കൊല്ലം: ഒമിക്രോൺ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി പൊലീസ് നിരത്ത് നിറഞ്ഞപ്പോൾ സ്വകാര്യയിടങ്ങളിൽ പുതുവത്സരാഘോഷം വർണാഭമാക്കി കൊല്ലം നിവാസികൾ. പടക്കം പൊട്ടിച്ചും മധുരം നുകർന്നും ആർപ്പുവിളിച്ചും നാട് പുതിയ വർഷത്തിലേക്ക് കടന്നു.
ഒറ്റപ്പെട്ട സംഭവങ്ങൾ ഒഴികെ സമാധാനപൂർണമായിരുന്നു ആഘോഷങ്ങൾ. പുതുവർഷത്തലേന്ന് വൈകുന്നേരം വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കുടുംബങ്ങൾ ഉൾപ്പെടെ കൊല്ലം ബീച്ചിലും റസ്റ്ററന്റുകളിലും മറ്റും ഒഴുകിയെത്തി. രാത്രി എട്ടോടെ വീടുകളിലേക്ക് മടങ്ങാനുള്ള തിരക്കായിരുന്നു നിരത്തുകളിൽ. ഹോട്ടലുകളിലും മറ്റും പുതുവർഷാഘോഷ പരിപാടികൾ രാത്രി 10ന് മുമ്പ് അവസാനിപ്പിച്ചു.
രാത്രികാല നിയന്ത്രണങ്ങളുടെ രണ്ടാംദിനമായിരുന്ന വെള്ളിയാഴ്ച കർശന പൊലീസ് പരിശോധനയാണ് നിരത്തിലുണ്ടായിരുന്നത്. വൈകീട്ട് മുതൽ പ്രധാന ജങ്ഷനുകളിലും നിരത്തുവക്കുകളിലും ഉദ്യോഗസ്ഥർ നിലയുറപ്പിച്ചിരുന്നു. കാര്യമായ മറ്റ് അനിഷ്ടസംഭവങ്ങൾ ഒന്നും ഉണ്ടായില്ലെന്ന ആശ്വാസത്തിലാണ് പൊലീസ്.
ഒറ്റപ്പെട്ട രണ്ട് ആക്രമണങ്ങളും സിറ്റി പരിധിയിൽ പൊലീസിന് നേരെയുണ്ടായി. പോളയത്തോട് വയലിൽത്തോപ്പ് കോളനിയിൽ സംഘർഷം തടയാനെത്തിയ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ വാഹനം തകർത്തു.
രാത്രി പത്തോടെയാണ് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്. സ്ഥലത്തെത്തിയ പൊലീസ് യുവാവിനെ പിടികൂടി വാഹനത്തിൽ കയറ്റാൻ ശ്രമിക്കവേ കഞ്ചാവ് കേസ് പ്രതി കൂടിയായ രാജേന്ദ്രൻ എന്നയാൾ വാഹനത്തിന്റെ ചില്ല് കല്ല് കൊണ്ട് ഇടിച്ചുതകർത്തു.
സമാന സംഭവത്തിൽ കണ്ണനല്ലൂർ പൊലീസ് വാഹനത്തിന് നേരെയും ഒരുസംഘം യുവാക്കളുടെ ആക്രമണമുണ്ടായി. ഇരു സംഭവത്തിലും പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോളയത്തോട് യൂത്ത് സെന്ററിന് സമീപം രാത്രിയിൽ ഇരുവിഭാഗങ്ങൾക്കിടയിൽ സംഘർഷസാധ്യത ഉടലെടുത്തത് പൊലീസ് ഇടപെട്ട് ശാന്തമാക്കി. ചെമ്മാൻമുക്കിനും കടപ്പാക്കടക്കും ഇടയിൽ ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതരപരിക്കേറ്റ സംഭവവും പുതുവർഷ രാത്രിയിലുണ്ടായി.
ശനിയാഴ്ചയും നിരത്തിൽ കർശന പരിശോധനയാണുണ്ടായിരുന്നത്. രാത്രികാല വാഹനപരിശോധന ഇന്നും വ്യാപകമായി ഉണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.