കൊല്ലം: കോർപറേഷൻ പരിധിയിലെ ആശുപത്രികളിൽ ആവശ്യത്തിനു ജീവനക്കാരില്ലാത്തത് പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായി കോർപറേഷൻ കൗൺസിൽ യോഗത്തിൽ ചർച്ച. കിളികൊല്ലൂർ പി.എച്ച്.സിയിൽ മരുന്ന് വിതരണം അവതാളത്തിലാണെന്നും നിലവിൽ ഒരു സ്റ്റാഫ് മാത്രമാണുള്ളതെന്നും ഇതിനാൽ രോഗികൾ ക്യൂനിന്ന് വലയുകയാണെന്നും എ. നൗഷാദ് ചൂണ്ടിക്കാട്ടി.
നഗരസഭ പരിധിയിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ജീവനക്കാരുടെ കുറവുണ്ടെന്നും നിലവിൽ കരാർ വ്യവസ്ഥയിൽ ജോലിചെയ്യുന്നവരുടെ കാലാവധി കഴിഞ്ഞ അവസ്ഥയുണ്ടെന്നും സ്ഥിരംസമിതി അധ്യക്ഷ യു. പവിത്ര പറഞ്ഞു. ആർദ്രം പദ്ധതി പ്രകാരം ആരോഗ്യവകുപ്പിൽ ജീവനക്കാരെ നിയമിച്ചിരുന്നത് കേന്ദ്രവിഹിതം ലഭിക്കാത്തതിനെ തുടർന്ന് എണ്ണം കുറക്കുകയുമായിരുന്നെന്ന് മേയർ പ്രസന്ന ഏണസ്റ്റും പറഞ്ഞു.
ടൂറിസവുമായി ബന്ധപ്പെട്ട് പുതിയ കമ്മിറ്റി രൂപവത്കരിക്കണമെന്നും അഷ്ടമുടി കായൽ സംരക്ഷിക്കാൻ പുതിയ പദ്ധതി നടപ്പാക്കണമെന്നും കോൺഗ്രസ് പാലമെന്ററി പാർട്ടി നേതാവ് ജോർജ് ഡി. കാട്ടിൽ ആവശ്യപ്പെട്ടു. മങ്ങാട് ഡിവിഷനിലെ ജുവനൈൽ ഹോം കെട്ടിടത്തിന്റെ ഭിത്തികൾ വിണ്ടുകീറി നിലംപൊത്താറായ അവസ്ഥയിലാണെന്നും നിർമാണത്തിൽ ക്രമക്കേട് നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ ടി.ജി. ഗിരീഷ് ആവശ്യപ്പെട്ടു. അഞ്ചാലുംമൂട് ജങ്ഷനിലെ അപകടഭീഷണിയിലായ മരങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റണമെന്നും മൈതാനവും സ്റ്റേജും സംരക്ഷിക്കണമെന്നും സ്വർണമ്മ ആവശ്യപ്പെട്ടു. ഉളിയക്കോവിൽ ഡിവിഷനിൽ നിർമാണം പൂർത്തിയാക്കിയ കമ്യൂനിറ്റി ഹാളിന്റെ ഉദ്ഘാടനം ഉടൻ നടത്തണമെന്ന് ടി.ആർ. അഭിലാഷ് ആവശ്യപ്പെട്ടു.
ആരോഗ്യവകുപ്പിലെ സ്ക്വാഡുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സ്പോട്ട് ഫൈൻ ഈടാക്കുമെന്നും യു. പവിത്ര പറഞ്ഞു. പൊതുയിടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതും നിക്ഷേപിക്കുന്നതും ശ്രദ്ധയിൽപെട്ടാൽ വാട്സാപ് നമ്പറിലേക്ക് പൊതുജനങ്ങൾക്ക് മെസേജിലൂടെ അറിയിക്കാൻ സാധിക്കും. ഇതിനുവേണ്ടി 9746700800 എന്ന നമ്പർ ഉപയോഗപ്പെടുത്താമെന്നും അറിയിച്ചു.
കോർപറേഷൻ പരിധിയിൽനിന്ന് പിരിച്ചെടുക്കാനുള്ള 35.5കോടി നികുതി കുടിശ്ശിക പിരിച്ചെടുക്കാനുള്ള നടപടി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും അടിയന്തിരമായി ഉണ്ടാകണമെന്ന് ഡെപ്യൂട്ടി മേയർ കൊല്ലം മധു ആവശ്യപ്പെട്ടു.
അഷ്ടമുടിയെ വീണ്ടെടുക്കാനുള്ള വിവിധ പദ്ധതികളുടെ ഭാഗമായി നവീകരിച്ച 30 കടവുകളുടെ ജില്ലതല ഉദ്ഘാടനം ബുധനാഴ്ച നടത്തുമെന്ന് മേയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.