കൊല്ലം: ഓണം പ്രമാണിച്ച് ജില്ലയില്‍ പരിശോധന ശക്തമാക്കി എക്സൈസ് വകുപ്പ്. സെപ്റ്റംബർ 20 വരെ നീളുന്ന എന്‍ഫോഴ്സ്മെന്റ് സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായാണ് പരിശോധനകൾ. കൊല്ലം, കരുനാഗപ്പള്ളി, കുന്നത്തൂര്‍ താലൂക്കുകള്‍ ഉൾപ്പെടുന്ന കൊല്ലം സിറ്റി, കൊട്ടാരക്കര, പുനലൂര്‍, പത്തനാപുരം താലൂക്കുകള്‍ വരുന്ന കൊല്ലം എന്നീ മേഖലകളായി തിരിച്ച് രണ്ട് സ്ട്രൈക്കിങ് ഫോഴ്സ് യൂനിറ്റുകള്‍ 24 മണിക്കൂർപ്രവർത്തനം ആരംഭിച്ചു.
തമിഴ്നാട് അതിര്‍ത്തി മേഖലകളായ ആര്യങ്കാവ്, അച്ചന്‍കോവില്‍ എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പുനലൂര്‍, അഞ്ചല്‍, പത്തനാപുരം എന്നീ ഓഫിസുകളുടെ നേതൃത്വത്തില്‍ ബോര്‍ഡര്‍ പട്രോളിങ് യൂനിറ്റിന്റെ പ്രവര്‍ത്തനങ്ങൾക്കായുള്ള ചർച്ചകളും നടക്കുകയാണ്.
എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തന കാലയളവിൽ വെള്ളിയാഴ്ചവരെ ജില്ലയിലാകെ 707 റെയ്ഡുകളും മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് രണ്ട് റെയ്ഡുകളും 3115 വാഹന പരിശോധനകളും നടത്തി. 96 അബ്കാരി കേസുകളിലായി 82 പേരെയാണ് അറസ്റ്റ് ചെയ്തത്.
42 മയക്കുമരുന്ന് കേസുകളിലായി 35 പേരെ അറസ്റ്റ് ചെയ്തു. അഞ്ച് വാഹനങ്ങൾ പിടിച്ചെടുത്തു. 341 കിലോ പുകയില ഉല്പന്നങ്ങള് കണ്ടെത്തി. മയക്കുമരുന്ന് കേസുകളില്‍ 11 കിലോ കഞ്ചാവും ഏഴ് കഞ്ചാവ് ചെടിയും പിടികൂടി. 90 ലിറ്റര്‍ കോടയും നാല് ലിറ്റര്‍ ചാരായവും 51 ലിറ്റര്‍ അനധികൃത അരിഷ്ടവും 259 ലിറ്റര്‍ ഇന്ത്യന്‍ നിർമിത വിദേശമദ്യവും പിടികൂടി. മദ്യം, മയക്കുമരുന്ന് എന്നിവ കടത്തുന്നതിനായി ഉപയോഗിച്ച 10 വാഹനങ്ങളും പിടികൂടി.
പരിശോധനകൾ ശക്തമാക്കി ലഹരിവസ്തുക്കൾ കണ്ടെത്തുന്നത് തുടരുമെന്നും പൊതുജനങ്ങൾ പരാതികള്‍ അറിയിക്കണമെന്നും ജില്ല അസിസ്റ്റന്റ് എക്സൈസ് കമീഷണര്‍ വി. സുഭാഷ് അറിയിച്ചു. ലഹരി ബ്ലാക്ക് സ്പോട്ടുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനകളും ഓണാഘോഷ പരിപാടികളിൽ ഷാഡോ എക്സൈസിന്റെ നിരീക്ഷണവും ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.