കൊല്ലം: പുതുവത്സരാഘോഷങ്ങൾ സുരക്ഷിതമാക്കാൻ കൊല്ലം സിറ്റി പൊലീസ് പരിധിയിൽ നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് സിറ്റി പൊലീസ് കമീഷണർ വിവേക് കുമാർ അറിയിച്ചു. ഇതിന്റെ ഭാഗമായി ലഹരി ഉപയോഗം, ലഹരിവ്യാപാരം, അമിതവേഗം മുതലായ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും തടയുന്നതിനും പരിശോധനകൾ ശക്തമാക്കും.
ലോഡ്ജുകൾ, ഹോം സ്റ്റേകൾ, ഹൗസ് ബോട്ടുകൾ, ഡി.ജെ പാർട്ടികൾ നടക്കുന്ന സ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നതിനും ഇതിനായി പൊലീസ് സ്റ്റേഷനുകളിൽ പട്രോളിങ് വാഹനങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിനും നിർദേശം നൽകി. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റോപ്പുകളിലും പ്രത്യേക പരിശോധനകൾ നടത്തും.
അടിയന്തര സന്ദേശങ്ങൾ ലഭിക്കുന്ന മുറക്ക് ഇടപെടാൻ ക്വിക്ക് റെസ്പോൺസ് ടീമിനെ ജില്ലയുടെ വിവിധ ഇടങ്ങളിൽ വിന്യസിക്കും. റോഡുകളിൽ അമിത വേഗമുണ്ടാകുന്ന സാഹചര്യം കണക്കിലെടുത്ത് പ്രധാന റോഡുകളിലും ഇടറോഡുകളിലും പട്രോളിങ് ഏർപ്പെടുത്തും.
നിയമലംഘനത്തിന് പിടിച്ചെടുക്കുന്ന വാഹനങ്ങൾ കോടതിയിൽ ഹാജരാക്കി വാഹനം ഓടിച്ചയാളുടെ ലൈസൻസ് സസ്പെന്ഡ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കും.
ബീച്ചുകൾ വിനോദകേന്ദ്രങ്ങൾ മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന രാത്രികാല നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെയും കർശന നിയമ നടപടികൾ സ്വീകരിക്കും. പൊതുജനങ്ങൾ പൊലീസ് ഏർപ്പെടുത്തുന്ന സുരക്ഷാക്രമീകരണങ്ങളോട് സഹകരിക്കണമെന്നും നിയമലംഘനങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങൾ 1090, 112, 04742742265, എന്നീ നമ്പറുകളിൽ അറിയിക്കാമെന്നും സിറ്റി പൊലീസ് കമീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.