കൊല്ലം: നേരം പുലർന്നപ്പോൾ തുടങ്ങിയ വോട്ടിങ്ങിനൊപ്പം നിരതീർത്ത് നിറഞ്ഞ പോളിങ് സ്റ്റേഷനുകൾ, കഴിഞ്ഞ തവണത്തെ ആവേശത്തെ കടത്തിവെട്ടും എന്ന് കരുതിയ ആദ്യ മണിക്കൂറുകൾ. എന്നാൽ, കണക്കൂകൂട്ടലുകൾ തെറ്റിച്ച് പോളിങ് ശതമാനത്തിൽ കുറവ് രേഖപ്പെടുത്തി കൊല്ലം ജനത പാർലമെന്റ് തെരഞ്ഞെടുപ്പ് വിധിയെഴുതി.
പ്രചാരണത്തിൽ വൻ പോരാട്ടം മുന്നണികൾ കാഴ്ചവെച്ചെങ്കിലും അതിനനുസരിച്ച് വോട്ടർമാർ ബൂത്തുകളിൽ എത്താതിരുന്നത് ആർക്ക് ഗുണം ചെയ്യുമെന്നറിയാൻ ഇനി ഒരു മാസത്തിലധികം നീണ്ട കാത്തിരിപ്പ്.
2019 പാർലമെന്റ് തെരഞ്ഞെടുപ്പിൽ വോട്ടിങ് ശതമാനമായ 74.65ൽനിന്ന് താഴെപോയ കണക്കിൽ ഇത്തവണ 68.42 ശതമാനമാണ് കൊല്ലം ജില്ലയിൽ വോട്ടിങ് രേഖപ്പെടുത്തിയത്. 14,59,119 പേരാണ് ആകെയുള്ള 21,32,427 വോട്ടർമാരിൽ വോട്ടിട്ടത്. കനത്ത പോരാട്ടം നടന്ന കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ 67.97 ആണ് വോട്ടിങ്. കഴിഞ്ഞ തവണത്തെ 74.66 ശതമാനത്തിൽനിന്ന് 6.69 ശതമാനത്തിന്റെ കുറവ്.
2019ൽ 12,59,400 ആകെ വോട്ടർമാർ ഉണ്ടായിരുന്ന കൊല്ലം മണ്ഡലത്തിൽ 9,69,017 പേരാണ് വോട്ടിട്ടത്. ഇത്തവണ 13,26,648 വോട്ടർമാരുള്ള കൊല്ലം മണ്ഡലത്തിൽ 9,01,794 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. വയോധികർക്കും ഭിന്നശേഷിക്കാർക്കും വീട്ടിൽവോട്ട് സംവിധാനം ഏർപ്പെടുത്തിയത് പോളിങ് ബൂത്തിലെ വോട്ടിങ്ങിൽ കുറവ് വരുത്തിയിട്ടുണ്ട്.
വോട്ടിങ് ശതമാനത്തിലെ അന്തിമ കണക്കെടുപ്പ് പൂർത്തിയാകുമ്പോൾ പോളിങ് ശതമാനത്തിൽ നേരിയ വ്യത്യാസം ഉണ്ടാകും. വോട്ടിങ് മെഷീന്റെ പണിമുടക്കലും പോളിങ് ഉദ്യോഗസ്ഥരുടെ മെല്ലപ്പോക്കും ഉൾപ്പെടെ പ്രശ്നങ്ങൾ സൃഷ്ടിച്ചതോടെ വൈകീട്ട് ആറിന് നിശ്ചിത സമയം കഴിഞ്ഞപ്പോഴും നൂറുകണക്കിന് ആളുകൾ ക്യൂവിൽ ബാക്കിയായി. മൺറോതുരുത്തിൽ പ്രിസൈഡിങ് ഓഫിസർ കുഴഞ്ഞുവീണ സംഭവമുണ്ടായി.
കള്ളവോട്ട് പരാതികൾ, വോട്ടിങ് മെഷീൻ തകരാർ തുടങ്ങിയ നിരവധി പരാതികളും ഇതിന്റെ ഭാഗമായി പ്രതിഷേധവും വിവിധയിടങ്ങളിലുണ്ടായി. അതേസമയം, അനിഷ്ട സംഭവങ്ങളില്ലാതെ സമാധാനപരമായാണ് ജില്ലയിൽ തെരഞ്ഞെടുപ്പ് വൈകിയെങ്കിലും പൂർത്തിയായത്.
രാവിലെ ഏഴിന് പോളിങ് ആരംഭിച്ചത് മുതൽ ജില്ലയിലുടനീളം പോളിങ് ബൂത്തുകളിൽ വോട്ടർമാർ എത്തിതുടങ്ങിയിരുന്നു. പലയിടത്തും തുടക്കം മുതൽ 50 പേരോളം വരിയിൽ ഇടംപിടിച്ചു. ആദ്യമണിക്കൂറിൽ തന്നെ രണ്ട് ശതമാനം അടുപ്പിച്ച് വോട്ടിങ് പൂർത്തിയായിരുന്നു.
തൊട്ടടുത്ത മണിക്കൂറുകളിലും കനത്ത പോളിങ് വലിയ പ്രതീക്ഷയാണ് മുന്നണികൾക്ക് നൽകിയത്. കനത്തചൂടിൽനിന്ന് രക്ഷനേടാനായി രാവിലെത്തന്നെ ജനങ്ങൾ ബൂത്തുകളിലേക്ക് ഒഴുകിയെത്തുന്നതായിരുന്നു കാഴ്ച. സ്ത്രീകളുൾപ്പെടെയുള്ള വോട്ടർമാരായിരുന്നു രാവിലെ മുതൽക്കെ ക്യൂ നിന്നതിലധികവും. ചില സ്ഥലങ്ങളിൽ വോട്ടുയന്ത്രങ്ങളുടെ തകരാർ കാരണം ഒരുമണിക്കൂറോളം വോട്ടെടുപ്പ് വൈകി.
ഒമ്പത് ആയപ്പോഴേക്കും ജില്ലയിലെ പോളിങ് ശതമാനം 6.06 ശതമാനത്തിലേക്കെത്തി. രണ്ടാം മണിക്കൂർ പിന്നിട്ടപ്പോൾ ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത് പുനലൂരാണ് - 6.11. തുടർന്ന് 11 ആയപ്പോഴേക്കും ജില്ല 23.71 ശതമാനം കടന്നു. കൊല്ലം മണ്ഡലത്തിൽ 25.99 ശതമാനവും രേഖപ്പെടുത്തി.
ഉച്ചക്ക് 12 പിന്നിട്ടപ്പോഴേക്കും കൊല്ലം മണ്ഡലത്തിൽ 30.45 ശതമാനം രേഖപ്പെടുത്തി. അപ്പോഴും കൂടുതൽ പുനലൂരായിരുന്നു, 31.26 ശതമാനം. കുറവ് ചാത്തന്നൂരിലും 29.07. ഉച്ചവെയിൽ കത്തിയാളിയ മണിക്കൂറുകളിൽ വോട്ടിങ് കുറച്ച് മന്ദഗതിയിലായതോടെ വൈകീട്ട് 3.15 ആയപ്പോഴാണ് ജില്ല 50 ശതമാനം പിന്നിട്ടത്.
രാവിലത്തെ പോളിങ് കുതിപ്പ് കണ്ട് കഴിഞ്ഞ തവണത്തെ ആവേശത്തെയും മറികടക്കുമെന്ന് തോന്നിച്ചിരുന്നു. എന്നാൽ, നിശ്ചിതസമയം കഴിഞ്ഞപ്പോൾ ജില്ലയിൽ 65.99 ശതമാനവും കൊല്ലം മണ്ഡലത്തിൽ 65.37 ശതമാനവുമായിരുന്നു വോട്ടിങ് നില. രാത്രി എട്ടിലേക്കും വോട്ടിങ് നീണ്ടതോടെ 67.97 ആയി കൊല്ലം മണ്ഡലത്തിലെ അന്തിമ വോട്ടിങ് ശതമാനം.
ആദ്യ മണിക്കൂറുകളിൽ കിഴക്കൻ മേഖലയുടെ കരുത്തറിയിച്ച് പുനലൂർ നിയോജക മണ്ഡലത്തിലായിരുന്നു കൊല്ലം മണ്ഡലത്തിൽ വോട്ടിങ് നിലയിൽ കുതിപ്പ്. ആദ്യ മണിക്കൂറിൽ തന്നെ പുനലൂരിൽ 6.11 ശതമാനം പോളിങ്. അവസാന കണക്ക് വന്നപ്പോൾ കൊല്ലം മണ്ഡലത്തിൽ വോട്ടിങ് ശതമാനത്തിൽ ഏറ്റവും പിറകിലാണ് പുനലൂർ, 65.32 ശതമാനം.
പതിഞ്ഞുതുടങ്ങിയ കുണ്ടറയാണ് നിയോജക മണ്ഡലങ്ങളിൽ ഏറ്റവും കൂടുതൽ വോട്ടിങ് രേഖപ്പെടുത്തിയത്. 69.31 ശതമാനമാണ് കുണ്ടറയിൽ വോട്ടിങ്. ചവറ -69.03, ചടയമംഗലം- 68.69 , കൊല്ലം -68.62, ഇരവിപുരം-67.88, ചാത്തന്നൂര്- 67.08 എന്നിങ്ങനെയാണ് കൊല്ലം പാർലമെന്റ് മണ്ഡലത്തിലെ നിയോജക മണ്ഡലങ്ങളിലെ വോട്ടിങ് ശതമാനം.
വോട്ടിങ് പട്ടികയിലെ ആധിപത്യം പോളിങ്ങിലും ആവർത്തിച്ച് വനിതകൾ. ജില്ലയിൽ വനിതകളിൽ 69.25 ശതമാനം പേർ വോട്ടിട്ടു. 774001 വനിതകളാണ് ബൂത്തിലെത്തിയത്. പുരുഷന്മാരുടേത് 67.51 ശതമാനമാണ്. 685109 പുരുഷന്മാരാണ് വോട്ടിട്ടത്. ഒമ്പത് ട്രാൻസ്ജൻഡർമാരും ജില്ലയിൽ വോട്ടിട്ടു.
കൊല്ലം മണ്ഡലത്തിലും വനിതകൾക്കാണ് മുൻതൂക്കം. 68.86 ശതമാനം വനിതകൾ വോട്ട് ചെയ്തപ്പോൾ 67 ശതമാനമാണ് പുരുഷന്മാരുടെ വോട്ടുനില. 478596 വനിതകളാണ് വോട്ടിട്ടത്. പുരുഷന്മാർ 423192 പേരും. ആറ് ട്രാൻസ്ജൻഡർമാർ വോട്ടിട്ടതോടെ ഈ വിഭാഗത്തിൽ 31.57 ശതമാനമാണ് പോളിങ്.
ചൂടിനെ പേടിച്ച് രാവിലെ തന്നെ വോട്ടിടാൻ ഒഴുക്കായിരുന്നു ജില്ലയിൽ ഉടനീളം. എന്നാൽ, രാവിലെ എന്ന പരിഗണന ഒന്നും ‘കാലാവസ്ഥ’ നൽകിയില്ല.
എട്ടിന് ക്യൂവിൽ നിന്നവർ പോലും വിയർത്തൊലിക്കുന്നതായിരുന്നു സ്ഥിതി. മണിക്കൂറുകൾ നിന്നവർക്ക് ചൂട് അസഹനീയമായെങ്കിലും പോളിങ് തടസ്സമില്ലാതെ തുടർന്നു.
പോളിങ് കേന്ദ്രങ്ങളിൽ കുടിവെള്ളം ഒരുക്കിയിരുന്നു. വോട്ടേഴ്സ് സഹായകേന്ദ്രത്തിൽ ഇരുന്ന് വിശ്രമിക്കാൻ ഇടം ലഭിച്ചത് പലയിടത്തും ആശ്വാസമായി. ചൂട് ഉച്ചസ്ഥായിയിൽ ആയിട്ടും ഉച്ചസമയത്തും പല ബൂത്തുകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.