പുനലൂർ: യാത്രക്കാർക്ക് കയറിയിറങ്ങാൻ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ന്യൂ ആര്യങ്കാവ് സ്റ്റേഷനിൽ സ്പെഷൽ ട്രെയിനിന് അനുവദിച്ച സ്റ്റോപ് ആര്യങ്കാവിലേക്ക് മാറ്റണമെന്ന ആവശ്യം ഉയരുന്നു. ശബരിമല തീർഥാടകരുടെ സൗകര്യാർഥം തുടങ്ങിയ എറണാകുളം -താംബരം ട്രെയിനിനാണ് എൻ.കെ. പ്രേമചന്ദ്രൻ എം.പി ഇടപെട്ട് ന്യൂ ആര്യങ്കാവിൽ സ്റ്റോപ് അനുവദിച്ചത്.
തമിഴ്നാടു നിന്നെത്തുന്ന അയ്യപ്പന്മാർക്ക് ആര്യങ്കാവ് ധർമശാസ്താ ക്ഷേത്രം സന്ദർശിക്കുന്നതിന് പ്രയോജനമാകുമെന്ന് കണ്ടായിരുന്നു ഇത്. എന്നാൽ, ക്ഷേത്രത്തിന് തൊട്ടടുത്ത് പ്ലാറ്റ്ഫോം അടക്കം മറ്റ് എല്ലാ സൗകര്യങ്ങളുമുള്ള ആര്യങ്കാവ് സ്റ്റേഷൻ ഒഴിവാക്കിയാണ് വളരെ ബുദ്ധിമുട്ടുള്ള ന്യൂ ആര്യങ്കാവിൽ സ്റ്റോപ് അനുവദിച്ചത്.
ഇവിടെ യാത്രക്കാർക്ക് ട്രെയിനിൽ കയറിയിറങ്ങാൻ സൗകര്യമായ പ്ലാറ്റ്ഫോം ഇല്ലാത്തത് അപകടഭീഷണിയാകും. കൂടാതെ സ്റ്റേഷനിൽ ഇറങ്ങി ഇവിടെനിന്ന് മൂന്ന് കിലോമീറ്ററോളം സഞ്ചരിച്ചാലേ ആര്യങ്കാവ് ക്ഷേത്രത്തിൽ എത്താനാകൂ.
മുമ്പ് പാലരുവി എക്സ്പ്രസിന് ന്യൂ ആര്യങ്കാവിൽ സ്റ്റോപ് ഉണ്ടായിരുന്നപ്പോൾ യാത്രക്കാർ ഏറെ പ്രയാസപ്പെട്ടിരുന്നു. ഇത് വഴിയുള്ള മറ്റ് എക്സ്പ്രസ് ട്രെയിനുകൾക്കും ന്യൂ ആര്യങ്കാവിൽ സ്റ്റോപ്പിന് എം.പി ആവശ്യപ്പെട്ടിട്ടുണ്ട്. യാത്രക്കാരുടെ സൗകര്യാർഥം ന്യൂ ആര്യങ്കാവിൽ പ്ലാറ്റ്ഫോം നിർമിക്കാൻ നടപടി ഉണ്ടാകണമെന്ന ആവശ്യവുമുയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.