കൊല്ലം: സംസ്ഥാന സർക്കാർ അവതരിപ്പിച്ച ഭൂപതിവ് ഭേദഗതി നിയമം ജില്ലയുടെ കിഴക്കൻ മേഖലയിൽ നിരവധി കുടുംബങ്ങൾക്ക് ആശ്വാസമാകുമെന്ന് വിലയിരുത്തൽ. പട്ടയഭൂമിയിലെ നിർമാണങ്ങൾക്കും അനുബന്ധ പ്രവർത്തനങ്ങൾക്കും അംഗീകാരം നൽകുന്നതാണ് ഭേദഗതി. 1964ലെ ഭൂപതിവ് നിയമം അനുസരിച്ച് കൃഷിക്കും വീടുനിർമാണത്തിനും നൽകിയ ഭൂമിയിൽ മറ്റ് നിർമാണങ്ങൾ പാടില്ലെന്നായിരുന്നു ചട്ടം.
ഭേദഗതിയോടെ ജീവിതോപാധിക്കായി നടത്തിയ ചെറുനിർമാണങ്ങളും കാർഷികാവശ്യത്തിനായി അനുവദിച്ച ഭൂമിയുടെ വക മാറ്റിയുള്ള ഉപയോഗവും ക്രമവത്കരിക്കാനാകും എന്നതാണ് ഗുണമാകുന്നത്. ജില്ലയിൽ കൊട്ടാരക്കര, പുനലൂർ, പത്തനാപുരം താലൂക്കുകളിൽ നിരവധി കുടുംബങ്ങളുടെ കൈവശമുള്ള പട്ടയങ്ങളിൽ ഇതോടെ ക്രമവത്കരണം സാധ്യമാകും.
കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ജില്ലയിൽ സർക്കാർ വിതരണം ചെയ്തത് 1643 പട്ടയങ്ങളാണ്. പ്രധാനമായും വിതരണം നടന്ന കൊട്ടാരക്കര, പുനലൂർ, പത്തനാപുരം കൂടാതെ കൊല്ലം, കരുനാഗപ്പള്ളി, കുന്നത്തൂർ താലൂക്കുകളിലുള്ള കുടുംബങ്ങൾക്കും പതിറ്റാണ്ടുകളായി കൈവശംവെച്ച ഭൂമിക്ക് ഈ കാലയളവിൽ ഉടമസ്ഥാവകാശത്തിന്റെ രേഖ സ്വന്തമായി.
എൽ.എ 1964, എൽ.എ 1995, എൽ.ടി, മിച്ചഭൂമി, ദേവസ്വം വിഭാഗങ്ങളിലായാണ് പട്ടയങ്ങൾ അനുവദിച്ചത്. കൊല്ലം താലൂക്കിൽ വാതിൽപ്പടി സംവിധാനത്തിലൂടെ മത്സ്യത്തൊഴിലാളി മേഖലയിൽ ഉൾപ്പെടെ പട്ടയങ്ങൾ വിതരണം ചെയ്തത് റവന്യൂ വകുപ്പിന് നേട്ടമായിരുന്നു. 2021 മുതൽ പുനലൂർ താലൂക്കിൽ 764 പട്ടയങ്ങളാണ് വിതരണം ചെയ്തത്. കൊട്ടാരക്കര- 297, കൊല്ലം -267, പത്തനാപുരം -229, കുന്നത്തൂർ -45, കരുനാഗള്ളപ്പള്ളി -33 എന്നിങ്ങനെയാണ് ഈ കാലയളവിൽ മറ്റ് താലൂക്കുകളിൽ വിതരണം ചെയ്ത പട്ടയങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.