കൊല്ലം: ഫൗണ്ടേഷന്റെ പേരിൽ തങ്ങളുടെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമമെന്ന് ആരോപിച്ച് മുൻ മന്ത്രിയും ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയുമായിരുന്ന ആർ.എസ്. ഉണ്ണിയുടെ ചെറുമക്കൾ രംഗത്ത്.
ആർ.എസ്. ഉണ്ണിയുടെ ഏകമകൾ ആർ. രമണിയുടെ മക്കളായ അമൃത വി. ജയ്, അഞ്ജന വി. ജയ് എന്നിവരാണ് പരാതിയുമായെത്തിയത്. ആർ.എസ്. ഉണ്ണി ഫൗണ്ടേഷന്റെ ഓഫിസ് എന്ന പേരിൽ ശക്തികുളങ്ങരയിലുള്ള തങ്ങൾക്ക് അവകാശപ്പെട്ട 24 സെൻറ് ഭൂമിയും വീടും കൈയേറി എന്നാണ് പരാതിയിൽ പറയുന്നത്.
ആർ.എസ്. ഉണ്ണിയുടെ അമ്മ ഗൗരിയമ്മയുടെ പേരിലുണ്ടായിരുന്ന ഭൂമി, അവരുടെ വിൽപത്രപ്രകാരം അദ്ദേഹത്തിനും തുടർഅവകാശികൾക്കും കൈവന്നതാണ്. ഏകമകൾ രമണിയെ 2012 മുതൽ കാണാതായതിനെ തുടർന്ന് 2019ൽ ആണ് അവകാശികളായ തങ്ങൾ സ്വത്തുവകകളിൽ അവകാശം സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതെന്ന് അഞ്ജന വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വസ്തു വിട്ടുതരണമെന്ന് ആവശ്യപ്പെട്ടിട്ട് അനുകൂല നിലപാട് ഉണ്ടാകാതിരുന്നതിനെ തുടർന്ന് ഡിസംബർ 31ന് വീട്ടിൽ കയറി താമസിക്കാൻ എത്തിയെങ്കിലും താക്കോൽ നൽകാൻ ഫൗണ്ടേഷൻ സെക്രട്ടറി തയാറായില്ല. പൂട്ട്പൊട്ടിച്ച് അകത്ത് കയറിയതോടെ ഭീഷണിയുമായി ഫൗണ്ടേഷൻ ഭാരവാഹികളും സംഘവും രംഗത്തെത്തിയതായും അഞ്ജന ആരോപിച്ചു. പൊലീസിനെ അറിയിച്ചെങ്കിലും അനുകൂല നടപടി സ്വീകരിച്ചില്ല. നഷ്ടപരിഹാരം നൽകിയാൽ മാത്രമേ ഫൗണ്ടേഷന്റെ സാധനങ്ങൾ മാറ്റി ഒഴിഞ്ഞുതരാനാകൂ എന്നാണ് ഇപ്പോൾ പറയുന്നതെന്നും അവർ പറഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രി, ജില്ല പൊലീസ് മേധാവി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയതായും അഞ്ജന അറിയിച്ചു.
കൊല്ലം: ആർ.എസ്. ഉണ്ണിയുടെ പേരിലുള്ള വസ്തു ഉപയോഗിച്ചതിൽ ഫൗണ്ടേഷന് ദുരുദ്ദേശ്യമില്ലെന്ന് സെക്രട്ടറി പ്രതികരിച്ചു. ആർ.എസ്. ഉണ്ണിയെപ്പോലൊരു പ്രമുഖ നേതാവ് താമസിച്ചിരുന്ന വീട് സംരക്ഷിക്കപ്പെടണമെന്ന താൽപര്യത്തിൽ സദുദ്ദേശ്യപരമായ കാര്യങ്ങൾ മാത്രമാണ് ഇക്കാലയളവിൽ ചെയ്തത്.
അതോടൊപ്പം വസ്തുവകകൾ അനന്തരാവകാശികൾക്ക് നിയമപരമായി തന്നെ എത്തണമെന്ന ആഗ്രഹമാണുള്ളത്. അതിനായി ശ്രമങ്ങൾ നടത്തുകയും ചെയ്തു. ഭാരവാഹികളും ആർ.എസ്.പിയും എം.പിയും ഈ താൽപര്യം സംരക്ഷിക്കാനാണ് ഒരേ മനസ്സോടെ നിലകൊള്ളുന്നതെന്നും സെക്രട്ടറി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.