കൊല്ലം: അരിക്കും പച്ചക്കറിക്കും മീനിനും മാംസത്തിനുമടക്കം നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കുന്നു. ആന്ധ്രയിലും തമിഴ്നാട്ടിലും മഴയിലുണ്ടായ കുറവ് വിളവിനെ ബാധിച്ചതാണ് പച്ചക്കറി വില കുതിക്കാൻ കാരണമെന്ന് കച്ചവടക്കാർ പറയുന്നു. ട്രോളിങ് നിരോധനംമൂലം മീൻ വരവ് നിലച്ചതും പച്ചക്കറി വിലയെ സ്വാധീനിച്ചിട്ടുണ്ട്. ഒപ്പം, മാംസ വില വർധിക്കാനും കാരണമായി.
ചിക്കൻ വില കിലോക്ക് 200 രൂപയായും പോത്തിന് 420 രൂപയായും വർധിച്ചു. ആട്ടിറച്ചി കിലോക്ക് 800-900 രൂപയിലേക്ക് എത്തി. തക്കാളി, ബീൻസ്, പാവക്ക, എന്നിവയുടെ വില കിലോക്ക് 100 രൂപയിലെത്തി. പച്ചമുളകിന് 160 രൂപയായി. സവോള 45ഉം ഉള്ളി 80ഉം വെളുത്തുള്ളി 200ഉം രൂപയിലെത്തി. കാരറ്റിന് 90 രൂപയാണ് വില. ഇഞ്ചിക്ക് കിലോക്ക് 220രൂപയാണ്. മുരിങ്ങക്കക്കും 250 രൂപയിലെത്തി വില.
ട്രോളിങ് നിരോധനത്തിനൊപ്പം വള്ളക്കാർക്ക് മീൻ കിട്ടാതെയായതോടെ മീനുകൾക്ക് വലിയ തോതിലാണ് വില കൂടിയത്. മത്തി വില 300ന് മുകളിലെത്തി. അയലക്കും ഈ വിലതന്നെ നൽകണം. കേര, ചൂര പോലുള്ള മീനുകളുടെ വില 700ന് മുകളിലെത്തി. ചെറിയ വള്ളങ്ങളിൽ പോകുന്നവർക്ക് കൂലി കൊടുക്കാനുള്ള തുകക്കുപോലും മീൻ ലഭിക്കുന്നില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്.
സംസ്ഥാനത്ത് ഏറ്റവും അധികം മത്സ്യം ലഭിച്ചിരുന്ന മേഖലയാണ് കൊല്ലം. എന്നാൽ, മൂന്നുമാസമായി മത്സ്യ ലഭ്യത കുറഞ്ഞതായി തൊഴിലാളികൾ പറയുന്നു. അരി, പലവ്യഞ്ചനങ്ങൾ എന്നിവയുടെ വിലയും ക്രമാതീതമായി വർധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.