കുളത്തൂപ്പുഴ: കാടിറങ്ങുന്ന കാട്ടുപോത്തുകളുടെ ശല്യം രൂക്ഷമായതോടെ വഴിനടക്കാനാവാതെ കുളത്തൂപ്പുഴയിലെ നാട്ടുകാരും വഴിയാത്രക്കാരും. നൂറുകണക്കിന് കാട്ടുപോത്തുകളാണ് ദിനവും കാടുവിട്ട് തീറ്റ തേടി ജനവാസമേഖലയിലേക്കെത്തുന്നത്. ഇവ കൃഷിയിടത്തിലിറങ്ങി കര്‍ഷകരുടെ കാര്‍ഷികവിളകള്‍ തിന്നു നശിപ്പിക്കുന്നത് നിത്യസംഭവമായി. രാത്രി കാലങ്ങളില്‍ കുളത്തൂപ്പുഴ ജങ്ഷനിലടക്കം ഇവ വന്നു പോകുന്നുണ്ട്.
ഏറെ വലിപ്പമേറിയ കാട്ടുപോത്തുകളെ തട്ടിയാല്‍ വാഹനം പോലും തകര്‍ന്നുപോകും. സഞ്ചാരപാതകളില്‍ ഇവയെ പ്രതിരോധിക്കാനാവാതെ നാട്ടുകാര്‍ കൃഷി ഉപേക്ഷിച്ചു. കാട്ടുപോത്തുകളെ ഭയന്ന് രാത്രികാലത്ത് വീട്ടിന് പുറത്തിറങ്ങാൻ ഭയപ്പെട്ട് പലരും കടം വാങ്ങിയും വായ്പകള്‍ സംഘടിപ്പിച്ചും ചുറ്റുമതില്‍ നിർമിച്ചാണ് പ്രതിരോധം തീക്കുന്നത്. റോക്ക് ുഡ്, കല്ലാര്‍ തോട്ടം മേഖലകളിലും, റോസ്മല, കട്ടിളപ്പാറ തുടങ്ങിയ പ്രദേശങ്ങളിലും ഗ്രാമ്പൂ, ഏലം, റബര്‍ തുടങ്ങിയ കാര്‍ഷിക വിളകള്‍ കൃഷി ചെയ്യുന്നുണ്ട്. പുലര്‍ച്ചെ വിളവെടുക്കാനെത്തുന്ന തൊഴിലാളികള്‍ കാട്ടുപോത്ത് ശല്യം രൂക്ഷമായതിനാല്‍ ഭയപ്പാടോടെ തൊഴിലെടുക്കേണ്ട അവസ്ഥയാണ്. ശെന്തുരുണി വന്യജീവി സങ്കേതത്തിലെ കട്ടിളപ്പാറ വനമേഖലയിലും റോസ്മല, ആമക്കുളം, ചെമ്പനഴികം, വില്ലുമല, ഡീസെന്റ്മുക്ക്, ചോഴിയക്കോട് തുടങ്ങിയ ജനവാസ മേഖലകളിലുമെല്ലാം കാട്ടുപോത്തുകള്‍ രാവുംപകലും വിഹരിക്കുകയാണ്. എന്നാല്‍ ഇവയെ അകറ്റാന്‍ വനംവകുപ്പ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പ്രകൃതിമനോഹരമായ പ്രദേശം ആസ്വദിക്കാന്‍ ദിനവും ഒട്ടേറെ സഞ്ചാരികളാണ് എത്തുന്നത്. ഇവര്‍ക്ക് വഴി തെളിക്കുവാനും സുരക്ഷിത പാതയൊരുക്കാനും കാട്ടുപാതയില്‍ സുരക്ഷാ ജീവനക്കാരില്ലാത്തതും ദുരിതമാകുന്നുമുണ്ട്. ടൂറിസ്റ്റുകള്‍ ഇവക്ക് മുന്നില്‍ അകപ്പെടുന്ന സംഭവങ്ങള്‍ ഏറെയാണ്. വളര്‍ത്തു മൃഗത്തോട് സാദൃശ്യമുളള ഇവയെ തിരിച്ചറിയാനാവാതെ സഞ്ചാരികളില്‍ പലരും ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്നത് അപകടം വിളിച്ച് വരുത്തുന്നതിന് ഇടയാക്കുന്നുണ്ട്. ഓണനാളുകളില്‍ ഒട്ടേറെ ടൂറിസ്റ്റുകളാണ് കാട്ടുപോത്തിന്റെ മുന്നില്‍ അകപ്പെട്ട് തലനാരിഴക്ക് രക്ഷപെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.