35 എണ്ണവും നശിപ്പിച്ചു. പിഴുതിട്ടിരിക്കുന്ന നിലയിലാണ് തൈകളെല്ലാം.
ചുവടു മാന്തി തേങ്ങയിലെ കിളിർപ്പ് ഭാഗങ്ങളെല്ലാം തിന്നുതീർക്കുകയാണ് പതിവ്. പ്രദേശത്തെ കാക്കത്തോട്ടു വയലാണ് പന്നികളുടെ മറ്റൊരു വിഹാരകേന്ദ്രം വിമുക്ത ഭടനായ കുളക്കട കാർത്തികയിൽ രവീന്ദ്രൻപിള്ളയുടെ 150 മൂട് മരച്ചീനിയാണ് പന്നികൾ നശിപ്പിച്ചത്. വാഴ, ചേമ്പ് എന്നിവയെല്ലാം നശിപ്പിച്ചവയിൽപെടുന്നു.
പാലവിളയിൽ ചന്ദ്രൻ ആചാരി, കിടങ്ങയിൽ രാജു, പുന്തലക്കുന്നിൽ ബാബു എന്നിവർക്കും പറയാനുള്ളത് വലിയ നഷ്ടങ്ങളുടെ കണക്കാണ്. കുളക്കട റാക്കുഴി ഏലായിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെയും വലിയ തോതിലാണ് തെങ്ങിൻതൈകൾ നശിപ്പിച്ചിരിക്കുന്നത്.
മരച്ചീനി, വാഴ, പച്ചക്കറികൾ, ചേന, ചേമ്പ് എന്നിവയെല്ലാം സമൃദ്ധമായി വിളഞ്ഞിരുന്ന ഇവിടെ കൃഷി ചെയ്യാനാകാതെ വിഷമിക്കുകയാണെന്ന് കർഷകരായ കാർത്തികയിൽ വിശ്വമോഹനൻ പിള്ള, വിളനിലത്തിൽ ഗോപാലപിള്ള, കാളിത്തുണ്ടിൽ ജയചന്ദ്രൻ, ഇലവുംതുണ്ടിൽ ബിജു, വടശ്ശേരിൽ മല്ലിക എന്നിവർ പറയുന്നു.
കുളക്കട വൈകുണ്ഠപുരം മഹാവിഷ്ണു ക്ഷേത്രത്തിനുസമീപം കല്ലടയാറിനോട് ചേർന്നു കിടക്കുന്ന പുരയിടത്തിലും പന്നികൾ കൂട്ടത്തോടെ താവളമടിക്കാറുണ്ട്. വേലിയും മറ്റും കെട്ടി ഇവയുടെ ശല്യം ഒഴിവാക്കാൻ നോക്കാറുണ്ടെങ്കിലും അതും തകർത്ത് ഉള്ളിലേക്ക് പ്രവേശിക്കുകയാണ് പതിവെന്ന് കർഷകനായ അമ്പാടി രാധാകൃഷ്ണൻ നായർ പറയുന്നു.
കുളക്കടയിൽ പുവറ്റൂർ കിഴക്ക് സർവിസ് സഹകരണ ബാങ്ക് വർഷങ്ങളായി നടത്തിവരുന്ന സഹകരണ കൃഷിക്കും പന്നി ശല്യം വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് അധികൃതർ പറയുന്നു. മരച്ചീനിയും വാഴയും ചേമ്പും ചേനയുമൊന്നും നടാനാകാത്ത അവസ്ഥയാണ്. രാത്രി കാവിലിരുന്നും പടക്കം പൊട്ടിച്ചുമാണ് പന്നികളെ ഓടിക്കുന്നത്. എന്നാൽ, ഇതിനെ മറികടന്നും പന്നികളെത്താറുണ്ടെന്ന് പറയുന്നു.
കടയ്ക്കൽ: വന്യമൃഗങ്ങളുടെ ശല്യത്താൽ കൃഷി നശിച്ച കർഷകൻ വേറിട്ട പ്രതിഷേധത്തിൽ. ഇളമ്പഴന്നൂർ ഏലയിൽ കൃഷി ഇറക്കിയ ഷജീർ ശാന്തിനികേതനാണ് ബോർഡുകളുമായി പ്രതിഷേധം നടത്തിയത്. സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി വിത്തിറക്കിയ ഏകദേശം 75 സെന്റ് നിലമാണ് പൂർണ്ണമായും പന്നി നശിപ്പിച്ചത്. 'പന്നിയെ സംരക്ഷിക്കൂ, കർഷകരെ കൊല്ലൂ'എന്ന പ്ലാക്കാർഡ് പിടിച്ചാണ് ഷജീർ പ്രതിഷേധിച്ചത്.
കടയ്ക്കൽ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ നെൽകർഷകരുള്ള പ്രദേശമാണ് ഇളമ്പഴന്നൂർ ഏല. പാടശേഖര സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത്, കൃഷിഭവൻ എന്നിവയുമായി ചേർന്നുകൊണ്ടാണ് ഇവിടെ കാലാകാലങ്ങളായി കൃഷി ഇറക്കുന്നത്. ഇപ്പോൾ ഇവിടെ കൃഷി ചെയ്യാൻ കഴിയാത്ത അവസ്ഥയാണുള്ളത്. പന്നികളുടെ ആക്രമണത്തിൽ ഇത്തരത്തിൽ നിരവധി കർഷകർ ദുരിതത്തിലായിട്ടുണ്ട്.
ഒന്നര ഏക്കറിലാണ് ഷജീർ കൃഷി ഇറക്കിയത്. എല്ലായിടത്തും കൃഷി പന്നി നശിപ്പിച്ചു. തരിശ് കിടന്ന ഭൂമിയിൽ സ്ഥലം എടുത്ത് കൃഷി ചെയ്ത 5000 കമ്പ് മരച്ചീനിയും, വാഴയും പന്നി പൂർണമായും നശിപ്പിച്ചു. കൃഷി വകുപ്പിൽ നിന്നും കിട്ടുന്ന ഇൻഷുറൻസ് വളരെ പരിമിതമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.