കുളത്തൂപ്പുഴ: വില്ലുമല ആദിവാസി ഊരില്‍ തുടര്‍ച്ചയായി നാലാംദിനവും കാട്ടാനക്കൂട്ടമിറങ്ങി വ്യാപക കൃഷിനാശം വരുത്തി. വില്ലുമല കോളനിയില്‍ ലിനുവിലാസം വീട്ടില്‍ ലതയുടെ ഏക്കറോളം സ്ഥലത്തെ കൃഷിയാണ് വ്യാഴാഴ്ചച പുലർച്ച നാമാവശേഷമാക്കിയത്. കഴിഞ്ഞ രണ്ടുദിവസവും കാട്ടാനക്കൂട്ടമെത്തി വനത്തിറമ്പിലെ വാഴകള്‍ നശിപ്പിച്ചിരുന്നു.
ബുധനാഴ്ച രാത്രി കൃഷിയിടത്തിലെത്തിയ കാട്ടാനകളെ പടക്കംപൊട്ടിച്ചും പാട്ടകൊട്ടിയും തുരത്തിയിരുന്നു. കർഷകർ ഏറെനേരം ഉറങ്ങാതെ കാവലിരുന്നാണ് ആനകളെ തുരത്തിയത്. എന്നാൽ, വ്യാഴാഴ്ച പുലർച്ച കർഷകർ ഉറക്കത്തിലായതോടെ ആനകള്‍ വീണ്ടുമെത്തി. ശബ്ദംകേട്ട് കാവല്‍ മാടത്തിലുണ്ടായിരുന്നവരെത്തിയപ്പോഴേക്കും കൃഷിയിടമാകെ കാട്ടാനകള്‍ നാമാവശേഷമാക്കിയിരുന്നു.
കുലച്ചതും കുലക്കാറായതുമായ വാഴകളും തെങ്ങും കവുങ്ങുമെല്ലാം തിന്നും മറിച്ചും ചവിട്ടിയും നശിപ്പിച്ചു. പടക്കംപൊട്ടിച്ച് ശബ്ദമുണ്ടാക്കിയെങ്കിലും ഏറെനേരം കൃഷിയിടത്തില്‍ തന്നെ നിലയുറപ്പിച്ച ആനക്കൂട്ടം നേരം പുലര്‍ന്നതോടെയാണ് സമീപത്തെ കാട്ടിലേക്ക് മടങ്ങിയത്.
കൃഷിയെ ആശ്രയിച്ച് ഉപജിവനംനടത്തിവന്ന കുടുംബത്തിന്റെ വരുമാനമാര്‍ഗമാണ് കാട്ടാനകള്‍ നശിപ്പിച്ചത്. വനംവകുപ്പിന് പരാതി നല്കി നഷ്ടം നേടിയെടുക്കാനുള്ള തയാറെടുപ്പിലാണ് കുടുംബം.
അതേസമയം, പ്രദേശത്തെ കോളനിക്കുചുറ്റും മാസങ്ങള്‍ക്ക് മുമ്പ് ലക്ഷങ്ങള്‍ മുടക്കി സൗരോർജവേലി സ്ഥാപിച്ച വനംവകുപ്പ് ഫണ്ടുചെലവഴിച്ചതല്ലാതെ തുടര്‍ സംരക്ഷണമൊരുക്കാന്‍ തയാറായില്ല. ഇതോടെ, സോളാര്‍ പാനലും ബാറ്ററി സംവിധാനവും തകരാറിലായി.
ഇത് കാട്ടുമൃഗങ്ങള്‍ നിരന്തരം കൃഷിയിടത്തിലേക്കെത്തുന്നതിന് കാരണമായതായി പ്രദേശവാസികള്‍ ആരോപിക്കുന്നു. ഇപ്പോള്‍ രാപകൽ വ്യത്യാസമില്ലാതെ കാട്ടുമൃഗങ്ങള്‍ കൃഷിയിടത്തിലേക്കെത്തുകയാണെന്നും ഇതിന് ശാശ്വത പരിഹാരം കാണാന്‍ അധികൃതര്‍ തയാറാകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.