കൊല്ലം: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധം ശക്തമായതോടെ പ്രതികളായ ഡി.വൈ.എഫ്.ഐ നേതാക്കൾ ഒളിവിൽ. ജില്ല കമ്മിറ്റി ഓഫിസായ യൂത്ത് സെന്ററിലാണ് ഇവർ കഴിയുന്നതെന്നാണ് വിവരം. നേതാക്കൾ പുറത്തിറങ്ങാതായതോടെ നഗരത്തിൽ നടത്തേണ്ടിയിരുന്ന പല പ്രതിഷേധ സമരങ്ങളും മുടങ്ങി.
പാചക വാതക വിലവർധന, റെയിൽവേ സ്റ്റേഷൻ കാന്റീനുകളിൽ ഭക്ഷണവില ഉയർത്തൽ തുടങ്ങിയവയിൽ സംസ്ഥാന വ്യാപകമായി ഡി.വൈ.എഫ്.ഐ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എന്നാൽ, കൊല്ലം നഗരത്തിൽ മാത്രം പ്രതിഷേധം നടന്നില്ല. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ യു.ഡി.എഫ് ശക്തമായ നിലപാടെടുത്തതോടെ അറസ്റ്റ് ഒഴിവാക്കാനാകാത്ത സാഹചര്യമാണ്.
പ്രതികളെ തിരഞ്ഞ് ബുധനാഴ്ച അർധരാത്രിയോടെ കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പൊലീസ് സംഘം യൂത്ത് സെന്ററിനുമുന്നിലെത്തിയെങ്കിലും ആരെയും പിടികൂടാനായില്ല. പ്രാദേശിക പ്രവർത്തകർ തടഞ്ഞതോടെ പൊലീസ് സംഘം മടങ്ങേണ്ടി വന്നു.
ഫെബ്രുവരി 21ന് ചിന്നക്കടയിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ക്രൂരമർദനമേറ്റത്. സാരമായി പരിക്കേറ്റ സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം അടക്കമുള്ളവർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം നടന്നതിന്റെ പിറ്റേദിവസം മുതൽ പ്രതികളായവർ പൊലീസിന് മുന്നിലൂടെ പലയിടത്തും വന്നിരുന്നു.
അറസ്റ്റ് വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമായതോടെ പൊലീസ് പലരുടെയും വീടുകളിൽ തിരച്ചിൽ നടത്തി. ഇതോടെയാണ് പ്രതികൾ കൂട്ടത്തോടെ യൂത്ത് സെന്ററിൽ അഭയം പ്രാപിച്ചത്. നേരത്തേ കീഴടങ്ങിയ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ വാദം കേട്ട കൊല്ലം ജെ.എഫ്.എം.സി കോടതി വിധി പറയാൻ വെള്ളിയാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.