കൊല്ലം: ഓണം പ്രമാണിച്ച് ജില്ലയില്‍ പരിശോധന ശക്തമാക്കി എക്സൈസ് വകുപ്പ്. സെപ്റ്റംബർ അഞ്ച് വരെ നീളുന്ന എന്‍ഫോഴ്സ്മെന്റ് സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായാണ് പരിശോധനകൾ. കൊല്ലം, കരുനാഗപ്പള്ളി, കുന്നത്തൂര്‍ താലൂക്കുകള്‍ ഉൾപ്പെടുന്ന കൊല്ലം സിറ്റി മേഖലയും കൊട്ടാരക്കര, പുനലൂര്‍, പത്തനാപുരം താലൂക്കുകള്‍ വരുന്ന കൊല്ലം മേഖലയും ആയി തിരിച്ച് രണ്ട് സ്ട്രൈക്കിങ് ഫോഴ്സ് യൂനിറ്റുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു.
തമിഴ്നാടുമായുള്ള അതിര്‍ത്തി മേഖലകളിലെ ആര്യങ്കാവ്, അച്ചന്‍കോവില്‍ എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പുനലൂര്‍, അഞ്ചല്‍, പത്തനാപുരം എന്നീ ഓഫിസുകളുടെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബോര്‍ഡര്‍ പട്രോളിങ് യൂനിറ്റും പ്രവര്‍ത്തനനിരതമാണ്.
കൊല്ലം, കരുനാഗപ്പള്ളി, കുന്നത്തൂര്‍, പുനലൂര്‍, കൊട്ടാരക്കര, പത്തനാപുരം എക്സൈസ് സര്‍ക്കിള്‍ ഓഫിസുകള്‍ കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന താലൂക്ക്തല കണ്ട്രോള് റൂമുകളും ഹൈവേ വഴിയുള്ള മദ്യം, മയക്കുമരുന്ന് കടത്ത് കണ്ടുപിടിക്കുന്നതിനായി ഹൈവേ പട്രോളിങ് യൂനിറ്റും പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
പൊലീസ്, ഫോറസ്റ്റ്, റവന്യൂ, പൊലീസ് ഡോഗ് സ്ക്വാഡ്, ആർ.പി.എഫ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, തമിഴ്നാട് പൊലീസ്, മോട്ടോർവാഹനവകുപ്പ് എന്നിവരുമായി ചേര്‍ന്ന് ജില്ലയില്‍ പ്രശ്നബാധിതമായി കണ്ട് തെരഞ്ഞെടുത്ത ലഹരി ബ്ലാക്ക് സ്പോട്ടുകളില്‍ ശക്തമായ സംയുക്ത പരിശോധനകളും നടത്തുന്നുണ്ട്. കള്ളുഷാപ്പുകള്‍ അടക്കമുള്ള ലൈസന്‍സ് സ്ഥാപനങ്ങളിലും അരിഷ്ട വിൽപന സ്ഥാപനങ്ങളിലും പ്രത്യേക മിന്നല്‍പരിശോധനകള്‍ നടത്തിവരുന്നു.
അതിതീവ്ര എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തന കാലയളവ് എന്ന നിലയിൽ ആഗസ്റ്റ് ആറ് മുതൽ 26 വരെ ജില്ലയിലാകെ 707 റെയ്ഡുകളും മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് 67 റെയ്ഡുകളും നടത്തി. ഇവയിൽ ആകെ 106 അബ്കാരി കേസുകളും 45 മയക്കുമരുന്ന് കേസുകളും പുകയില ഉല്പന്നങ്ങള് കൈവശം െവച്ചതിന് 675 കേസുകളുമെടുത്തു. ആകെ 154 പ്രതികളെ അറസ്റ്റ് ചെയ്തു. മദ്യം, മയക്കുമരുന്ന് എന്നിവ കടത്തുന്നതിനായി ഉപയോഗിച്ച 10 വാഹനങ്ങളും പിടികൂടി. ചാരായ നിർമാണത്തിനായി ഉണ്ടാക്കിയ 2880 ലിറ്റര്‍ കോടയും 46 ലിറ്റര്‍ ചാരായവും 152 ലിറ്റര്‍ അനധികൃത അരിഷ്ടവും 203 ലിറ്റര്‍ ഇന്ത്യന്‍ നിർമിത വിദേശമദ്യവും പിടികൂടി. മയക്കുമരുന്ന് കേസുകളില്‍ ആകെ ഒമ്പത് ഗ്രാം എം.ഡി.എം.എയും 16 ഗ്രാം ലഹരി ഗുളികകളും ഒരു കിലോ കഞ്ചാവും ഒരു കഞ്ചാവ് ചെടിയും പിടികൂടി.
റെയ്ഡുകള്‍ ശക്തമാക്കി ലഹരിവസ്തുക്കൾ കണ്ടെത്തുന്നത് തുടരുമെന്നും പൊതുജനങ്ങൾ പരാതികള്‍ വിളിച്ച് അറിയിക്കണമെന്നും കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ വി.എ. പ്രദീപ് അറിയിച്ചു. ലഹരി ബ്ലാക്ക് സ്പോട്ടുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനകളും ഓണാഘോഷ പരിപാടികളിൽ ഷാഡോ എക്സൈസിന്റെ നിരീക്ഷണവും ഉണ്ടാകുമെന്ന് കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമീഷണര്‍ വി. റോബര്‍ട്ട് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.